- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുഷ്പനെ നയിച്ചത് സ്വാര്‍ത്ഥ മോഹങ്ങളായിരുന്നില്ല; നാടിനുവേണ്ടി സ്വയം ത്യജിക്കാനുള്ള ധീരതയും ഉറച്ച കമ്മ്യൂണിസ്റ്റ് ബോധ്യങ്ങളുമായിരുന്നു: മുഖ്യമന്ത്രി
പുഷ്പന്റെ മരണത്തില്‍ അനുശോചനമറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍
തിരുവനന്തപുരം: കൂത്തുപറമ്പ് വെടിവെപ്പില്‍ പരിക്കേറ്റ് കിടപ്പിലായിരുന്ന പുഷ്പന്റെ മരണത്തില്‍ അനുശോചനമറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പുഷ്പന്‍ എന്ന പേരുകേട്ടാല്‍ ആവേശം തുടിച്ചിരുന്ന ഓരോ കമ്മ്യൂണിസ്റ്റുകാരന്റെ ഹൃദയവും ഈ നിമിഷം ദു:ഖഭരിതമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പാര്‍ട്ടിയുടെ ചരിത്രത്തിലെ അവിസ്മരണീയമായ ഒരു അധ്യായം പുഷ്പനില്‍കൂടി ജ്വലിക്കുകയാണെന്നും മുഖ്യമന്ത്രി അനുശോചനക്കുറിപ്പില്‍ അറിയിച്ചു.
'1994, നവംബര്‍ 25 ഈ നാട് ഒരിക്കലും മറക്കില്ല. കെ.കെ. രാജീവന്‍, കെ.വി റോഷന്‍, ഷിബുലാല്‍, ബാബു, മധു എന്നീ അഞ്ചു ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ ജീവനെടുത്ത അന്നത്തെ യു.ഡി.എഫ്. ഭരണകൂട ഭീകരതയെ നെഞ്ചുവിരിച്ച് നേരിട്ട പുഷ്പന് ജീവന്‍ ബാക്കിയായെങ്കിലും സ്വന്തം ജീവിതം നഷ്ടപ്പെട്ടു. കൂത്തുപറമ്പ് വെടിവെയ്പ്പ് എന്നന്നേയ്ക്കുമായി അദ്ദേഹത്തെ ശയ്യാവലംബിയാക്കി. ദുരന്തം സമ്മാനിച്ച തന്റെ അനാരോഗ്യത്തോടു പൊരുതേണ്ടി വന്ന അവസ്ഥയിലും പുഷ്പനിലെ കമ്മ്യൂണിസ്റ്റ് അണുവിട ഉലഞ്ഞിട്ടില്ല. താന്‍ നേരിട്ട ദുരന്തത്തില്‍ അദ്ദേഹം പശ്ചാത്തപിച്ചിട്ടില്ല. കാരണം, അദ്ദേഹത്തെ നയിച്ചത് സ്വാര്‍ത്ഥ മോഹങ്ങളായിരുന്നില്ല, മറിച്ച് നാടിനുവേണ്ടി സ്വയം ത്യജിക്കാനുള്ള ധീരതയും ഉറച്ച കമ്മ്യൂണിസ്റ്റ് ബോധ്യങ്ങളുമായിരുന്നു. പാര്‍ട്ടിയോടുള്ള അനിതരസാധാരണമായ കൂറായിരുന്നു', മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
സഖാവിന്റെ രക്തസാക്ഷിത്വം പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം ഒരേസമയം അടങ്ങാത്ത വേദനയും അണയാത്ത ആവേശവുമാണ്. ഒരു കമ്മ്യൂണിസ്റ്റുകാരന്‍ എന്തെന്ന ചോദ്യത്തിന് ഈ നാട്ടിലെ ഓരോ സഖാവിനും ചൂണ്ടിക്കാണിക്കാനുള്ള ഉത്തരമാണ് പുഷ്പനെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
വെടിയുണ്ടകള്‍ക്ക് തോല്‍പ്പിക്കാന്‍ കഴിയാതിരുന്ന ധീരനായ പോരാളിയെയാണ് പുഷ്പന്റെ വിയോഗത്തിലൂടെ നഷ്ടമായതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. വെടിയേറ്റുവീണിട്ടും തളരാത്ത വീര്യമായി നമുക്കൊപ്പമുണ്ടായിരുന്ന പുഷ്പന്‍ വിപ്ലവസൂര്യനായി ചിരകാലം ജ്വലിച്ചുനില്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.