തിരുവനന്തപുരം: കയ്യിലിരുന്ന സിഗരറ്റ് തട്ടിക്കളഞ്ഞ പോലീസുകാരെ ആക്രമിച്ച യുവാവ് പിടിയിൽ. പോലീസ് ജീപ്പ് പിന്തുടർന്നെത്തിയ പ്രതി ഉദ്യോഗസ്ഥരെ ഹെൽമെറ്റ് കൊണ്ടടിക്കുകയായിരുന്നു. സംഭവത്തിൽ കുളത്തൂർ മൺവിള സ്വദേശി റയാൻ ബ്രൂണോ(19) ആണ് അറസ്റ്റിലായത്. ഇന്നലെയാണ് സംഭവമുണ്ടായത്. കഴക്കൂട്ടം തൃപ്പാദപുരത്ത് പൊതു സ്ഥലത്ത് പുകവലിച്ചത് കണ്ട് പോലീസ് വാഹനം നിറുത്തി സിഗററ്റ് കളയാൻ ആവശ്യപ്പെട്ടിട്ടും ഇയാൾ കൂട്ടാക്കിയില്ല. തുടർന്ന് കൈയിലിരുന്ന സിഗരറ്റ് ബലമായി തട്ടിക്കളഞ്ഞ ശേഷം പിഴ നൽകി പോലീസ് മടങ്ങുകയായിരുന്നു. ഇതിൽ പ്രകോപിതനായായിരുന്നു പോലീസുകാർക്ക് നേരെയുള്ള അക്രമം.

പിന്നീടാണ് ഇയാൾ കഴക്കൂട്ടത്ത് വച്ച് പോലീസ് വാഹനം തടഞ്ഞത്. ഈ സമയത്ത് ഇയാളുടെ മാതാവും കൂടെയുണ്ടായിരുന്നു. കൈയിലുണ്ടായിരുന്ന ഹെൽമെറ്റ് കൊണ്ടായിരുന്നു ആക്രമണം. പോലീസ് ജീപ്പിലും ജീപ്പിലിരിക്കുകയായിരുന്ന സിപിഒ രതീഷിൻ്റെ മുഖത്തും ഇയാൾ അടിക്കുകയായിരുന്നു. ഇത് തടയാൻ ശ്രമിച്ച സിപിഒ വിഷ്ണുവിനെയും പ്രതി ഹെൽമെറ്റ് കൊണ്ടടിച്ചു. പോലീസുകാരായ രതീഷിന് മുഖത്തും വിഷ്ണുവിന് തോളിലുമാണ് അടിയേറ്റത്. തുടർന്ന് മറ്റു പോലീസുകാരും ചേർന്ന് ഇയാളെ സാഹസികമായി പിടികൂടുകയായിരുന്നു. ഡ്യൂട്ടി തടസ്സപ്പെടുത്തിയതിനും ശാരീരികമായി ആക്രമിച്ചതിനും ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.