കൊല്ലം: കൊല്ലം ഏരൂരില്‍ 17,445 രൂപയുടെ വൈദ്യുതി ബില്‍ ലഭിച്ച നിര്‍ധനയായ വീട്ടമ്മ തുക അടക്കേണ്ടതില്ലെന്ന് കെഎസ്ഇബി. വീട്ടിലെ വയറിങ്ങിലുണ്ടായ പിഴവ് കാരണം വൈദ്യുതി പാഴായതാണ് വന്‍ തുക ബില്‍ വരാന്‍ കാരണമെന്ന് കെഎസ്ഇബി നടത്തിയ പരിശോധനയില്‍ കണ്ടെത്തി. കിണറ്റില്‍ സ്ഥാപിച്ച മോട്ടോര്‍ മെയിന്‍ സ്വിച്ചില്‍ നേരിട്ട് ബന്ധിപ്പിച്ചത് ഗുരുതര പിഴവാണെന്നും, ഇലക്ട്രീഷ്യനില്‍ നിന്ന് തുക ഈടാക്കാനുള്ള നടപടി സ്വീകരിക്കുമെന്നും കെഎസ്ഇബി അധികൃതര്‍ പറയുന്നു.

നിത്യ ചെലവിന് പോലും വഴിയില്ലാത്ത ഏരൂര്‍ പൊന്‍വെയില്‍ സ്വദേശി അമ്പിളിയ്ക്ക് 17,445 രൂപയുടെ വൈദ്യുതി ബില്‍ ലഭിച്ചതില്‍ കെഎസ്ഇബിക്കെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. പണിതീരാത്ത കുഞ്ഞ് വീട്ടില്‍ കഴിയുന്ന രോഗിയായ വീട്ടമ്മയ്ക്ക് വന്‍ തുക ബില്‍ നല്‍കിയത് കെഎസ്ഇബി വരുത്തിയ പിഴവെന്നായിരുന്നു ആക്ഷേപം. തുടര്‍ന്ന് കെഎസ്ഇബി അധികൃതര്‍ അമ്പിളിയുടെ വീട്ടില്‍ എത്തി പരിശോധന നടത്തി.

വീട്ടിലെ കിണറ്റില്‍ സ്ഥാപിച്ച മോട്ടോര്‍ മെയിന്‍ സ്വിച്ചുമായി നേരിട്ടാണ് ബന്ധിപ്പിച്ചിരുന്നത്. വയറിങ്ങില്‍ ഇലക്ട്രീഷ്യന്‍ വരുത്തിയ പിഴവ് കാരണം വൈദ്യുതി വലിയ അളവില്‍ പാഴായതാണ് നിരക്ക് കൂടാന്‍ കാരണമെന്നാണ് കെഎസ്ഇബിയുടെ കണ്ടെത്തല്‍. കിണറ്റിലെ വെള്ളത്തിലേക്ക് വൈദ്യുതി പ്രവഹിച്ചിരുന്നു. നിലവില്‍ മോട്ടോര്‍ പ്രവര്‍ത്തന രഹിതമാണ്. കിണറ്റില്‍ നിന്നും വെള്ളം കോരിയെടുത്തിരുന്ന വീട്ടമ്മയ്ക്ക് വൈദ്യുതാഘാതം ഏല്‍ക്കാതിരുന്നത് ഭാഗ്യമെന്നാണ് കെഎസ്ഇബി പറയുന്നത്.

വൈദ്യുതി ബില്‍ അമ്പിളി അടക്കേണ്ടതില്ലെന്നും വയറിംഗ് ചെയ്ത വ്യക്തിയില്‍ നിന്നും തുക ഈടാക്കാന്‍ നടപടി സ്വീകരിക്കുമെന്നും അഞ്ചല്‍ ഈസ്റ്റ് കെഎസ്ഇബി അധികൃതര്‍ വ്യക്തമാക്കി. ഒരു ഫ്രിഡ്ജും രണ്ടു ഫാനും അഞ്ച് എല്‍ഇഡി ബള്‍ബുകളും മാത്രമാണ് പ്രവര്‍ത്തനക്ഷമമായി അമ്പിളിയുടെ വീട്ടില്‍ ഉള്ളത്. താങ്ങാന്‍ കഴിയാത്ത ബില്‍ വന്നതിലെ ഞെട്ടല്‍ മാറിയിട്ടില്ല. തുക വീട്ടമ്മയില്‍ നിന്നും ഈടാക്കില്ലെന്ന കെഎസ്ഇബിയുടെ വാക്കാണ് നിലവില്‍ ആശ്വാസം.