- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അര്‍ജുനെ കാത്ത് പ്രാര്‍ഥനയുമായി ജന്മനാട്; കണ്ടെത്താന്‍ സൈന്യം ഇന്നിറങ്ങും; തിരച്ചിലിന് കര്‍ണാടക സര്‍ക്കാര്‍ ഐഎസ്ആര്‍ഒയുടെ സഹായം തേടി
കോഴിക്കോട്: കര്‍ണാടക ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനെ കണ്ടെത്താനായി ഒടുവില്‍ സൈന്യം എത്തുന്നു. ഇന്ന് സൈന്യം പ്രദേശത്തെത്തി തിരച്ചല്‍ തുടങ്ങും. കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ ഇക്കാര്യം കേരളത്തില്‍ നിന്നുള്ള എംപിമാരെ അറിയിച്ചിട്ടുണ്ട്. രാഘവന് എം.പിയെ അറിയിച്ചതാണ് ഇക്കാര്യം. രക്ഷാദൗത്യത്തില്‍ സൈന്യത്തെ ഇറക്കണമെന്ന് അര്‍ജുന്റെ വീട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യമുന്നയിച്ച് കുടുംബം പ്രധാനമന്ത്രിക്ക് ഇ മെയില്‍ അയക്കുകയും ചെയ്തിരുന്നു.
അര്‍ജുനെ കണ്ടെത്തുന്നതിനായി ഐഎസ്ആര്‍ഒയുടെ സഹായം തേടിയിട്ടുണ്ട് കര്‍ണാടക സര്‍ക്കാര്‍. ഉപഗ്രഹ ചിത്രങ്ങള്‍ ലഭ്യമാക്കാനാണ് സഹായം തേടിയത് കെ സി വേണുഗോപാല്‍ എം പി അറിയിച്ചു. ഐഎസ്ആര്‍ഒ ചെയര്‍മാനുമായി സംസാരിച്ചു. തിരച്ചിലിന് ഐഎസ്ആര്‍ഒ സഹായിക്കുമെന്ന് ചെയര്മാന് ഉറപ്പ് നല്‍കിയതായും കെ സി വേണുഗോപാല്‍ അറിയിച്ചു.
അതേസമയം അര്‍ജുന്റെ തിരച്ചിലിനായി ബല്ഗാമില് നിന്ന് 40 അംഗ കരസേനാ യൂണിറ്റാണ് എത്തുന്നത്. രാവിലെ 11 മണിയോടെ തിരച്ചില്‍ ആരംഭിക്കുമെന്നാണ് പ്രതീക്ഷ. രക്ഷാ പ്രവര്‍ത്തനത്തിന് സൈന്യത്തിന്റെ സാന്നിധ്യം ഉടന്‍ ഉറപ്പാക്കണമെന്ന് അര്‍ജുന്റെ കുടുംബം ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിരുന്നു. ഇതിനിടെയാണ് രക്ഷാപ്രവര്‍ത്തനത്തിന് സൈന്യത്തെ വിളിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ തയ്യാറായത്.
അര്ജുന് വേണ്ടിയുളള തെരച്ചില്‍ മോശം കാലാവസ്ഥയെ തുടര്‍ന്ന് ഇന്നലെ വൈകിട്ടോടെ നിര്‍ത്തിവെക്കുകയായിരുന്നു. ഇന്ന് രാവിലെ 6.30 ന് പുനഃരാരംഭിക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും കനത്ത മഴയെ തുടര്‍ന്ന് ഇന്ന് രാവിലെയുള്ള രക്ഷാപ്രവര്‍ത്തനം വൈകുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.
മണ്ണിടിഞ്ഞുവീണ റോഡിന്റെ നടുഭാഗത്ത് നിന്ന് വൈകിട്ടോടെ ഒരു സിഗ്നല്‍ ലഭിച്ചിരുന്നു. പാറയും മണ്ണും അല്ലാത്ത വസ്തുവിന്റെ സിഗ്നലാണ് കിട്ടിയിരുന്നത്. സിഗ്നല്‍ ലോറിയുടേതാണെന്ന് ഉറപ്പിക്കാനായിട്ടില്ലെങ്കിലും 70% യന്ത്രഭാഗങ്ങള്‍ തന്നെ ആയിരിക്കാമെന്ന വിലയിരുത്തലിലാണ് പരിശോധന നടത്തുന്ന റഡാര്‍ സംഘം. ഇന്നലെ സിഗ്നല്‍ ലഭിച്ച ഭാഗം മാര്‍ക്ക് ചെയ്ത് കൂടുതല്‍ മണ്ണ് എടുത്ത് പരിശോധന നടത്തുന്നതിനിടെയാണ് മഴ ശക്തമായത്. ഇതോടെ മണ്ണ് വീണ്ടും ഇടിഞ്ഞേക്കുമെന്ന സംശയത്തില്‍ രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ തീരുമാനിക്കുകയായിരുന്നു.
കന്യാകുമാരിപനവേല്‍ ദേശീയപാത 66ല്‍ മംഗളൂരുഗോവ റൂട്ടില്‍ അങ്കോളക്ക് സമീപം ഷിരൂരിലാണ് അര്ജുന് ഓടിച്ച ലോറി വന്‍ മണ്ണിടിച്ചിലില്‍ പെട്ടത്. ചൊവ്വാഴ്ച രാവിലെ 8.30ന് ആയിരുന്നു അപകടം. മലപ്പുറം എടവണ്ണപ്പാറയിലേക്ക് തടിയുമായി വരികയായിരുന്നു. ചൊവ്വാഴ്ച രാവിലെ വരെ വീട്ടുകാരുമായി സംസാരിച്ചിരുന്നു. ഒരുവശത്ത് ചെങ്കുത്തായ മലനിരകളും മറുവശത്തു ഗംഗാവലി നദിയുമുള്ള സ്ഥലത്താണ് അപകടം.
നാവികസേന, എന്‍.ഡി.ആര്.എഫ്, എസ്.ഡി.ആര്.എഫ്, അഗ്നിശമനസേന, പൊലീസ് എന്നിവരെല്ലാം അര്ജുന് വേണ്ടിയുള്ള തിരച്ചിലില്‍ പങ്കാളികളാണ്. ദേശീയപാത 66ല്‍ ഉത്തര കന്നഡ കാര്‍വാറിനടുത്ത് അങ്കോളയിലെ ഷിരൂര്‍ വില്ലേജില്‍ നടന്ന അപകടത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഏഴുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. ഇവിടെയാണ് അര്‍ജുനും ലോറിയും മണ്ണിടിച്ചലില്‍ കുടുങ്ങിയത്.