കൊച്ചി: ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതി റിതുവിന്റെ വീട് നാട്ടുകാര്‍ അടിച്ചുതകര്‍ത്തു. സംഘര്‍ഷാവസ്ഥ ഉടലെടുത്തതിനെത്തുടര്‍ന്ന് പൊലീസ് സംഭവസ്ഥലത്തെത്തിയാണ് വീടിന് മുന്നില്‍ നിന്നും നാട്ടുകാരെ മാറ്റിയത്. പ്രദേശത്ത് കനത്ത പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഞായറാഴ്ച വൈകിട്ട് 6 മണിയോടെയാണ് സംഭവം. വീടിന്റെ ജനല്‍ ചില്ലുകളും സിറ്റൗട്ടിന്റെ ഒരു ഭാഗവുമാണ് തകര്‍ത്തത്. ഈ വീട്ടില്‍ റിതുവിന്റെ മാതാപിതാക്കളാണ് താമസിച്ചിരുന്നത്. എന്നാല്‍, കൊലക്കേസില്‍ റിതു പ്രതിയായതിനെത്തുടര്‍ന്ന് ഇവര്‍ ഇവിടെ നിന്നു ബന്ധുവീട്ടിലേക്ക് താമസം മാറിയിരുന്നു. വിവരമറിഞ്ഞു സ്ഥലത്തെത്തിയ പൊലീസ് അന്വേഷണം നടത്തി രണ്ടു പേരെ കസ്റ്റഡിയില്‍ എടുത്തു.

കഴിഞ്ഞ ദിവസമാണ് ചേന്ദമംഗലത്ത് നാടിനെ നടുക്കിയ കൂട്ടക്കൊല നടന്നത്. പേരേപ്പാടം കാട്ടിപ്പറമ്പില്‍ വേണു (69), ഭാര്യ ഉഷ (62), മകള്‍ വിനീഷ (32) എന്നിവരാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. ഇവരുടെ അയല്‍വാസിയാണ് റിതു. ഇയാളുടെ ആക്രമണത്തില്‍ ജിതിന് തലയ്ക്ക് സാരമായി പരിക്കേറ്റു. ജിതിന്‍ നിലവില്‍ ചേന്ദമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.