പത്തനംതിട്ട: പതിനാലുകാരിയെ ലൈംഗികാതിക്രമത്തിന് വിധേയയാക്കിയ കേസില്‍ ബന്ധുവായ പ്രതിക്ക് ഏഴു വര്‍ഷവും ഒരു മാസവും തടവും 60000 രൂപ പിഴയും ശിക്ഷ. ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ ജഡ്ജി ഡോണി തോമസ് വര്‍ഗീസിന്റെതാണ് വിധി. ഓമല്ലൂര്‍ വാഴമുട്ടം കദളിക്കാട് പടിഞ്ഞാറെ വിളയില്‍ കിണ്ണന്‍ എന്ന് വിളിക്കുന്ന രാധാകൃഷ്ണനെ(43)യാണ് ശിക്ഷിച്ചത്. പോക്സോ നിയമപ്രകാരവും ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരവുമാണ് ശിക്ഷ വിധിച്ചത്.

കഴിഞ്ഞവര്‍ഷം മാര്‍ച്ച് 28നാണ് പ്രതി വീട്ടില്‍ അതിക്രമിച്ചുകയറി കുട്ടിയോട് ലൈംഗിക അതിക്രമം കാട്ടിയത്. അന്നത്തെ പോലീസ് ഇന്‍സ്പെക്ടര്‍ ആയിരുന്ന ഡി. ദീപു കേസ് അന്വേഷിച്ച് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ റോഷന്‍ തോമസ് ഹാജരായി. എ.എസ്.ഐ ഹസീന പ്രോസിക്യൂഷന്‍ നടപടികളില്‍ സഹായിച്ചു.