പത്തനംതിട്ട: പൊട്ടിവീണ വൈദ്യുത കമ്പി കഴുത്തില്‍ കുടുങ്ങി ബൈക്ക് യാത്രക്കാരന് പരുക്ക്. തുവയൂര്‍ സൗത്ത് സ്വദേശി റോയി(43)ക്കാണ് പരുക്കേറ്റത്. ബുധനാഴ്ച ഉച്ചക്ക് രണ്ടു മണിയോടെ ഓമല്ലൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജംഗ്ഷന് സമീപമാണ് സംഭവം. റോയി ബൈക്കില്‍ പത്തനംതിട്ടയിലേക്ക് വരുമ്പോഴാണ് വൈദ്യുതിലൈന്‍ പൊട്ടിവീണത്.

അറ്റകുറ്റപ്പണിക്ക് ലൈന്‍ ഓഫായിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി. രാവിലെ മുതല്‍ ഓമല്ലൂര്‍ ഭാഗത്ത് വൈദ്യത ലൈന്‍ അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ട് ലൈന്‍ ഓഫായിരുന്നു. സമീപത്തെ തെങ്ങിന്റെ ഓല വീണാണ് ലൈനില്‍ പൊട്ടി വീണതെന്ന് പറയുന്നു. ബൈക്കില്‍ നിന്നും നിയന്ത്രണം വിട്ട് യാത്രക്കാരന്‍ റോഡില്‍ വീണു. ഉടന്‍ തന്നെ നാട്ടുകാര്‍ ചേര്‍ന്ന് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴുത്തിനാണ് പരുക്ക്.