വയനാട്: വടക്കനാട് ജനവാസ മേഖലയിൽ ഭീതി പരത്തുന്ന കാട്ടാനയെ പിടികൂടാനുള്ള വനംവകുപ്പിന്റെ ദൗത്യം ആറാം ദിവസവും തുടർന്നു. എന്നാൽ, ഇന്നത്തെ ശ്രമത്തിലും കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടാൻ സാധിച്ചില്ല. സാഹചര്യങ്ങൾ അനുകൂലമാകാത്തതിനെ തുടർന്നാണ് ഇന്നത്തെ ദൗത്യം വൈകുന്നേരത്തോടെ അവസാനിപ്പിച്ചത്.

യുവകർഷകനായ രജീവിനെ കാട്ടാന ആക്രമിച്ചു കൊലപ്പെടുത്തിയതിനെ തുടർന്ന് പ്രദേശത്ത് ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് കുങ്കിയാനകളെ അടക്കം ഉപയോഗിച്ച് കാട്ടാനയെ പിടികൂടാനുള്ള ദൗത്യം ആരംഭിച്ചത്. വയനാട് ആർ.ആർ.ടി. (റാപ്പിഡ് റെസ്‌പോൺസ് ടീം) സംഘമാണ് കാട്ടാനയെ പിടികൂടാനുള്ള ദൗത്യത്തിന് നേതൃത്വം നൽകുന്നത്.

വള്ളുവാടി വനമേഖലയിൽ രാവിലെ ആറു മണിയോടെ ദൗത്യസംഘം ആനയെ കണ്ടെത്തിയിരുന്നു. എങ്കിലും മയക്കുവെടി വെക്കാൻ തക്ക സാഹചര്യങ്ങൾ ഇല്ലാത്തതിനാൽ വെടിവെക്കാനായില്ല. കഴിഞ്ഞ ദിവസവും കാട്ടാനയ്ക്കുനേരെ മയക്കുവെടി വെച്ചിരുന്നെങ്കിലും അത് ലക്ഷ്യം കണ്ടിരുന്നില്ല. അനുകൂലമായ സാഹചര്യങ്ങളിൽ കാട്ടാനയെ മയക്കുവെടി വെക്കുമെന്നും ദൗത്യം നാളെയും തുടരുമെന്നും വനംവകുപ്പ് അറിയിച്ചു.