എറണാകുളം: വെങ്ങോല ഗ്രാമപഞ്ചായത്തിൽ അനധികൃതമായി മണ്ണിടിക്കുന്നതായി പരാതി ഉയർന്നിട്ടും നടപടി സ്വീകരിക്കാതെ അധികാരികൾ. സ്റ്റോപ്പ് മെമ്മോ നിലനിൽക്കെയാണ് വലിയ തോതിൽ മണ്ണിടിച്ച് നീക്കം ചെയ്യുന്നത്. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള വസ്തുവിൽ നിന്നാണ് അനധികൃതമായി മണ്ണിടിക്കുന്നതെന്നാണ് ആരോപണം. കുടിവെള്ള ക്ഷാമം രൂക്ഷമായ നിലനിക്കുന്ന പ്രദേശങ്ങളിലാണ് അനധികൃതമായി മണ്ണ് നീക്കുന്ന ചെയ്യുന്നത്. പ്രദേശത്ത് ശക്തമായി വേരുറപ്പിക്കുന്ന മണ്ണ് മാഫിയയെ ഭയന്ന് പരാതി പറയാനും ആരും മുന്നോട്ട് വരുന്നില്ലെന്നാണ് സൂചന. ഹൈവേ നിർമാണത്തിന്റെ ആവശ്യവുമായാണ് മണ്ണ് നീക്കം ചെയ്യുന്നതെന്നാണ് ആരോപണം. പരാതി നൽകിയവരുടെ കടയ്ക്ക് തീയിട്ടത് പ്രദേശത്ത് മണ്ണ് മാഫിയ ശക്തമാകുന്നതിന്റെ ഉദാഹരണം കൂടിയാണെന്നും ആക്ഷേപമുണ്ട്.

അധികാരികളെ സ്വാധീനിച്ചാണ് മണ്ണ് എടുക്കുന്നതിനായുള്ള പെർമിറ്റ് തന്നെ ലഭിച്ചതെന്നാണ് സൂചന. എന്നാൽ പെർമിറ്റ് നല്കിയതിനേക്കാൾ അളവിൽ മണ്ണ് ഇടിക്കുന്നതായാണ് പരാതിക്കാർ പറയുന്നത്. സംഭവത്തിൽ നിരവധി പരാതികൾ നൽകിയെങ്കിലും നാളിതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. പെർമിറ്റ് നല്കിയതിനേക്കാൾ അളവിൽ മണ്ണ് ഇടിക്കുന്നതായി കാണിക്കുന്ന അസിസ്റ്റന്റ് എൻജിനീയറുടെ റിപ്പോർട്ട് വെങ്ങോല പഞ്ചായത്ത് സെക്രട്ടറിക്ക് ലഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് റിപ്പോർട്ട് മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിനും ലഭിച്ചു. റോഡ് നികുതി പോലും അടക്കാത്ത ലോറികളാണ് മണ്ണ് കൊണ്ട് പോകാനായി ഉപയോഗിച്ചിരുന്നത്. പരാതിയെ തുടർന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെത്തി രണ്ട് ടിപ്പർ ലോറികളെ കസ്റ്റഡിയിൽ എടുത്തിരുന്നു.

ഈ വാഹനങ്ങൾ റോഡ് നികുതി പോലും അടക്കാതെയാണ് ഓടിയിരുന്നതെന്ന് പരിശോധയിൽ തെളിഞ്ഞു. കൂടാതെ അളവിൽ കൂടുതൽ മണ്ണ് ലോറികളിൽ കയറ്റിയിരുന്നതായും ഉദ്യോഗസ്ഥർ കണ്ടെത്തി. പെർമിറ്റ് നല്കിയതിനേക്കാൾ അളവിൽ മണ്ണ് ഇടിക്കുന്നതായി മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിന് പരാതി നൽകിയിട്ടും ഒരന്വേഷണവും നടന്നിട്ടില്ലെന്നാണ് പരാതിക്കാർ പറയുന്നത്. അനധികൃതമായി മണ്ണിടിക്കുന്ന പരിസര പ്രദേശങ്ങളിൽ വെള്ള ക്ഷാമം രൂക്ഷമാണ്. ഈ സാഹചര്യം നിലനിൽക്കെയാണ് അനധികൃതമായി മണ്ണിടിക്കുന്നത്. മണ്ണ് മാഫിയയെ പറ്റി പരാതി പറയാൻ പോലും നാട്ടുകാർക്ക് ഭയമാണെന്നും സൂചനയുണ്ട്. പരാതിയുമായി എത്തിയർക്കെതിരെ അക്രമം അഴിച്ചുവിട്ട സംഭവങ്ങളും മുന്പുണ്ടായിട്ടുണ്ടെന്നും ആരോപണമുണ്ട്.

ഈ അവസരം മുതലെടുത്തും അധികാരികളെ കൂട്ട് പിടിച്ചും വലിയ തോതിൽ ഇവിടെ നിന്നും മണ്ണ് ഇടിച്ച് നീക്കം ചെയ്യുന്നുണ്ട്. അളവിൽ കൂടുതൽ മണ്ണ് എടുക്കുന്നതായുള്ള പരാതിയെ തുടർന്ന് പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു. സ്റ്റോപ്പ് മെമ്മോ പുറപ്പെടുവിപ്പിച്ച പിറ്റേ ദിവസം അനധികൃതതമായി മണ്ണ് നീക്കം ചെയ്യുന്നതിനെതിരെ പരാതി നൽകിയവരുടെ വഴിയോരക്കടയിൽ തീപിടിത്തമുണ്ടായതിൽ മണ്ണ് മാഫിയക്ക് പങ്ക് ഉള്ളതായും ആരോണമുണ്ട്. തുടർന്ന് ഇവർ പോലീസിൽ നൽകിയിരുന്നു. എന്നാൽ പോലീസിൽ പരാതി നൽകിയ പിറ്റേ ദിവസം വീണ്ടും കട തീയിട്ടു. ഇതിനു ശേഷമാണ് പോലീസ് കേസെടുക്കാൻ പോലും തയ്യാറായതെന്നാണ് പരാതിക്കാർ പറയുന്നത്. കാലങ്ങളായി കുടിവെള്ള ക്ഷാമം രൂക്ഷമായ വെങ്ങോല പഞ്ചായത്ത് മുൻകാലങ്ങളിൽ വരട്ട് വെങ്ങോല എന്നാണ് അറിയപ്പെട്ടിരുന്നത്. ചുണ്ടമല, തേക്കമല തുടങ്ങി പ്രദേശത്തെ നിരവധി മലകൾ ഇതിനോടകം ഇടിച്ച് നിരത്തിയതായാണ് നാട്ടുകാർ പറയുന്നത്.