- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാനുള്ള അനുമതി നീട്ടി; ഉത്തരവ് മൂന്നു മാസത്തിലൊരിക്കല്‍ സര്‍ക്കാര്‍ തലത്തില്‍ പുനഃപരിശോധിക്കും
കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാനുള്ള അനുമതി നീട്ടി

കാളികാവ്: ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന കാട്ടുപന്നികളെ വെടിവെച്ചു കൊല്ലാന്‍ ഒരു വര്‍ഷത്തേക്ക് കൂടി അനുമതി. മേയ് 28ന് തീരുന്ന കാലാവധിയാണ് ഒരു വര്‍ഷത്തേക്ക് കൂടി നീട്ടിയത്. ഈ ഉത്തരവ് മൂന്നു മാസത്തിലൊരിക്കല്‍ സര്‍ക്കാര്‍ തലത്തില്‍ പുനഃപരിശോധനക്ക് വിധേയമാക്കാന്‍ ബന്ധപ്പെട്ടവര്‍ നടപടി സ്വീകരിക്കണം. ഇപ്രകാരം വെടിവെച്ചുകൊല്ലുന്നന്ന കാട്ടുപന്നികളെ സംബന്ധിച്ച വിശദവിവരം ഓരോ മാസാവസാനവും ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനം ഏറ്റവും അടുത്തുള്ള റെയിഞ്ച് ഫോറസ്റ്റ് ഓഫിസില്‍ അറിയിക്കണമെന്നും ഉത്തരവില്‍ പറയുന്നു.
നേരത്തെ കര്‍ഷകര്‍ സ്വന്തം നിലയില്‍ ചെലവ് വഹിച്ചാണ് സര്‍ക്കാര്‍ ഉത്തരവ് പ്രകാരം പന്നികളെ കൊന്നിരുന്നത്. പിന്നീട് ഒരു പന്നിയെ വെടി വെക്കാന്‍ 1000 രൂപയും സംസ്‌കരിക്കാന്‍ 1500 രൂപയും പഞ്ചായത്തുകള്‍ക്ക് ചെലവഴിക്കാന്‍ അനുമതി നല്‍കി. എന്നാല്‍, ഇതനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ചില പഞ്ചായത്തുകള്‍ വിമുഖത കാണിക്കുന്നതായി കര്‍ഷകര്‍ക്ക് പരാതിയുണ്ട്.
പന്നികളെ വെടിവെക്കാന്‍ പഞ്ചായത്തില്‍ അപേക്ഷ നല്‍കണം. എന്നാല്‍, ഈ അപേക്ഷ യഥാസമയം പരിശോധിക്കപ്പെടുന്നില്ല. ഇതു കാരണം കഴിഞ്ഞ വര്‍ഷം പല പഞ്ചായത്തുകളിലും പന്നിവേട്ട നടന്നിട്ടില്ല. അത്തരം സ്ഥലങ്ങളില്‍ പന്നിക്കൂട്ടങ്ങള്‍ ക്രമാതീതമായി വര്‍ധിക്കാനിടയായി.
കിഴക്കന്‍ മലയോര മേഖലയില്‍ പന്നിയാക്രമണത്തില്‍ മരണപ്പെട്ടവരും കിടപ്പിലായവരും ഒട്ടേറെയുണ്ട്. പന്നിശല്യം കാരണം കൃഷി പാടെ ഉപേക്ഷിച്ച കര്‍ഷകര്‍ക്ക് കണക്കില്ല. സര്‍ക്കാര്‍ ഉത്തരവ് അനുസരിച്ച് വെടിവെക്കാനുള്ള അനുമതിയും സംസ്‌കരണ ചെലവും വേഗത്തില്‍ ലഭ്യമാക്കണമെന്ന് കര്‍ഷകര്‍ പറയുന്നു. പന്നികളെ വെടിവെക്കാന്‍ അനുമതി നല്‍കുന്നതിന് പഞ്ചായത്ത് പ്രസിഡന്റിനെയാണ് അധികാരപ്പെടുത്തിയിട്ടുള്ളത്.


