പത്തനംതിട്ട: എരുമേലി വഴി പരമ്പരാഗത കാനന പാത വഴി നടന്ന് ശബരിമല സന്നിധാനത്തെത്തുന്ന ഭക്തര്‍ക്ക് പ്രത്യേക പാസ്. നാളെ മുതല്‍ പാസ് വിതരണം തുടങ്ങും. മുക്കുഴിയില്‍ വച്ചാണ് ഇവര്‍ക്ക് പാസ് നല്‍കുക. വനം വകുപ്പാണ് ഇവര്‍ക്ക് പ്രത്യേക പാസ് നല്‍കുന്നത്. ഭക്തരുടെ ഏറെ നാളെത്തെ ആവശ്യമായിരുന്നു ഇത്. അവര്‍ക്ക് ആശ്വാസമാകുന്നതാണ് തീരുമാനം.

50 കിലോമീറ്ററിലധികം ദൂരം നടന്നെത്തുന്ന ഭക്തര്‍ വീണ്ടും മണിക്കൂറുകളോളം ക്യൂ നില്‍ക്കേണ്ട സാഹചര്യമായിരുന്നു. പാസ് നല്‍കുന്നതോടെ അതൊഴിവാകും. പരമ്പരാഗത കാനന പാത വഴി വരുന്ന ഭക്തരെ മരക്കൂട്ടത്തു നിന്നു ചന്ദ്രാനന്ദന്‍ റോഡിലൂടെ കടത്തി വാവര് സ്വാമിയുടെ നടയിലൂടെ നേരിട്ട് 18ാം പടിയിലേക്ക് കയറ്റും. നാളെ മുതലാണ് സന്നിധാനത്ത് ഈ സജ്ജീകരണം ആരംഭിക്കുക.