കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ മലയോരപ്രദേശമായ ഉളിക്കല്‍ പരിക്കളത്ത് നിന്നും മൂന്ന് ഐസ്‌ക്രീം ബോംബുകള്‍ പിടികൂടി. പരിക്കളത്ത് കക്കുവപ്പറമ്പില്‍ ഗിരീഷിന്റെ വീടിന്റെ ടെറസില്‍ നടത്തിയ തെരച്ചിലിലാണ് ബോംബുകള്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച്ച രാവിലെ ഏഴുമണിയോടെ ഗിരീഷിന്റെ വീടിന് സമീപത്ത് പൊട്ടിത്തെറി ശബ്ദം കേട്ടിരുന്നു. ഇതേ തുടര്‍ന്ന് നാട്ടുകാരാണ് പൊലിസിനെ വിളിച്ചത്.

പൊലീസെത്തി ഗിരീഷിന്റെ വീട്ടിലടക്കം തെരച്ചില്‍ നടത്തിയപ്പോഴാണ് ടെറസില്‍ സൂക്ഷിച്ച ഐസ്‌ക്രീം ബോംബുകള്‍ കണ്ടെത്തിയത്. പിന്നാലെ ഗിരീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. മുന്‍പ് ബിജെപി പ്രവര്‍ത്തകനായിരുന്ന ഇയാള്‍ പിന്നീട് സിപിഎമ്മില്‍ ചേര്‍ന്നിരുന്നു. ഇപ്പോള്‍ സിപിഎം പ്രവര്‍ത്തകനാണെന്നാണ് വിവരം. കണ്ണൂരില്‍ നിന്നും ബോംബ് സ്‌ക്വാഡെത്തി പരിശോധന നടത്തി. ഫോറന്‍സിക് അധികൃതര്‍ ബോംബിന്റെ അവശിഷ്ടങ്ങള്‍ ശേഖരിച്ചു.