എടത്വാ: തലവടിയില്‍ വിസാ തട്ടിപ്പിന് ഇരയായ യുവതി ജീവനൊടുക്കി. തലവടി സൗത്ത് മാളിയേക്കല്‍ ശരണ്യയാ(34)ണ് തൂങ്ങിമരിച്ചത്. വിദേശത്ത് ജോലിക്കുപോകാനിരുന്ന യുവതി വിസ തട്ടിപ്പിനിരയായെന്നു മനസ്സിലായതോടെ ആത്മഹത്യയ്ക്ക് ശ്രമിക്കുക ആയിരുന്നു. ഭാര്യയുടെ വിയോഗം താങ്ങാനാകാതെ ഭര്‍ത്താവ് ആത്മഹത്യാശ്രമം നടത്തിയെങ്കിലും പോലീസിന്റെ സമയോചിത ഇടപെടലില്‍ രക്ഷപ്പെട്ടു. ശനിയാഴ്ച വൈകീട്ടാണ് സംഭവം.

ശരണ്യ വിദേശത്താണ് ജോലി ചെയ്തിരുന്നത്. അടുത്തിടെ നാട്ടിലെത്തിയശേഷം പുതിയ വിസയില്‍ വിദേശത്തേക്കു പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. പാലാ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വ്യക്തിക്ക് വിസയ്ക്കും വിമാന ടിക്കറ്റിനുമുള്ള പണം കൈമാറിയിരുന്നതായാണ് സൂചന. താന്‍ തട്ടിപ്പിനിരയായെന്നു മനസ്സിലാക്കിയ ശരണ്യ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിക്കുകയായിരുന്നു. നാട്ടുകാര്‍ ശരണ്യയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് പോലീസ് സംഭവസ്ഥലത്തെത്തി ശരണ്യയുടെ ഭര്‍ത്താവിനോട് വിവരങ്ങള്‍ അന്വേഷിച്ചറിഞ്ഞു.

പോലീസ് നാട്ടുകാരുമായി ആശയവിനിമയം നടത്തുന്നതിനിടെ ശരണ്യയുടെ ഭര്‍ത്താവ് വീടിനുള്ളില്‍ക്കടന്ന് വാതില്‍ പൂട്ടിയശേഷം കഴുത്തില്‍ കുടുക്കിട്ട് തൂങ്ങിമരിക്കാന്‍ ശ്രമം നടത്തി. കൃത്യ സമയത്ത് തന്നെ പോലീസും നാട്ടുകാരും ചേര്‍ന്ന് വാതില്‍ തകര്‍ത്ത് അകത്തുകടന്നശേഷം കുടുക്കറുത്തുമാറ്റി ആശുപത്രിയിലെത്തിച്ചതിനാല്‍ രക്ഷപ്പെട്ടു. ഏഴുവര്‍ഷം മുന്‍പ് വിവാഹിതരായെങ്കിലും ഇവര്‍ക്കു മക്കളില്ല.

പാലാ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഈ വ്യക്തി തലവടിയിലെ പലരുടെ കൈയില്‍നിന്നും വിസയ്ക്ക് പണംവാങ്ങിയതായും സൂചനയുണ്ട്. ഏജന്‍സിയെക്കുറിച്ച് കൂടുതല്‍ അന്വേഷണം എടത്വാ പോലീസ് എസ്.ഐ. എന്‍. രാജേഷിന്റെ നേതൃത്വത്തിലാരംഭിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കുശേഷം ബന്ധുക്കള്‍ക്കു വിട്ടുനല്‍കി. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പില്‍.