- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂന്നാറിനെ വിറപ്പിച്ച് വീണ്ടും ഒറ്റക്കൊമ്പനും പടയപ്പയും; കൃഷി നശിപ്പിച്ചും ജനങ്ങള്‍ക്ക് നേരെ പാഞ്ഞടുത്തും കാട്ടാനകളുടെ വിളയാട്ടം
മൂന്നാറിനെ വിറപ്പിച്ച് വീണ്ടും ഒറ്റക്കൊമ്പനും പടയപ്പയും; കൃഷി നശിപ്പിച്ചും ജനങ്ങള്‍ക്ക് നേരെ പാഞ്ഞടുത്തും കാട്ടാനകളുടെ വിളയാട്ടം
മൂന്നാര്‍: മൂന്നാറിലെ ജനങ്ങളെ വീണ്ടും ഭീതിയിലാഴ്ത്തി പടയപ്പയും ഒറ്റക്കൊമ്പനും. കൃഷി നശിപ്പിച്ചും തൊഴിലാളികള്‍ക്ക് നേരെ പാഞ്ഞടുത്തും ഭീതി പരത്തുകയാണ് കാട്ടാനകള്‍. സൈലന്റ് വാലി എസ്റ്റേറ്റിലെ ജനവാസ മേഖലയില്‍ ഇറങ്ങിയ പടയപ്പ കൃഷി നശിപ്പിച്ചു. സൈലന്റ് വാലി രണ്ടാം ഡിവിഷനിലെ ഗണപതിയമ്മാള്‍, സെല്‍വരാജ് എന്നിവരുടെ കൃഷിയാണ് നശിപ്പിച്ചത്. ഞായറാഴ്ച രാത്രിയിലാണ് സംഭവം. വാഴ, പച്ചക്കറി തുടങ്ങിയ കൃഷികളാണ് നശിപ്പിച്ചത്. സെല്‍വരാജിന്റെ വീടിന് മുമ്പില്‍ ഉണ്ടായിരുന്ന വേലി തകര്‍ത്താണ് പടയപ്പ കൃഷിസ്ഥലത്ത് കയറിയത്.
മണിക്കൂറുകളോളം തൊഴിലാളിലയങ്ങള്‍ക്ക് സമീപം നടന്ന ആന പ്രദേശത്ത് ഭീതി പരത്തി. നാട്ടുകാര്‍ വിരട്ടിയോടിക്കാന്‍ ശ്രമിച്ചെങ്കിലും പിന്‍വാങ്ങിയില്ല. തിങ്കളാഴ്ച പുലര്‍ച്ചയോടെ ആന കാട്ടിലേക്ക് മടങ്ങി.
അതേസമയം മൂന്നാര്‍ പഞ്ചായത്തിന്റെ നല്ലതണ്ണി കല്ലാറിലെ മാലിന്യസംസ്‌കരണ കേന്ദ്രത്തിലെ തൊഴിലാളികള്‍ക്ക് നേരെ ഒറ്റക്കൊമ്പന്‍ എന്ന കാട്ടാന പാഞ്ഞടുത്തു. തിങ്കളാഴ്ച രാവിലെ 8.30- ന് ആണ് സംഭവം. തീറ്റ തേടിയാണ് ഇത് മാലിന്യസംസ്‌കരണ കേന്ദ്രത്തിന് സമീപം എത്തിയത്. പ്ലാന്റിന് പുറത്ത് ജോലി ചെയ്തിരുന്ന തൊഴിലാളികള്‍ക്ക് സമീപം ആന എത്തിയതോടെ ഇവര്‍ പ്ലാന്റ് കെട്ടിടത്തിനുള്ളിലേക്ക് ഓടി രക്ഷപ്പെട്ടു.
ഒറ്റക്കൊമ്പന്‍ പലതവണ ഈ പ്ലാന്റില്‍ ആക്രമണം നടത്തിയിട്ടുണ്ട്. തൊഴിലാളികള്‍ ഭീതിയിലാണ്. സംസ്‌കരിക്കുന്നതിനായി പ്ലാന്റില്‍ എത്തിക്കുന്ന പച്ചക്കറി മാലിന്യമാണ് ആനകള്‍ തിന്നുന്നത്. ഗേറ്റിനു പുറത്ത് മാലിന്യം കൂട്ടിയിടുന്നതാണ് ആനകളെ പ്രദേശത്തേക്ക് ആകര്‍ഷിക്കുന്നത്. ആനശല്യം നിയന്ത്രിക്കുന്നതിനായി പ്ലാന്റിന് ചുറ്റും സൗരവേലി സ്ഥാപിക്കണമെന്ന് വനംവകുപ്പ് നിര്‍ദ്ദേശം നല്‍കിയിരുന്നു.