- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുറച്ചുദിവസമായി അവള്‍ ജയിലില്‍ കിടക്കുന്നു; ജാമ്യം അനുവദിച്ചത് സന്തോഷകരം; ദിവ്യയ്ക്ക് നീതി ലഭിക്കണമെന്നും പി കെ ശ്രീമതി; നവീന്‍ ബാബുവിന്റേത് ആത്മഹത്യയല്ല, ഗൂഢാലോചന സംശയിക്കുന്നുവെന്ന് സി ഐ ടി യു നേതാവ് മലയാലപ്പുഴ മോഹനന്‍
ദിവ്യയ്ക്ക് ജാമ്യം ലഭിച്ചതിനെ സ്വാഗതം ചെയ്ത് പി കെ ശ്രീമതി
കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പി പി ദിവ്യക്ക് ജാമ്യം കിട്ടിയതിനെ സ്വാഗതം ചെയ്ത് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതി. ദിവ്യയ്ക്ക് ജാമ്യം അനുവദിച്ചത് വളരെ സന്തോഷകരമായ കാര്യം. ഇത്തവണ ജാമ്യം കിട്ടുമെന്ന് തന്നെയാണ് പ്രതീക്ഷിച്ചത്. കഴിഞ്ഞ കുറച്ചുദിവസമായി അവള്‍ ജയിലില്‍ കിടക്കുകയാണ്.
എന്തുതന്നെയായാലും മനപൂര്‍വമല്ലാത്ത നിര്‍ഭാഗ്യകരമായ സംഭവം എന്നേ അതിനെ പറയാനുള്ളൂ. ദിവ്യയുടെ ഭാഗത്ത് നിന്ന് മനപൂര്‍വം ഉണ്ടായ സംഭവമല്ല. ഉണ്ടായ പാകപ്പിഴകളെ സംബന്ധിച്ച് പാര്‍ട്ടി പരിശോധിച്ചു. കഴിഞ്ഞ കുറച്ചു ദിവസമായി ജയിലില്‍ കിടക്കുന്ന ദിവ്യയ്ക്ക് ഇപ്പോഴെങ്കിലും ജാമ്യം കിട്ടിയില്ലെങ്കില്‍ വലിയ വിഷമം ഉണ്ടായേനെ. ഏതൊരാളേയും എന്നപോലെ ദിവ്യക്കും നീതി നിഷേധിക്കപ്പെടാന്‍ പാടില്ല.
എന്നെ സംബന്ധിച്ചും പാര്‍ട്ടിയെ സംബന്ധിച്ചും ദിവ്യയ്ക്ക് ജാമ്യം ലഭിച്ചത് ഏറെ സന്തോഷകരമാണെന്ന് പി.കെ ശ്രീമതി പറഞ്ഞു.റേപ്പ് പോലുള്ള ഏതുഭീകരമായ കുറ്റത്തിനും കോടതി ജാമ്യം അനുവദിക്കുന്നുണ്ടെന്ന കാര്യം നമ്മള്‍ മറക്കാന്‍ പാടില്ല. മനപൂര്‍വമല്ലാത്ത ഒരു തെറ്റാണിത്. ചെയ്യണമെന്ന് വിചാരിച്ച് ചെയ്തതല്ല. നവീന്‍ ബാബുവിന്റെ ആത്മഹത്യ ഏറ്റവും നിര്‍ഭാഗ്യകരമായ സംഭവമാണെന്നും ശ്രീമതി പ്രതികരിച്ചു.
അതേസമയം, എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് സിഐടിയു നേതാവ് മലയാലപ്പുഴ മോഹനന്‍ ആവശ്യപ്പെട്ടു. നിലവിലെ അന്വേഷണം തൃപ്തികരമല്ല. പമ്പിനായി അപേക്ഷ നല്‍കിയ പ്രശാന്തന്റെ പരാതി വ്യാജമാണോയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കണമെന്നും മോഹനന്‍ ആവശ്യപ്പെട്ടു. എഡിഎം മരിച്ച ശേഷമാണ് ഇവര്‍ പരാതിക്കത്ത് ഉണ്ടാക്കിയത്. അതിലെന്താണ് അന്വേഷണമില്ലാത്തതെന്നും മോഹനന്‍ ചോദിച്ചു.
പി പി ദിവ്യയ്ക്ക് എതിരായ പാര്‍ട്ടി നടപടി വൈകി. എന്നിരുന്നാലും തൃപ്തിയുണ്ട്. പക്ഷേ കേസ് അന്വേഷണത്തില്‍ തൃപ്തിയില്ല. നവീന്‍ ബാബുവിന്റേത് ആത്മഹത്യയല്ല. ദിവ്യക്ക് പിന്നില്‍ മറ്റാരൊക്കെയോ ഉണ്ടെന്നാണ് ഞാന്‍ കരുതുന്നത്. മരണത്തില്‍ ഗൂഢാലോചനയുണ്ടെന്ന് കരുതുന്നു. ജോലിയില്‍ നിന്നും വിടുതല്‍ നേടിയ നവീന്‍ ബാബു തിരികെ ഔദ്യോഗിക വസതിയിലെത്തി ആത്മഹത്യ ചെയ്തുവെന്ന് വിശ്വസിക്കാന്‍ ലോജിക്ക് ഇല്ല. എഡിഎമ്മിന്റെ ഡ്രൈവറും സംശയ നിഴലിലാണ്. കേസ് അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും എല്ലാം തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും മലയാലപ്പുഴ മോഹനന്‍ വ്യക്തമാക്കി.