തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസുകളുടെ കാലാവധി നീട്ടി ഗതാഗതവകുപ്പ്. ഈ മാസം 30ന് 15 വര്‍ഷം പൂര്‍ത്തിയാവുന്ന ബസുകളുടെ കാലാവധിയാണ് രണ്ട് വര്‍ഷത്തേക്ക് കൂടി നീട്ടിയത്. കെഎസ്ആര്‍ടിസി ബസുകള്‍ പെട്ടെന്ന് പിന്‍വലിച്ചാലുണ്ടാവുന്ന യാത്രാക്ലേശം പരിഗണിച്ചാണ് സര്‍ക്കാര്‍ നടപടി.

1117 ബസുകളുടെ കാലാവധിയാണ് നീട്ടി നല്‍കിയത്. ഇതു കൂടാതെ കെഎസ്ആര്‍ടിസിയുടെ മറ്റ് 153 വാഹനങ്ങളുടെ കാലാവധിയും നീട്ടി നല്‍കി. 15 വര്‍ഷത്തിലധികം ഓടിയ കെഎസ്ആര്‍ടിസി വാഹനങ്ങളുടെ കാലാവധി നേരത്തെ സെപ്റ്റംബര്‍ 30 വരെ നീട്ടിയിരുന്നു. ഇതാണ് വീണ്ടും നീട്ടിനല്‍കിയത്.

രണ്ട് വര്‍ഷത്തേക്കു കൂടി കാലാവധി നീട്ടണമെന്ന് കെഎസ്ആര്‍ടിസി മാനേജിങ് ഡയറക്ടര്‍ സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചിരുന്നു. അല്ലാത്തപക്ഷം സെപ്റ്റംബര്‍ 30ന് ശേഷം കോര്‍പറേഷന്റെ 1270 വാഹനങ്ങള്‍ (1117 ബസുകള്‍, 153 മറ്റു വാഹനങ്ങള്‍) നിരത്തിലിറക്കാന്‍ കഴിയാതെ വന്‍ പ്രതിസന്ധിക്കിടയാക്കുമെന്നും കെഎസ്ആര്‍ടിസിയുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.

രജിസ്ട്രേഷന്‍ റദ്ദാക്കുന്ന വാഹനങ്ങള്‍ക്കു പകരം പുതിയ വാഹനങ്ങള്‍ വാങ്ങാനുള്ള ധനസഹായം അനുവദിച്ചിട്ടില്ല എന്നതും സ്വകാര്യ ബസുകളുടെ കാലാവധി 22 വര്‍ഷമായി സര്‍ക്കാര്‍ ഉയര്‍ത്തിനല്‍കിയതും കൂടി പരിഗണിച്ച് കെഎസ്ആര്‍ടിസിയുടെ കാലാവധി നീട്ടണമെന്നും എം.ഡി ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിച്ചാണ് തീരുമാനമെന്നും ഉത്തരവില്‍ പറയുന്നു.