- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാറിലെത്തിയ സംഘം യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ചു; കാർ അടിച്ചു തകർത്തു; പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കി പോലീസ്
കോഴിക്കോട്: താമരശ്ശേരിയിൽ കാറിലെത്തിയ സംഘം യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ചു. താമരശ്ശേരി അമ്പായത്തോട് സ്വദേശി അറമുക്ക് മുഹമ്മദ് ജിനീഷിനാണ് താഴെ പരപ്പൻപൊയിലിൽ വെച്ച് കുത്തേറ്റത്. ഇയാളെ ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശരീരമാസകലം കുത്തേറ്റ നിലയിലാണ് ഇയാളെ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചിരിക്കുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
കോഴിക്കോട് ഭാഗത്ത് നിന്ന് എത്തിയ സംഘമാണ് മുഹമ്മദ് ജിനീഷിനെ അക്രമിച്ചത്. ആക്രമണത്തിൽ ഇയാളുടെ കാറും തകർത്തു. പ്രാഥമിക ചികിത്സയ്ക്കായി മുഹമ്മദ് ജിനീഷിനെ ആദ്യം താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നില അതീവ ഗുരുതരമായതിനാൽ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
മുഹമ്മദ് ജിനീഷ് മയക്കുമരുന്ന് വിതരണ സംഘവുമായി ബന്ധമുള്ളയാളാണെന്നും, തട്ടിക്കൊണ്ടുപോകൽ, സാമ്പത്തിക തട്ടിപ്പ് തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണെന്നും പോലീസ് അറിയിച്ചു. ഇയാളുടെ കൈവശം ആക്രമണത്തിന് ഉപയോഗിച്ച കത്തി ഉണ്ടായിരുന്നതായും പോലീസ് കണ്ടെടുത്തു.
അക്രമികളിൽ ഒരാളെ പോലീസ് ഇതിനോടകം പിടികൂടിയിട്ടുണ്ടെന്ന് വിവരമുണ്ട്. ആക്രമണത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്നും സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.