തിരുവനന്തപുരം: പാറ്റൂര്‍ ഗുണ്ടാ ആക്രമണ കേസില്‍ കുപ്രസിദ്ധ ഗുണ്ട ഓം പ്രകാശിന്റെ കൂട്ടാളിയായ പന്ത്രണ്ടാം പ്രതി അബിന്‍ഷായെ 3 ദിവസം പോലീസ് കസ്റ്റഡിയില്‍ വിട്ടു. തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് എല്‍സാ കാതറിന്‍ ജോര്‍ജിന്റേതാണുത്തരവ്. അതേ സമയം പതിമൂന്നാം പ്രതി ഷാജഹാന്‍ മകന്‍ ഷാഫി എന്ന ഷബിന്‍ ഷാജു (32)വിനെ 23 വരെ പൂജപ്പുര ജില്ലാ ജയിലിലേക്ക് റിമാന്റ് ചെയ്തു.

എട്ടാം പ്രതി ഓം പ്രകാശിന്റെ ജാമ്യ ഹര്‍ജി തള്ളിയിരുന്നു. 2023 ഡിസംബര്‍ 4 മുതല്‍ ജയിലില്‍ കഴിയുന്ന പ്രതിക്കാണ് ജാമ്യം നിരസിച്ചത്. കൊടും ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട ക്രിമിനല്‍ പശ്ചാത്തലമുള്ള പ്രതിയെ ജാമ്യം നല്‍കി സ്വതന്ത്രനാക്കിയാല്‍ സമാന കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടാനും തെളിവു നശിപ്പിക്കുവാനും സാക്ഷികളെ സ്വാധീനിച്ചോ ഭീഷണിപ്പെടുത്തിയോ മൊഴി തിരുത്താനും സാധ്യതയുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ നീതിയുടെ താല്‍പര്യത്തിന് വേണ്ടി ജാമ്യ ഹര്‍ജി തള്ളുകയാണെന്നും ജാമ്യം നിരസിച്ച ഉത്തരവില്‍ കോടതി വ്യക്തമാക്കി. ഓം പ്രകാശിന്റെ റിമാന്റ് ജനുവരി 1 വരെ ദീര്‍ഘിപ്പിച്ച് ജയിലിലേക്ക് തിരിച്ചയച്ചിരുന്നു. ഗോവ പനജിയില്‍ നിന്നാണ് ഓംപ്രകാശിനെ പോലീസ് കസ്റ്റഡിയിലെടുത്തത്.

ഒന്നു മുതല്‍ 5 വരെ പ്രതികളായ മുഹമ്മദ് ഇബ്രാഹിം റാവുത്തര്‍ എന്ന ഇബ്രു (27), ബാദുഷ മകന്‍ സല്‍മാന്‍ ഷാ ,മുഹമ്മദ് ബഷീര്‍ മകന്‍ മുഹമ്മദ് ഷിയാസ് എന്ന കട്ട ഷിയാസ്, അഴകര്‍ രാജു മകന്‍ സുബ്ബരാജ് എന്ന സുബ്ബു , നിയമ വിദ്യാര്‍ത്ഥി ഉദയകുമാര്‍ മകന്‍ അഭിലാഷ് എന്നിവരാണ് ആദ്യം അറസ്റ്റ് ചെയ്യപ്പെട്ട് ജയിലില്‍ കഴിഞ്ഞിരുന്നത്. പിന്നീട് ഓംപ്രകാശ്, തുടര്‍ന്ന് പ്രതികളായ ആരിഫ് , മുന്ന എന്ന ആസിഫ്, ജോമോന്‍ രമേശ് , ശരത്കുമാര്‍ തിരുവമ്പാടി, രഞ്ജിത് , അബിന്‍ ഷാ , ഷബിന്‍ഷാജു, വിവേക് . എം.ആര്‍ എന്നിവരടക്കം 14 പേരെ പ്രതി ചേര്‍ക്കുകയായിരുന്നു.