- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ദുരിതങ്ങള്‍ വിവരിച്ച് മുഖ്യമന്ത്രിക്ക് കത്ത് എഴുതി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷന്; മറുപടി വന്നത് ആറു വര്‍ഷങ്ങള്‍ക്ക് ശേഷം
കോട്ടയം: മുഖ്യമന്ത്രിക്കു നല്കിയ അപേക്ഷയില്‍ മറുപടി വന്നത് ആറു വര്‍ഷത്തിനു ശേഷം. കേരള ഗവ. പ്രൈമറി സ്കൂള്‍ ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷന് നല്കിയ അപേക്ഷയിലാണ് ആറു വര്‍ഷത്തിന് ശേഷം മറുപടി ലഭിച്ചത്. പ്രൈമറി സ്കൂളുകളില്‍ ക്ലാസെടുക്കുന്ന സാഹചര്യവും പ്രധാനാധ്യാപകര്‍ ചെയ്തുതീര്‍ക്കേണ്ട ജോലികളും വിവരിച്ച് 2018 മേയ് 11നാണ് അസോസിയേഷന് മുഖ്യമന്ത്രിക്ക് അപേക്ഷ നല്‍കിയത്. 2024 മേയ് 27നു മറുപടി കിട്ടി. അപേക്ഷ പരിഗണിക്കുന്നതായും ബന്ധപ്പെട്ട വകുപ്പുകള്‍ക്കു നടപടി സ്വീകരിക്കുന്നതിനു നിര്‍ദേശം നല്‍കിയെന്നുമാണു മറുപടിയിലുള്ളത്.
പ്രൈമറി സ്കൂളുകളിലെ പ്രധാനാധ്യാപകരുടെ ദുരിതങ്ങള്‍ വിവരിച്ചാണു ആറു വര്‍ഷം മുമ്പ് സംഘടന മുഖ്യമന്ത്രിക്ക് അപേക്ഷ നല്‍കിയത്. വിദ്യാഭ്യാസ വകുപ്പില്‍ നിന്നു വരുന്ന സന്ദേശങ്ങളുടെ മറുപടി ദിവസവും തയാറാക്കുന്നതു മുതല്‍ ഉച്ചക്കഞ്ഞി വിതരണത്തിലെ അരി സ്റ്റോക്കെടുക്കലും പച്ചക്കറി വാങ്ങലും വരെ പ്രധാനാധ്യാപകരുടെ ചുമതലയാണ്. ഇതിനിടയില്‍ ട്രഷറിയില്‍ പോകണം. അധ്യാപകരുടെ ശമ്പളക്കാര്യത്തിലും ഇടപെടണം. ഇതിനു പുറമേ ആരോഗ്യ, തദ്ദേശ വകുപ്പുകള്‍ വിളിക്കുന്ന യോഗങ്ങളില്‍ പങ്കെടുക്കുകയും വേണം. ഇതിനെല്ലാമിടയില്‍ ടൈംടേബിള്‍ പ്രകാരം ക്ലാസെടുക്കുകയും വേണം. ഈ സാഹചര്യം വിവരിച്ചാണ് അസോസിയേഷന് മുഖ്യമന്ത്രിക്കു നിവേദനം കൊടുത്തത്.