- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാസപ്പടിയില്‍ ഹൈക്കോടതി വിധിയില്‍ പ്രതിരോധം തീര്‍ക്കാന്‍ സിപിഎം; എസ്എഫ്‌ഐഒയുടെ അന്വേഷണവും തുടര്‍നടപടികളും സമാന്തരമായി നടക്കുന്നുണ്ടെന്നത് വെല്ലുവിളി; എക്സാലോജിക്കിന് 'സേവന തെളിവുകള്‍' നല്കാന് കഴിയാത്തത് എന്തുകൊണ്ട്? പിണറായിയ്ക്ക് മുന്നില്‍ ഇനിയും കടമ്പകള്‍
കൊച്ചി: മാസപ്പടി കേസില്‍ വിജലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളിയത് മുഖ്യമന്ത്രിക്കും മകള്‍ക്കും സിപിഎമ്മിനും ആശ്വാസമാണെങ്കിലും കേന്ദ്ര ഏജന്‍സികളുടെ തുടര്‍ നടപടികള്‍ നിര്‍ണ്ണായകമാകും. ആരോപണങ്ങള്‍ക്കു തെളിവുകളും വസ്തുതകളുടെ പിന്‍ബലവുമില്ലെന്ന ഹൈക്കോടതി സിംഗിള്‍ ബഞ്ചിന്റെ കണ്ടെത്തല്‍ ഹര്‍ജിക്കാരേക്കാള്‍ പ്രതിപക്ഷത്തിനേറ്റ ആഘാതംകൂടിയാണ്. പ്രതിപക്ഷം പറയുന്ന ആരോപണങ്ങളില്‍ കഴമ്പില്ലെന്നു പറയാന്‍ മാസപ്പടി കേസിലെ കോടതിവിധിയാകും ഇടതുപക്ഷം ഇനി മുന്നില്‍ വയ്ക്കുക.
അതേസമയം, കേസില്‍ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (എസ്എഫ്‌ഐഒ) അന്വേഷണം സിപിഎമ്മിന് തലവേദനയാണ്. കേരളത്തിലെ ഹൈക്കോടതിയുടെ നിരീക്ഷണങ്ങള്‍ വച്ച് കേന്ദ്ര ഏജന്‍സി അന്വേഷണത്തെ രാഷ്ട്രീയ പ്രേരിതമെന്ന വാദമുയര്‍ത്താന്‍ സിപിഎമ്മിന് സഹായകമായി മാറും. എസ്എഫ്‌ഐഒയുടെ അന്വേഷണവും തുടര്‍നടപടികളും സമാന്തരമായി നടക്കുന്നുണ്ട്. കൊച്ചിന്‍ മിനറല്‍ ആന്‍ഡ് റൂട്ടൈല്‍സ് ലിമിറ്റഡ് (സിഎംആര്‍എല്‍) എന്ന സ്വകാര്യ കമ്പനി, തങ്ങള്‍ക്കു നല്‍കാത്ത സേവനത്തിനു മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് സൊലൂഷന്‍സ് കമ്പനിക്ക് പ്രതിഫലം നല്‍കിയെന്ന ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തല്‍ ഇനിയും ചര്‍ച്ചകളില്‍ തുടരുമെന്ന് സാരം.
2017-2020 കാലയളവില്‍ വിവിധ ഘട്ടങ്ങളിലായി സിഎംആര്‍എല്‍ 1.72 കോടി രൂപ എക്‌സാലോജിക്കിനു നല്‍കിയെന്നതിനു തെളിവുകള്‍ അന്വേഷണ ഏജന്‍സിക്കു ലഭിച്ചിട്ടുണ്ട്. ഈ പണത്തിനു വീണ നികുതി അടച്ചിട്ടുണ്ടെന്ന കണ്ടെത്തലും കേസിനു ബലം നല്‍കി. രജിസ്ട്രാര്‍ ഓഫ് കമ്പനീസിന്റെ അന്വേഷണ റിപ്പോര്‍ട്ടിനെ ആധാരമാക്കിയാണ് എസ്എഫ്‌ഐഒ കേസില്‍ വിശദാംശങ്ങള്‍ തേടുന്നത്. സിഎംആര്‍എലില്‍ നിന്നു പണം വാങ്ങിയത് ഏതു തരം സേവനത്തിനാണെന്നതിന്റെ തെളിവുകള്‍ എക്സാലോജിക് ഇനിയും അന്വേഷണ ഏജന്‍സികള്‍ക്കു നല്‍കിയിട്ടില്ലെന്നതാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. എസ്എഫ്‌ഐഒ അന്വേഷണത്തെ ചോദ്യം ചെയ്ത് എക്‌സാലോജിക് കര്‍ണാടക ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി തള്ളിയിരുന്നു. ഡല്‍ഹി ഹൈക്കോടതിയിലും കേസ് തുടരുന്നുണ്ട്. കേസ് സിബിഐയ്ക്ക് എസ് എഫ് ഐ ഒ റഫര്‍ ചെയ്യുമെന്ന സൂചനകളുണ്ട്.
എന്നാല്‍ എസ്എഫ്‌ഐഒ അന്വേഷണത്തെ പ്രതിരോധിക്കാന്‍ രാഷ്ട്രീയ നിലപാടിനേക്കാള്‍ നിയമപരമായ വഴികളും സിപിഎമ്മിന് തേടേണ്ടിവരും. എക്സാലോജിക് സിഎംആര്‍എല്‍ മാസപ്പടി ആരോപണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണാ വിജയനുമെതിരേ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയത് നിര്‍ണ്ണായക പരാമര്‍ശങ്ങളുമായാണ്. മാത്യു കുഴല്‍നാടന്‍ എംഎല്‍എയും പൊതുപ്രവര്‍ത്തകനായിരുന്ന പരേതനായ ഗിരീഷ് ബാബുവും സമര്‍പ്പിച്ച റിവ്യു ഹര്‍ജികളാണ് ജസ്റ്റീസ് കെ. ബാബു തള്ളിയത്. പരാതികളില്‍ അഴിമതിയിലേക്ക് വിരല്‍ചൂണ്ടുന്ന വസ്തുതകളില്ലെന്നും മുഖ്യമന്ത്രിക്ക് സാമ്പത്തിക നേട്ടമുണ്ടായെന്നതിനു തെളിവുകളില്ലെന്നുമുള്ള വിജിലന്‍സ് കോടതികളുടെ വിലയിരുത്തല്‍ ശരിവച്ചാണ് സിംഗിള്‍ ബെഞ്ച് ഉത്തവ്. ഇതില്‍ ഡിവിഷന്‍ ബഞ്ചില്‍ ഹര്‍ജി എത്താനും സാധ്യതയുണ്ട്.
ആദായനികുതി വകുപ്പിന്റെ ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡ് തീര്‍പ്പാക്കിയ കേസില്‍ മേല്‍നടപടികള്‍ അനുവദിക്കാനാകില്ലെന്ന സുപ്രീംകോടതി ഉത്തരവുകള്‍ പരിഗണിക്കണമെന്ന പ്രോസിക്യൂഷന്‍ ആവശ്യം ഹൈകോടതി അംഗീകരിക്കുകയായിരുന്നു. രാഷ്ട്രീയ നേതാക്കള്‍ക്കു പണം നല്‍കിയെന്ന ഡയറിക്കുറിപ്പുകളോ ആദായ നികുതി വകുപ്പിന്റെ ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന് മുന്പാകെ നല്‍കിയ മൊഴികളോ അന്വേഷണത്തിന് ഉത്തരവിടാനാകും വിധം തെളിവാകില്ലെന്നാണ് ഹൈക്കോടതിയുടെ കണ്ടെത്തല്‍. ആദായനികുതി വകുപ്പ് ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഹര്‍ജിക്കാര്‍ കോടതിയെ സമീപിച്ചത്. സംശയത്തിന്റെ പിന്‍ബലത്തിലാണ് വാദങ്ങളെന്നും കോടതി പറഞ്ഞു.
വിജിലന്‍സ് അന്വേഷണം തിരുവനന്തപുരം, മൂവാറ്റുപുഴ വിജിലന്‍സ് കോടതികള്‍ തള്ളിയതിനെതിരേയായിരുന്നു റിവ്യൂ ഹര്‍ജികള്‍. ഇതിനിടെ ഹര്‍ജിക്കാരനായ ഗിരീഷ്ബാബു മരണപ്പെട്ടതിനാല്‍ അമിക്കസ് ക്യൂറിയെ വച്ചാണ് ഹൈക്കോടതി വാദം പൂര്‍ത്തിയാക്കിയത്.