മലപ്പുറം: സ്ക്കൂട്ടറിൽ ചാക്കിൽ കെട്ടി കടത്തുകയായിരുന്ന ഒരു കോടി രൂപയിലേറെ വരുന്ന കുഴൽപണം പൊലീസ് പിടികൂടി. കൊടുവള്ളി സ്വദേശി മുഹമ്മദ് മുനീറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഓണക്കാലമായതിനാൽ സംശയം തോന്നാതിരിക്കാൻ വാഴക്കുല ചാക്കിൽ കെട്ടി കൊണ്ടുപോകുന്ന രീതിയിലാണ് പണം കടത്തിയത്. വേങ്ങരയ്ക്കടുത്ത് കൂരിയാട് വെച്ചാണ് മുനീറിനെ പോലീസ് പിടികൂടിയത്.

സ്ക്കൂട്ടറിൻ്റെ മുന്നിൽ ചാക്കിലാക്കിയ നിലയിലായിരുന്നു പണം. സംശയം തോന്നിയതിനെത്തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് കോടികൾ വിലമതിക്കുന്ന പണം കണ്ടെത്തിയത്. ചാക്കിൽ കൂടാതെ സ്ക്കൂട്ടറിൻ്റെ സീറ്റിനടിയിലും പണം സൂക്ഷിച്ചിരുന്നു. പിടിച്ചെടുത്ത പണത്തിൽ ഭൂരിഭാഗവും 500 രൂപയുടെയും 200 രൂപയുടെയും നോട്ടുകെട്ടുകളായിരുന്നു.

സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മുഹമ്മദ് മുനീർ കടത്തിയ പണത്തിന്റെ സ്രോതസ്സ് കണ്ടെത്താനാകും പൊലീസ് ശ്രമിക്കുക. ഇതിൻ്റെ ഉറവിടം, ഇടപാടുകൾ എന്നിവയെല്ലാം അന്വേഷണ പരിധിയിൽ വരും. വലിയ അളവിലുള്ള കുഴൽപണം പിടികൂടിയ സംഭവം അതീവ ഗൗരവത്തോടെയാണ് പൊലീസ് കാണുന്നത്.