ന്യൂഡല്‍ഹി: മലയാളിയായ ജസ്റ്റിസ് കെ വിനോദ് ചന്ദ്രന്‍ സുപ്രീം കോടതി ജഡ്ജിയാകും. കൊളീജിയത്തിന്റെ ശുപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു. നിയമന ഉത്തരവില്‍ രാഷ്ട്രപതി ഒപ്പുവച്ചു. പട്‌ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്നു ജസ്റ്റിസ് വിനോദ് ചന്ദ്രന്‍.

ഈ മാസം ഏഴിന് സുപ്രീം കോടതിയുടെ കൊളീജിയം ജസ്റ്റിസ് വിനോദ് ചന്ദ്രന്റെ പേര് ശുപാര്‍ശ ചെയ്തിരുന്നു. ജസ്റ്റിസ് വിനോദ് ചന്ദ്രന്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കുന്നതോടെ സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം 33 ആകും. ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെ 34 ജഡ്ജിമാരാണ് സുപ്രീം കോടതിയില്‍ ഉണ്ടാകുക.

2011 നവംബര്‍ എട്ടിന് കേരള ഹൈക്കോടതി ജഡ്ജിയായാണ് ജസ്റ്റിസ് വിനോദ് ചന്ദ്രന്‍ നിയമിതനാകുന്നത്. 11 വര്‍ഷത്തിലധികം നീണ്ട സേവനത്തിന് ശേഷം 2023 മാര്‍ച്ച് 29ന് പട്‌ന ഹൈക്കോടതി ചീഫ് ജസ്റ്റിസായി. ഒരു വര്‍ഷത്തിലധികം ഹൈക്കോടതി ചീഫ് ജസ്റ്റിസായി തുടരുന്നതിനിടെയാണ് സുപ്രീം കോടതിയിലേക്കുള്ള നിയമനം. ഹൈക്കോടതി ജഡ്ജിയായും ചീഫ് ജസ്റ്റിസായും ദീര്‍ഘകാലം സേവനമനുഷ്ഠിച്ച ജസ്റ്റിസ് വിനോദ് ചന്ദ്രന്‍ നിയമത്തിന്റെ വിവിധ മേഖലകളില്‍ ശ്രദ്ധേയമായ അനുഭവം നേടിയിട്ടുണ്ടെന്ന് കൊളീജിയത്തിന്റെ പ്രമേയത്തിലുണ്ടായിരുന്നു.

സുപ്രീംകോടതി ജഡ്ജിമാരില്‍ കേരളത്തില്‍നിന്നുള്ളവര്‍ ഇല്ലാത്ത സാഹചര്യം കൊളീജിയം പരിഗണിച്ചു. മലയാളിയായ ജഡ്ജി സി.ടി.രവികുമാര്‍ കഴിഞ്ഞയാഴ്ച വിരമിച്ചിരുന്നു.