കൊച്ചി: ശബരിമലയിലെ സ്വര്‍ണം നഷ്ടപ്പെട്ട സംഭവത്തില്‍ സര്‍ക്കാര്‍ മറുപടി പറഞ്ഞേ തീരുവെന്ന് കാലടി സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ.എം സി ദിലീപ്കുമാര്‍. ദേവസ്വം മന്ത്രിയുടെയും ദേവസ്വം ബോര്‍ഡ് ചെയര്‍മാന്റെയും രാജി ആവശ്യപ്പെട്ട് കെപിസിസിയുടെ ആഹ്വാന പ്രകാരം എറണാകുളം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ സംഘടിപ്പിച്ച ദീപം തെളിയിക്കല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ദശലക്ഷക്കണക്കിനു വിശ്വാസികളുടെ മനസിനെ മുറിവേല്‍പ്പിച്ചു സംഭവമാണ് ശബരിമലയില്‍ നടന്നത്. കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ട് വരാന്‍ ബാധ്യതയുള്ള സര്‍ക്കാര്‍ സമരം ചെയ്യുന്നവരെ അധിക്ഷേപിക്കാനും പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താനുമാണ് ശ്രമിക്കുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് കുറ്റപ്പെടുത്തി. സര്‍ക്കാരിലെയും സിപിഎമ്മിലെയും ദേവസ്വം ബോര്‍ഡിലെയും ഉന്നതരുടെ അറിവോടെയാണ് കളവ് നടന്നതെന്നും സ്വര്‍ണം കളവ് പോയ സംഭവം ഒതുക്കിത്തീര്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചതെന്നും ഷിയാസ് ആരോപിച്ചു.

നേതാക്കളായ എന്‍ വേണുഗോപാല്‍, ഡൊമിനിക് പ്രസന്റേഷന്‍, കെ പി ഹരിദാസ്, ഐ കെ രാജു, വി കെ മിനിമോള്‍, സുനില സിബി, പോളച്ചന്‍ മണിയന്‍കോട്, അബ്ദുള്‍ ലത്തീഫ്, ഇഖ്ബാല്‍ വലിയവീട്ടില്‍, സിന്റാ ജേക്കബ്, സിജോ ജോസഫ്, ച്ചെല്ലമ്മ ടീച്ചര്‍, വിജു ചുളക്കന്‍, ശോഭ റെജിലാല്‍, ജസ്മി ജെറാള്‍ഡ്, വി കെ ശശികുമാര്‍, വി കെ തങ്കരാജ്, ജര്‍ജസ് ജേക്കബ്, എംജി അരിസ്റ്റോട്ടില്‍, സിബി ജോണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു