കണ്ണൂര്‍:പാട്യം മുതിയങ്ങ വയലില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട മൊകേരി വള്ള്യായിയിലെ എ.കെ ശ്രീധരന്റെ (75) കുടുംബത്തിന് 10 ലക്ഷം രൂപ വനം, വന്യജീവി വകുപ്പ് അനുവദിച്ചെന്ന് വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ അറിയിച്ചതായി കെ.പി മോഹനന്‍ എം.എല്‍.എ പറഞ്ഞു. ആദ്യ ഗഡു സംസ്‌കാരത്തിന് ശേഷം കണ്ണൂര്‍ ഡിഎഫ്ഒ എസ്. വൈശാഖ് കുടുംബത്തിന് കൈമാറും.

ഞായറാഴ്ച രാവിലെ ഒന്‍പത് മണിയോടെ കൃഷിയിടത്തില്‍ വെച്ചാണ് കാട്ടുപന്നി ആക്രമിച്ചത്. പരിക്കേറ്റ ശ്രീധരനെ തലശ്ശേരി ഇന്ദിരാ ഗാന്ധി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഇന്‍ക്വസ്റ്റിന് ശേഷം മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടം നടത്തി. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പില്‍ നടക്കും.