പത്തനംതിട്ട : നിരവധി ക്രിമിനല്‍ കേസുകളില്‍പ്പെട്ട പ്രതി ആത്മഹത്യ ചെയ്തതിനെതുടര്‍ന്ന് ഇയാളുടെ സംസ്‌കാരചടങ്ങില്‍ പങ്കെടുത്തുമടങ്ങിയ സുഹൃത്തുക്കള്‍ മദ്യലഹരിയില്‍ റോഡില്‍ അഴിഞ്ഞാടി. ഗതാഗതം തടഞ്ഞും വീടുകള്‍ക്കുനേരെ കല്ലെറിഞ്ഞും ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ബഹളമറിഞ്ഞെത്തിയ പോലീസിനുനേരെ നേരെ അസഭ്യവര്‍ഷവും ആക്രമണശ്രമവും നടത്തി, 6 യുവാക്കളെ കൊടുമണ്‍ പോലീസ് പിടികൂടി. കൊടുമണ്‍ അങ്ങാടിക്കല്‍ നോര്‍ത്ത് പി സി കെ ലേബര്‍ ലൈനില്‍ ബി അര്‍ജുന്‍(25), ഇടത്തിട്ട ചാരുങ്കല്‍ വീട്ടില്‍ ഷമീന്‍ ലാല്‍(27), കൂടല്‍ നെടുമണ്‍ കാവ് പി സി കെ ചന്ദനപ്പള്ളി എസ്റ്റേറ്റില്‍ ആനന്ദ് (25), വള്ളിക്കോട് വെള്ളപ്പാറ മുകളുപറമ്പില്‍ അരുണ്‍ (29), ഓമല്ലൂര്‍ ചീക്കനാല്‍ മേലേപ്പുറത്ത് വീട്ടില്‍ ബിപിന്‍ കുമാര്‍(30), കൊടുമണ്‍ ഇടത്തിട്ട ഐക്കരേത്ത് മുരുപ്പേല്‍ അബിന്‍ (21) എന്നിവരാണ് അറസ്റ്റിലായത്. കണ്ടാലറിയാവുന്ന 4 പേര്‍ കൂടി സംഘത്തില്‍ ഉണ്ടായിരുന്നു, ഇവര്‍ക്കായി അന്വേഷണം വ്യാപിപ്പിച്ചു. ഇന്നലെ രാത്രി എട്ടരയ്ക്ക് കൊടുമണ്‍ ഇടത്തിട്ടയിലാണ് സംഭവം.

കൊടുമണ്‍ പോലീസ് സ്റ്റേഷനില്‍ പതിനാലോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയും, നിരന്തരം പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിട്ടുള്ളയാളുമായ അതുല്‍ പ്രകാശ് കഴിഞ്ഞദിവസം കെട്ടി തൂങ്ങി മരിച്ചിരുന്നു. ഇയാളുടെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്ത ശേഷം സുഹൃത്തുക്കളായ യുവാക്കളുടെ സംഘം മദ്യപിച്ച് ബഹളമുണ്ടാക്കുകയും, ഇടത്തിട്ട കാവുംപാട്ട് ഭഗവതി ക്ഷേത്രത്തിന് സമീപം ഏഴംകുളം കൈപ്പട്ടൂര്‍ റോഡില്‍ ആയുധങ്ങളുമായി ഗതാഗതം തടയുകയും അക്രമം അഴിച്ചു വിടുകയുമായിരുന്നു. വാഹനങ്ങളെ തടഞ്ഞും യാത്രക്കാര്‍ക്ക് മാര്‍ഗ്ഗ തടസ്സം സൃഷ്ടിച്ചും സംഘം അഴിഞ്ഞാടി. മദ്യലഹരിയില്‍ ക്ഷേത്രദര്‍ശനത്തിന് പോയവരെ അസഭ്യം പറയുകയും, വീടുകള്‍ക്ക് നേരെ കല്ലെറിയുകയും ചെയ്ത സംഘത്തെ സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ഇന്‍സ്‌പെക്ടര്‍ പി വിനോദിന്റെ നേതൃത്വത്തില്‍ തടയുകയായിരുന്നു.

എന്നാല്‍ പ്രതികള്‍ പോലീസ് ഉദ്യോഗസ്ഥരെ അസഭ്യം വിളിച്ചുകൊണ്ട് ആക്രമിക്കാന്‍ ശ്രമിക്കുകയും തള്ളിമാറ്റി രക്ഷപ്പെടുകയും ചെയ്തു. ഇവരെ പിടികൂടാന്‍ പിന്നാലെ ഓടിയ പോലീസിനെ തിരിഞ്ഞുനിന്ന് കല്ലെറിഞ്ഞ പ്രതികളെ പോലീസ് പിന്തുടര്‍ന്ന് ശ്രമകരമായി കീഴടക്കുകയായിരുന്നു. കസ്റ്റഡിയിലെടുത്ത പ്രതികളെ വൈദ്യപരിശോധനയ്ക്ക് ശേഷം പോലീസ് സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തു. തുടര്‍ന്ന്, 8.50 ന് അറസ്റ്റ് രേഖപ്പെടുത്തി.


ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാറിന്റെ നിര്‍ദ്ദേശാനുസരണം അടൂര്‍ ഡി വൈ എസ് പി ജി സന്തോഷ് കുമാറിന്റെ നേതൃത്വത്തിലാണ് പോലീസ് നടപടികള്‍ കൈക്കൊണ്ടത്. പോലീസ് ഇന്‍സ്പെക്ടര്‍ പി വിനോദ് എ എസ് ഐ നൗഷാദ് , എസ് സി പി ഓ അനൂപ്, സിപി ഓമാരായ എസ് പി അജിത്ത്, സുരേഷ്, അനൂപ്, ജോണ്‍ ദാസ് എന്നിവരാണ് പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നത്.

ഗൂണ്ട സംഘത്തില്‍ പ്പെട്ട പ്രതികള്‍, പട്ടികയും തടികഷ്ണങ്ങളും പാറക്കല്ലുകളുമായാണ് ജനങ്ങളില്‍ ഭീതി സൃഷ്ടിച്ച് ആക്രമണം നടത്തിയത്. ഒന്നാം പ്രതി അര്‍ജുന്‍ കൂടല്‍ പോലീസ് സ്റ്റേഷനില്‍ 2022 ല്‍ രജിസ്റ്റര്‍ ചെയ്ത കഠിന ദേഹോപദ്രവം ഏല്‍പ്പിച്ച കേസില്‍ ഉള്‍പ്പെട്ടയാളാണ്. രണ്ടാംപ്രതി ഷെമിന്‍ ലാല്‍ കൊടുമണ്‍ സ്റ്റേഷനിലെ കഠിന ദേഹോപദ്രവകേസില്‍ ഉള്‍പ്പെട്ടു. മൂന്നാം പ്രതി ആനന്ദ് കൂടല്‍ പോലീസ് സ്റ്റേഷനിലെ കഠിന ദേഹോപദ്രവം ഏല്‍പ്പിച്ച കേസില്‍ അര്‍ജുന്റെ കൂട്ടുപ്രതിയാണ്. അരുണ്‍ കോടുമണ്‍ പത്തനംതിട്ട കോന്നി പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത 7 ക്രിമിനല്‍ കേസുകളില്‍ പ്രതിയായിട്ടുണ്ട്. ഇതില്‍ മോഷണം, കഞ്ചാവ് കൈവശം വയ്ക്കല്‍, ദേഹോപദ്രവം ഏല്‍പ്പിക്കല്‍, മനപ്പൂര്‍വമല്ലാത്ത നരഹത്യാ ശ്രമം, ലഹളയുണ്ടാക്കല്‍ തുടങ്ങിയ ക്രിമിനല്‍ കുറ്റകൃത്യങ്ങള്‍ ഉള്‍പ്പെടുന്നു. ആറാം പ്രതി അബിന്‍ അടൂര്‍ പോലീസ് സ്റ്റേഷനിലെ ഒരു കേസില്‍ ഉള്‍പ്പെട്ടു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.