- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മല്ലു ഹിന്ദു വാട്സ്ആപ്പ് ഗ്രൂപ്പ് വിവാദം: സസ്‌പെന്‍ഷനിലായ കെ ഗോപാലകൃഷ്ണന്‍ എതിരെ പൊലീസിന്റെ പ്രഥാമിക അന്വേഷണം; പരാതി അന്വേഷിക്കുക നാര്‍ക്കോട്ടിക് സെല്‍ അസി. കമ്മീഷണര്‍; അന്വേഷണം കൊല്ലം ഡിസിസിയുടെ പരാതിയില്‍
കെ ഗോപാലകൃഷ്ണന്‍ എതിരെ പൊലീസിന്റെ പ്രഥാമിക അന്വേഷണം
തിരുവനന്തപുരം: മല്ലു ഹിന്ദു വാട്സ്ആപ്പ് ഗ്രൂപ്പ് വിവാദത്തില്‍ സസ്‌പെന്‍ഷനിലായ ഐഎഎസ് ഉദ്യോഗസ്ഥന്‍ കെ ഗോപാലകൃഷ്ണനെതിരെ പൊലീസിന്റെ പ്രാഥമിക അന്വേഷണം. നാര്‍ക്കോട്ടിക് സെല്‍ അസി. കമ്മീഷണര്‍ വിവാദം അന്വേഷിക്കും. കൊല്ലം ഡിസിസി ജനറല്‍ സെക്രട്ടറി നല്‍കിയ പരാതിയിലാണ് അന്വേഷണം. ഗോപാലകൃഷ്ണന്റെ പരാതിയില്‍ നേരെത്തെ പ്രാഥമിക അന്വേഷണം നടത്തിയിരുന്നു.
കെ. ഗോപാലകൃഷ്ണനെതിരെ കേസെടുക്കാമെന്ന് കഴിഞ്ഞ ദിവസം നിയമോപദേശം വന്നിരുന്നു. ജില്ലാ ഗവ.പ്ലീഡര്‍, സിറ്റി പൊലീസ് കമ്മീഷണര്‍ക്കാണ് നിയമോപദേശം നല്‍കിയത്. കൊല്ലം ഡി.സി.സി ജനറല്‍ സെക്രട്ടറി നല്‍കിയ പരാതിയിലാണ് നിയമോപദേശം. ഐക്യം തകര്‍ക്കാനും മതസ്പര്‍ധ വളര്‍ത്താനും വാട്സ്ആപ്പ് ഗ്രൂപ്പുകള്‍ ഉണ്ടാക്കിയെന്നതിന് കേസെടുക്കാം എന്നാണ് ഗവ.പ്ലീഡറുടെ നിയമോപദേശം.
ഫോണ്‍ ഹാക്ക് ചെയ്തവരാണു ഗ്രൂപ്പുണ്ടാക്കിയതെന്ന ഗോപാലകൃഷ്ണന്റെ പരാതി വ്യാജമാണെന്നു പൊലീസ് കണ്ടെത്തിയിരുന്നു. ഫൊറന്‍സിക് പരിശോധനയിലും ഇതു സ്ഥിരീകരിച്ചു.
മതപരമായ വിഭാഗീയത ഉണ്ടാക്കാന്‍ ഗ്രൂപ്പ് തുടങ്ങിയതില്‍ കേസെടുക്കാമെന്നാണ് ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ മുഖാന്തരം സിറ്റി പൊലിസ് കമ്മീഷണര്‍ക്ക് നല്‍കിയ നിയമോപദേശത്തില്‍ പറയുന്നത്. എന്നാല്‍ രേഖകള്‍ മുഴുവന്‍ പരിശോധിക്കാതെയുള്ള നിയമോപദേശമാണിതെന്നും വ്യക്തതക്കുറവുണ്ടെന്നുമാണ് പൊലീസ് നിലപാട്. അതിനാല്‍ തന്നെ വീണ്ടും നിയമോപദേശം തേടുമെന്നും പൊലീസ് പറയുന്നു.
ഗ്രൂപ്പ് ഉണ്ടാക്കിയതില്‍ മാത്രമല്ല തെളിവുകള്‍ നശിപ്പച്ചതിനെ സംബന്ധിച്ചും കേസെടുത്ത് അന്വേഷിക്കണമെന്നായിരുന്നു നിയമോപദേശം. ഇതേ പരാതിയില്‍ പൊലീസ് ഡയറക്ടര്‍ ജനറല്‍ ഓഫ് ഫ്രോസിക്യൂഷനോട് വീണ്ടും നിയമോപദേശം തേടാനാണ് സാധ്യത.
മതപരമായ വാട്സ് ആപ് ഗ്രൂപ്പ് ഉണ്ടാക്കിയ കെ. ഗോപാലകൃഷ്ണനെ സസ്പെന്‍ഡ് ചെയ്തിരുന്നെങ്കിലും കേസെടുക്കാന്‍ പൊലീസ് തയ്യാറായിരുന്നില്ല. ഗോപാലകൃഷ്ണന്‍ മത സ്പര്‍ദ്ധ വളര്‍ത്തുന്ന സന്ദേശങ്ങളൊന്നും തന്നെ ഗ്രൂപ്പില്‍ പ്രചരിപ്പിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് കേസെടുക്കാതിരുന്നത്.
തന്റെ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടുവെന്നായിരുന്നു വാര്‍ത്ത പുറത്തു വന്നതിന് പിന്നാലെ ഗോപാലകൃഷ്ണന്റെ പരാതി. ഫോണുകള്‍ ഫോര്‍മാറ്റ് ചെയ്താണ് പൊലീസിന് കൈമാറിയത്.