പത്തനംതിട്ട: പെണ്‍കുട്ടികളെ കമന്റടിച്ചതുമായി ബന്ധപ്പെട്ട് ടൗണില്‍ തമ്മിലടിച്ച എസ്എഫ്ഐക്കാര്‍ പ്രശ്നം പറഞ്ഞു തീര്‍ത്തു. ഇരുകൂട്ടര്‍ക്കും പരാതിയില്ലെന്നും എല്ലാം പറഞ്ഞ് കോംപ്ലിമെന്‍സാക്കിയെന്നും പറഞ്ഞ് പോകാനായിരുന്നു പ്ലാന്‍. പക്ഷേ, പോലീസിന് പരാതിയുണ്ടായിരുന്നു. തങ്ങളെ ആക്രമിച്ചതിന് മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തു.

പോലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും ദേഹോപദ്രവം ഏല്‍പ്പിച്ചതിനും പ്രമാടം മല്ലശ്ശേരി മറുര്‍ കൃഷ്ണ വിലാസം വീട്ടില്‍ ഹരികൃഷ്ണപിള്ള (23), താഴെടത്ത് വീട്ടില്‍ പ്രദീഷ് (23), മല്ലശ്ശേരി മറുര്‍ കീഴേത് വീട്ടില്‍ ആരോമല്‍ (23) എന്നിവരാണ് അറസ്റ്റിലായത്. വ്യാഴാഴ്ച രാത്രി ഏഴേകാലിന് മിനി സിവില്‍ സ്റ്റേഷന ുമുന്നില്‍ കൂട്ടയടി നടക്കുന്നത് അറിഞ്ഞ് എത്തിയ എസ്ഐ ജിനുവിന്റെ നേതൃത്വത്തിലുള്ള പോലീസിനു നേരേ അക്രമികള്‍ തിരിയുകയായിരുന്നു. അടിപിടി കൂടിയവരെ കസ്റ്റഡിയില്‍ എടുക്കാന്‍ ശ്രമിച്ചപ്പോള്‍, ഇവര്‍ പോലീസിനെ ആക്രമിച്ചു. നാലുപേര്‍ ഓടി രക്ഷപ്പെട്ടു. എസ് ഐ ഉള്‍പ്പെടെ നാലു പോലീസുദ്യോഗസ്ഥര്‍ക്ക് പരിക്കു പറ്റി. എസ് ഐ ജിനുവിന്റെ യൂണിഫോം വലിച്ചുകീറുകയും തള്ളി താഴെയിടുകയും കമ്പി കഷ്ണം കൊണ്ട് ഇടതുകൈത്തണ്ടയില്‍ പരുക്കേല്‍പ്പിക്കുകയും ചെയ്തു.

സ്റ്റേഷനിലെത്തിച്ചു കഴിഞ്ഞും അക്രമം തുടര്‍ന്ന പ്രതികള്‍ മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ ദേഹോപദ്രവം ഏല്പിച്ചു. ആഷര്‍ മാത്യു, ശ്രീകാന്ത്, സുമന്‍ സോമരാജ് എന്നീ പോലീസ് ഉദ്യോഗസ്ഥര്‍ക്കാണ് പരിക്കേറ്റത്. അറസ്റ്റിലായ പ്രതികള്‍ മുമ്പ് ദേഹോപദ്രവം ഏല്‍പ്പിക്കല്‍ ഉള്‍പ്പെടെയുള്ള കേസുകളില്‍ ഉള്‍പ്പെട്ടവരാണ്. സംഭവസ്ഥലത്ത് നിന്നും ഓടിപ്പോയവരെ അന്വേഷണത്തില്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. അവര്‍ക്കായുള്ള അന്വേഷണം തുടരുകയാണ്. പ്രതികരളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.