തിരുവനന്തപുരം: നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറിനോട് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചത് അതൃപ്തി. സര്‍ക്കാരിനെ വെട്ടിലാക്കുന്ന പരാമര്‍ശങ്ങള്‍ പൊതു സമൂഹത്തില്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത് ശരിയല്ലെന്ന് മുഖ്യമന്ത്രി തുറന്നു പറഞ്ഞു. ഇനി ഇടതു സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന പ്രവര്‍ത്തനങ്ങളുണ്ടാകരുതെന്നും ആവശ്യപ്പെട്ടുവെന്നാണ് സൂചന. ഇപ്പോള്‍ ഉയര്‍ന്ന എല്ലാ ആരോപണങ്ങളും പരിശോധിക്കും. സത്യസന്ധമായ അന്വേഷണം നടത്തുമെന്നും അറിയിച്ചു.

അര മണിക്കൂറോളമാണ് അന്‍വറും മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടന്നത്. സെക്രട്ടറിയേറ്റില്‍ നിന്നിറങ്ങി അന്‍വര്‍ അതിവേഗം എംഎല്‍എ ഹോസ്റ്റലിലേക്കും പോയി. അന്‍വറില്‍ നിന്നും എല്ലാം ശ്രദ്ധയോടെ മുഖ്യമന്ത്രി കേട്ടു. അന്വേഷണം ശക്തമായി നടത്തുമെന്നും അറിയിച്ചു. എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമുണ്ടാകുമെന്നും വിശദീകരിച്ചിട്ടുണ്ട്. സൗഹൃദ അന്തരീക്ഷത്തിലാണ് കൂടിക്കാഴ്ച നടന്നതെന്നത് അന്‍വറിനും ആശ്വാസമാണെന്നാണ് വിലയിരുത്തല്‍.പോലീസ് അസോസിയേഷന്‍ യോഗത്തില്‍ താന്‍ അന്വേഷണം പ്രഖ്യാപിച്ച ശേഷം കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയതും മുഖ്യമന്ത്രിയെ അലോസരപ്പെടുത്തി. പക്ഷേ ഇതൊന്നും വാക്കുകളിലൂടെ അന്‍വറിനോട് മുഖ്യമന്ത്രി കാട്ടിയില്ല. മുന്നണിയുടെ എംഎല്‍എ എന്ന എല്ലാ പരിഗണനയോടെയാണ് അന്‍വറിനെ കണ്ടത്. എന്നാല്‍ പറയേണ്ടത് പറയുകയും ചെയ്തു.

അന്‍വര്‍-പിണറായി കൂടിക്കാഴ്ച നടക്കുമ്പോള്‍ കോഴിക്കോട് ഇടതു കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍ നിലപാട് വിശദീകരിച്ചിരുന്നു. പി വി അന്‍വറിന്റെ ആരോപണങ്ങള്‍ ഇടതുമുന്നണിയെ ബാധിക്കില്ലെന്ന് ടിപി രാമകൃഷ്ണന്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ നിശ്ചയദാര്‍ഢ്യം തന്നെയാണ് കേരളത്തിന്റെ ഈ അത്ഭുതകരമായ വികാസത്തിന് കാരണമായി നില്‍ക്കുന്നത്. അതുകൊണ്ട് ഇത്തരം പ്രശ്നങ്ങള്‍ പറഞ്ഞതിന്റെ പേരില്‍ എല്‍ഡിഎഫിനെ ബാധിക്കില്ല എന്നു മാത്രമല്ല, തെറ്റുകള്‍ക്കെതിരെ കര്‍ശനമായ നിലപാടെടുത്ത് മുന്നണിയെ കൂടുതല്‍ കര്‍ശനമായി മുന്നോട്ടു കൊണ്ടുപോകാന്‍ സഹായകമാകുമെന്നും ടിപി രാമകൃഷ്ണന്‍ പറഞ്ഞിരുന്നു. ഇത് മുഖ്യമന്ത്രിയുടെ കൂടെ നിലപാട് വിശദീകരണമായി കാണുകയാണ് രാഷ്ട്രീയ കേരളം.

പി ശശിയെപ്പറ്റി ഉയര്‍ന്നു വന്ന ആരോപണങ്ങളില്‍, അതിലെ വിഷയങ്ങള്‍ വരട്ടെ. എല്ലാ വിഷയങ്ങളും നമുക്ക് മനസ്സിലാക്കാമല്ലോ. എല്ലാ പരിശോധനയും നടത്തുന്നുണ്ട്. ശശിക്കെതിരെ ഏതെങ്കിലും കുറ്റാരോപണമുണ്ടെങ്കില്‍ അതെല്ലാം പരിശോധിക്കും. അതാണ് സര്‍ക്കാരിന്റെ സമീപനം. പി വി അന്‍വറിന്റെ വെളിപ്പെടുത്തലില്‍ സര്‍ക്കാര്‍ പ്രതിക്കൂട്ടിലല്ല. പ്രതിപക്ഷ നേതാവ് എത്ര ഘട്ടത്തില്‍ രാജി ആവശ്യപ്പെടുന്നുണ്ട്. അങ്ങനെയാണെങ്കില്‍ ഒരു ഭരണവും കേരളത്തില്‍ നടക്കില്ലല്ലോ എന്നും ടിപി രാമകൃഷ്ണന്‍ പറഞ്ഞു.

മുഖ്യമന്ത്രിക്കെതിരെ എന്തെല്ലാം ആരോപണങ്ങളാണ് കഴിഞ്ഞകാലങ്ങളിലായി വന്നത്. ഇതെല്ലാം പ്രചരിപ്പിച്ചവരാണല്ലോ മാധ്യമങ്ങളും. അതുകൊണ്ട് വേട്ടയാടുന്നത് ആരാണെന്ന് മനസ്സിലാകുന്നില്ലേ എന്ന് ടിപി രാമകൃഷ്ണന്‍ ചോദിച്ചു. അതാരാണെന്ന് നിങ്ങള്‍ അന്വേഷിച്ചു കണ്ടെത്തിക്കോ. യാഥാര്‍ത്ഥ്യം കേരളത്തിന്റെ സാമൂഹ്യമണ്ഡലത്തിലുണ്ട്. മുഖ്യമന്ത്രിക്കെതിരായ ഓരോ ആരോപണങ്ങളുടേയും മുനയൊടിഞ്ഞത്, ജനങ്ങളെ വിശ്വാസത്തിലെടുത്ത് ജനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിച്ചതിന്റെ ഫലമായിട്ടാണ്. എല്‍ഡിഎഫ് കണ്‍വീനര്‍ വിശദീകരിച്ചത് ഇങ്ങനെയാണ്.

അന്‍വര്‍ ആഭ്യന്തര വകുപ്പിനെതിരെ ഒരു ആരോപണവും ഉന്നയിച്ചിട്ടില്ല. ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്കെതിരെയും ഒന്നും പറഞ്ഞിട്ടില്ല. ആഭ്യന്തര വകുപ്പിലെ ചില ഉദ്യോഗസ്ഥന്മാര്‍ക്കെതിരെയാണ് ആരോപണം ഉന്നയിച്ചത്. ആരോപണം പരിശോധിക്കുമെന്നും, കുറ്റവാളികളാണെന്ന് തെളിഞ്ഞാല്‍ ശക്തമായ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. വിഷയം ആദ്യം മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഉന്നയിച്ചത് ശരിയായോയെന്ന് അന്‍വര്‍ ആലോചിക്കണം. വെളിപ്പെടുത്തല്‍ നടത്തുന്നതിന് മുമ്പ് മുഖ്യമന്ത്രിയെ വിവരം അറിയിക്കണമായിരുന്നുവെന്നും ടിപി രാമകൃഷ്ണന്‍ പറഞ്ഞിരുന്നു. ഇതിന് സമാനമായ വാക്കുകളാണ് അന്‍വറിനോട് നേരിട്ട് മുഖ്യമന്ത്രിയും പറഞ്ഞതെന്നാണ് സൂചന.