കൊച്ചി: നെടുമ്പാശ്ശേരിയിലേക്ക് അനധികൃതമായി എത്തിച്ച അപൂര്‍വഇനം പക്ഷികളെ തിരിച്ചയച്ചു. കഴിഞ്ഞ ദിവസമാണ് നെടുമ്പാശ്ശേരി വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച വിദേശ പക്ഷികളെ കൊച്ചി എയര്‍ കസ്റ്റംസ് പിടികൂടിയത്. ഈ പക്ഷികളെ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് തായ് എയര്‍വേയ്‌സില്‍ തിരിച്ചയച്ചത്.

തായ്‌ലാന്റിലെ അനിമല്‍ ക്വാറന്‍ റൈന്‍ അതോറിറ്റീസ് അധികൃതര്‍ പക്ഷികളെ ഏറ്റുവാങ്ങി. തിരിച്ചയക്കുന്നതിനു മുന്‍പ് കസ്റ്റംസ് നടപടികള്‍ പൂര്‍ത്തിയാക്കി.

ഈ സമയത്ത് വനംവകുപ്പിലെ വിദഗ്ധര്‍ നിര്‍ദേശിച്ചതു പോലെ പക്ഷികളുടെ അവിടുത്തെ ആവാസ വ്യവസ്ഥകള്‍ക്കനുസൃതമായി ആഹാരവും കാര്യങ്ങളും കസ്റ്റസ് ഉദ്യോഗസ്ഥര്‍ നല്‍കി അവയെ പരിപാലിച്ചു. പിന്നീട് വനം വകുപ്പധികൃതര്‍ വിശദമായി പരിശോധിച്ച് ആരോഗ്യസ്ഥിതി ഉറപ്പുവരുത്തുകയും ചെയ്തു. വായു കടക്കാവുന്ന രീതിയില്‍ പാക്ക് ചെയ്താണ് അയച്ചത്.

ഇവയെ കടത്താന്‍ ശ്രമിച്ച തിരുവനന്തപുരം സ്വദേശികളായ ബിന്ദുമോള്‍, ശരത് എന്നിവരെ കോടതിയില്‍ ഹാജരാക്കി ഈ മാസം 17വരെ റിമാന്റ് ചെയ്തു. ഇത്തരത്തില്‍ പക്ഷിക്കടത്ത് ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നിരീക്ഷണമേര്‍പ്പെടുത്തിയതായി കസ്റ്റംസ് അധികൃതര്‍ അറിയിച്ചു