അടൂര്‍: മദ്യലഹരിയില്‍ ആഴിയിലേക്ക് എടുത്തു ചാടിയ യുവാവിന് ഗുരുതരമായി പൊള്ളലേറ്റു. ചെന്നീര്‍ക്കര മാത്തൂര്‍ വലിയ തടത്തില്‍ വീട്ടില്‍ അനില്‍കുമാറിനാ(43)ണ് പൊള്ളലേറ്റത്. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികില്‍സയില്‍ കഴിയുന്ന അനിലിന് 40 ശതമാനമാണ് പൊളളലേറ്റിരിക്കുന്നത്. മെഡിക്കല്‍ കോളജില്‍ നിന്ന് അറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് കൊടുമണ്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

ആനന്ദപ്പള്ളി ചെന്നായികുന്ന് അയ്യപ്പന്‍മുക്കിലുള്ള അയ്യപ്പക്ഷേത്രത്തില്‍ ശബരിമല ചടങ്ങുകളുടെ ഭാഗമായി ആഴിയും പടുക്കയും നടക്കുമ്പോഴാണ് അനില്‍കുമാര്‍ ആഴിയിലേക്ക് ചാടിയത്. അനിലിന്റെ സഹോദരിയുടെ വീട് ആനന്ദപ്പളളിയിലാണ്. അവിടെ ചെന്നപ്പോഴാണ് ക്ഷേത്രത്തിലേക്ക് പോയത്. ചടങ്ങ് നടക്കുമ്പോള്‍ ഇയാള്‍ എടുത്തു ചാടുകയായിരുന്നുവെന്ന് പറയുന്നു.