മുംബൈ: സിവില്‍ സര്‍വീസ് പരീക്ഷയില്‍ തട്ടിപ്പ് കണ്ടെത്തിയതിന് നടപടി നേരിടുന്ന പ്രൊബേഷനറി ഐ.എ.എസ്. ഓഫീസര്‍ പൂജാ ഖേഡ്കറുടെ എം.ബി.ബി.എസ്. പഠനവും സംശയനിഴലില്‍. പട്ടികവര്‍ഗ സംവരണ സീറ്റിലാണ് പൂജ എം.ബി.ബി.എസ്. പഠിച്ചതെന്നാണ് കണ്ടെത്തല്‍. നിലവിലെ തട്ടിപ്പുകള്‍ പുറത്തുവന്നതോടെ ഇവരുടെ എംബിബിഎസ് പഠനത്തിലും അന്വേഷണം തുടങ്ങി.

ഇക്കാര്യത്തിലും ഡല്‍ഹി ക്രൈംബ്രാഞ്ചാണ് അന്വേഷണം തുടങ്ങിയിരിക്കുന്നത്. നേരത്തെ യു.പി.എസ്.സി. നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞദിവസം പൂജയ്‌ക്കെതിരേ ഡല്‍ഹി പോലീസ് കേസെടുത്തിരുന്നു. പുണെയിലെ ശ്രീമതി കാശിഭായ് നവാലെ മെഡിക്കല്‍ കോളേജില്‍ ഗോത്രവിഭാഗമായ നോമാഡിക് ട്രൈബ്-മൂന്ന് വിഭാഗത്തിന് സംവരണംചെയ്ത സീറ്റിലാണ് പൂജ എം.ബി.ബി.എസ്. പഠനം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്.

പൂജയുടെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകളിലെ ഒട്ടേറെ പൊരുത്തക്കേടുകളും പുറത്തുവന്നിട്ടുണ്ട്. ഭിന്നശേഷി സര്‍ട്ടിഫിക്കറ്റുകള്‍ക്ക് അപേക്ഷിക്കുമ്പോള്‍ ഖേഡ്കര്‍ പൂജ ദിലീപ്റാവു, പൂജ മനോരമ ദിലീപ് ഖേഡ്കര്‍ എന്നീ രണ്ട് വ്യത്യസ്ത പേരുകളും അവര്‍ ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്. മാതാപിതാക്കളായ ദിലീപും മനോരമ ഖേഡ്കറും വേര്‍പിരിഞ്ഞതായി കാണിച്ചശേഷം വ്യാജ വരുമാനസര്‍ട്ടിഫിക്കറ്റാണ് പൂജ യു.പി.എസ്.സി. പരീക്ഷയ്ക്കായി നേരത്തെ സമര്‍പ്പിച്ചത്.

അതിനിടെ കര്‍ഷകര്‍ക്ക് നേരെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ഐഎഎസ് ഉദ്യോഗസ്ഥ പൂജ ഖേഡ്കറിന്റെ മാതാവ് അറസ്റ്റിലായിരുന്നു. 2022 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയായ ഇവര്‍ സര്‍വീസില്‍ പ്രവേശിക്കാനായി മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും ജാതി സര്‍ട്ടിഫിക്കറ്റും വ്യാജമായി നിര്‍മ്മിച്ചുവെന്നതാണ് പ്രധാനപ്പെട്ട ആരോപണം.

പൂജ ഖേഡ്കറിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെയാണ് മാതാവ് കര്‍ഷകര്‍ക്ക് നേരെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തുന്ന പഴയ ദൃശ്യങ്ങള്‍ പുറത്തുവന്നത്. പിന്നാല ഒളിവില്‍ പോയ പൂജയുടെ മാതാപിതാക്കളെ കണ്ടെത്താനുള്ള തിരച്ചിലിലായിരുന്നു പോലീസ്. അതിനിടെയാണ് ഹോട്ടലില്‍ നിന്ന് ഇവരെ പിടികൂടിയത്.

അനധികൃതമായി സ്വത്ത് സമ്പാദിച്ചു എന്ന ആരോപണത്തില്‍ പൂജയുടെ പിതാവ് ദിലീപ് ഖേഡ്കറിനെതിരെയും പോലീസ് അന്വേഷണം നടത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. നേരത്തെ, വീഡിയോ പുറത്തുവന്നതിന് പിന്നാലെ കര്‍ഷകരുടെ പരാതിയില്‍ മനോരമ ഖേഡ്കറിനെതിരെ പോലീസ് കേസെടുത്തിരുന്നു.

നിയമവിരുദ്ധമായി ബീക്കണ്‍ ലൈറ്റ് ഘടിപ്പിച്ച് പൂജ ഓടിച്ച ആഡംബര കാര്‍ പുനെ പോലീസ് പിടികൂടിയതാണ് അന്വേഷണത്തിന്റെ തുടക്കം. സ്വകാര്യ കാറിലെ യാത്ര, അഡീഷണല്‍ കലക്ടറുടെ ചേമ്പര്‍ കയ്യേറിയതും വിവാദമായതോടെ പൂജയെ വാഷിം ജില്ലയിലക്ക് സ്ഥലം മാറ്റിയിരുന്നു. പിന്നാലെ പൂജക്കെതിരെ തുടര്‍ച്ചയായി നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നുവന്നു. കാഴ്ചപരിമിതിയുണ്ടെന്ന് അവകാശപ്പെട്ടാണ് പൂജ യുപിഎസ്സി പരീക്ഷയെഴുതിയത്. ഐഎഎസ് സെലക്ഷന് ശേഷം പൂജയെ മെഡിക്കല്‍ പരിശോധനയ്ക്കായി വിളിച്ചെങ്കിലും പല കാരണങ്ങള്‍ പറഞ്ഞ് ഹാജരായില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.