കണ്ണൂര്‍: വനനിയമ ഭേദഗതി കരട് വിജ്ഞാപനം, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക്, കര്‍ഷകരുടെ മേല്‍ കുതിര കയറാനുള്ള അനുമതിയാണെന്ന് തലശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി പറഞ്ഞു. എന്നാല്‍ വിജ്ഞാപനം കരടു മാത്രമാണെന്നും സഭ കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും വനം മന്ത്രി എ.കെ ശശീന്ദ്രന്‍ പ്രതികരിച്ചു.

കര്‍ഷകരെ കുടിയിറക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് പുതിയ വന നിയമ ഭേദഗതിയെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ ആരോപിച്ചു. കുടിയേറ്റ കര്‍ഷകര്‍ ഇപ്പോള്‍ തന്നെ നിരവധി ചൂഷണങ്ങള്‍ നേരിടുന്നുണ്ട്. കര്‍ഷകരെ കുടിയിറക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് പുതിയ വനനിയമ ഭേദഗതി. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നത് മുതല്‍ വനയോര, മലയോര മേഖലയോട് അവഗണനയാണ്, ശത്രുതാപരമായ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും കുഴല്‍നാടന്‍ കൂട്ടിച്ചേര്‍ത്തു.

വിജ്ഞാപനം കര്‍ഷക, ആദിവാസി ദ്രോഹമാണെന്നാണ് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ പ്രതികരിച്ചത്. കര്‍ഷകരെ കുടിയിറക്കാനുള്ള ഗൂഢനീക്കത്തിന്റെ ഭാഗമാണോ പുതിയ ഭേദഗതിയെന്നും കെ. സുധാകരന്‍ ചോദ്യമുന്നയിച്ചു. 'വനം ഉദ്യോഗസ്ഥര്‍ക്ക് പൊലീസിന് തുല്യമായ അമിതാധികാരം നല്‍കുന്നത് ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്നും കെടുതി അനുഭവിക്കേണ്ടിവരിക കര്‍ഷകരും ആദിവാസി സമൂഹവുമാകുമെന്നും കെപിസിസി അധ്യക്ഷന്‍ പറഞ്ഞു. വന്യജീവി ആക്രമത്തില്‍ ഭയന്ന് ജീവിക്കുന്നവര്‍ക്ക് കടുത്ത ഭീഷണിയാണ് സര്‍ക്കാരിന്റെ വിജ്ഞാപനം, വിജ്ഞാപനം പിന്‍വലിച്ചില്ലെങ്കില്‍ കര്‍ഷകരെ അണിനിരത്തി സമരരംഗത്തിറങ്ങുമെന്നും' സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.