ആറന്മുള: പത്തനംതിട്ട മാലക്കരയിൽ പമ്പയാറ്റിൽ ഭാര്യയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ യുവാവ് മുങ്ങി മരിച്ചു. ഹരിപ്പാട് സ്വദേശി വിഷ്ണു ഭാസ്കരൻ (42) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെയാണ് ദാരുണമായ സംഭവം നടന്നത്.

ആറന്മുള വള്ളസദ്യയിൽ പങ്കെടുത്ത ശേഷം മടങ്ങിവരികയായിരുന്ന വിഷ്ണുവും ഭാര്യ രേഖയും കുടുംബാംഗങ്ങളും മാലക്കര പള്ളിയോടക്കടവിൽ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്. കുളിക്കാനിറങ്ങവേ ഭാര്യ രേഖ ഉൾപ്പെടെ മൂന്നുപേർ ശക്തമായ ഒഴുക്കിൽപ്പെട്ടതോടെ, വിഷ്ണു ഭാര്യയെ രക്ഷിക്കാനായി പുഴയിലേക്ക് ചാടുകയായിരുന്നു.

വിഷ്ണുവിന്റെ മകൻ അദ്വൈതിനെ (13) പിതാവ് തന്നെ രക്ഷപ്പെടുത്തി. എന്നാൽ, ശക്തമായ ഒഴുക്കിൽപ്പെട്ട വിഷ്ണുവിനെ കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് നടത്തിയ തിരച്ചിലിൽ 20 മീറ്റർ താഴെനിന്നാണ് വിഷ്ണുവിൻ്റെ മൃതദേഹം കണ്ടെത്തിയത്. വിഷ്ണുവിൻ്റെ ഭാര്യ രേഖയെ മറ്റ് ബന്ധുക്കൾ രക്ഷപ്പെടുത്തി. ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് ജീവനക്കാരനായിരുന്നു വിഷ്ണു. വിഷ്ണു ഭാസ്കരൻ്റെ ഭാര്യ അധ്യാപികയാണ്. ഭാസ്കരപ്പിള്ളയും വസന്തകുമാരിയുമാണ് മാതാപിതാക്കൾ. മകൾ ഋതുഹാരയാണ്.