ന്യൂഡല്‍ഹി: മൂന്നാം നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലേറി നൂറ് ദിനങ്ങള്‍ പൂര്‍ത്തിയാക്കിയതിന് പിന്നാലെ സമഗ്രമായ റിപ്പോര്‍ട്ട് കാര്‍ഡ് പുറത്തുവിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ തുടര്‍ച്ചയായി മൂന്നാം തവണയും അധികാരത്തിലേറിയ എന്‍ഡിഎ സര്‍ക്കാര്‍ ആദ്യ 100 ദിവസത്തിനുള്ളില്‍ 15 ലക്ഷം കോടിയുടെ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയെന്ന് അമിത് ഷാ പറഞ്ഞു. 50,600 കോടി രൂപ ചെലവില്‍ രാജ്യത്തുടനീളമുള്ള പ്രധാന റോഡുകള്‍ വികസിപ്പിക്കാന്‍ കേന്ദ്രം തീരുമാനിച്ചതായി അമിത് ഷാ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മൂന്ന് ലക്ഷം കോടി രൂപ അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനായി സര്‍ക്കാര്‍ നീക്കിവച്ചിട്ടുണ്ട്. 49,000 കോടി രൂപ ചെലവില്‍ 25,000 ഗ്രാമങ്ങളെ റോഡ് ശൃംഖലയുമായി ബന്ധിപ്പിക്കുന്നതാണ് ഇതിലെ പ്രധാന പദ്ധതി. രാജ്യത്തുടനീളമുള്ള പ്രധാന റോഡുകളുടെ വികസനം, തുറമുഖ നിര്‍മ്മാണം, യുവാക്കള്‍ക്കായി പാക്കേജ്, മെട്രോ, വിമാനത്താവളങ്ങള്‍, എയര്‍-മെട്രോ കണക്റ്റിവിറ്റി, വീടുകളുടെ നിര്‍മ്മാണം, കിസാന്‍ സമ്മാന്‍ യോജന തുടങ്ങി സമഗ്രമായ റിപ്പോര്‍ട്ട് കാര്‍ഡാണ് ബിജെപി പുറത്തിറക്കിയിരിക്കുന്നത്.

കഴിഞ്ഞ 60 വര്‍ഷത്തിനിടെ ആദ്യമായി രാജ്യം രാഷ്ട്രീയ സ്ഥിരതയ്ക്കും നട്ടെല്ലുള്ള വിദേശ നയത്തിനും സാക്ഷ്യം വഹിക്കുകയാണ്. ആദ്യത്തെ 10 വര്‍ഷം രാജ്യത്തെ ജനങ്ങളുടെ ക്ഷേമത്തിനും വികസനത്തിനും സുരക്ഷയ്ക്കും പ്രാധാന്യം നല്‍കിയതിന്റെ ഫലമായാണ് മൂന്നാം തവണയും അധികാരത്തിലേറാന്‍ ബിജെപിയ്ക്കും സഖ്യകക്ഷികള്‍ക്കും സാധിച്ചതെന്ന് അമിത് ഷാ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

76,000 കോടി രൂപ ചെലവില്‍ മഹാരാഷ്ട്രയിലെ വാധ്വാനില്‍ ഒരു മെഗാ തുറമുഖം നിര്‍മിക്കും. ഈ തുറമുഖത്തെ ലോകത്തിലെ തന്നെ ഏറ്റവും മികച്ച 10 തുറമുഖങ്ങളില്‍ ഒന്നായി മാറ്റും. സൈബര്‍ കുറ്റകൃത്യങ്ങള്‍ നേരിടാന്‍ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 5,000 സൈബര്‍ കമാന്‍ഡോകളെ വിന്യസിക്കും, യുവാക്കള്‍ക്കായി പ്രധാനമന്ത്രി പ്രഖ്യാപിച്ച രണ്ട് ലക്ഷം കോടി രൂപയുടെ പാക്കേജിലൂടെ അഞ്ച് വര്‍ഷത്തിനുള്ളില്‍ 4.10 കോടി യുവാക്കള്‍ക്ക് പ്രയോജനം ലഭിക്കുമെന്നും അമിത് ഷാ പറഞ്ഞു.

കാര്‍ഷിക മേഖലയില്‍ പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ യോജനയുടെ 17-ാം ഗഡുവായി 9.5 കോടി കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ 20,000 കോടി രൂപ വിതരണം ചെയ്തതായി അമിത് ഷാ വ്യക്തമാക്കി. ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായി വാരണാസിയിലെ ലാല്‍ ബഹദൂര്‍ ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളം, പശ്ചിമ ബംഗാളിലെ ബാഗ്ഡോഗ്ര വിമാനത്താവളം, ബിഹാറിലെ ബിഹ്ത വിമാനത്താവളം എന്നിവ നവീകരിക്കും. ബെംഗളൂരു മെട്രോ, പൂനെ മെട്രോ, താനെ ഇന്റഗ്രേറ്റഡ് റിംഗ് മെട്രോ എന്നീ പദ്ധതികള്‍ ഏറ്റെടുത്തെന്നും 2024 ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെ 2.5 ലക്ഷം വീടുകളില്‍ സൗരോര്‍ജ്ജ സംവിധാനങ്ങള്‍ സ്ഥാപിക്കാന്‍ സഹായം നല്‍കിയെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

അതേ സമയം മണിപ്പൂര്‍ കലാപത്തെത്തുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തില്‍ അമിത് ഷാ പ്രകോപിതനായാണ് പ്രതികരിച്ചത്. ബീരെന്‍ സിംഗ് മുഖ്യമന്ത്രിയായി തുടരുന്നത് എന്തുകൊണ്ട് എന്നാരാഞ്ഞപ്പോള്‍ നിങ്ങള്‍ക്ക് ചോദിക്കാം എന്നാല്‍ തര്‍ക്കിക്കേണ്ട എന്നായിരുന്നു അമിത് ഷായുടെ മറുപടി. മണിപ്പൂരില്‍ രണ്ടു വിഭാഗവുമായും ചര്‍ച്ചകള്‍ തുടരുകയാണെന്നും അമിത് ഷാ അറിയിച്ചു.

പ്രധാനമന്ത്രി മണിപ്പൂരില്‍ പോകാനുള്ള തീരുമാനം എടുക്കുമോ എന്ന ചോദ്യത്തിന് എന്തെങ്കിലും തീരുമാനിച്ചാല്‍ നിങ്ങളറിയും എന്നായിരുന്നു അമിത് ഷായുടെ പ്രതികരണം. സംസ്ഥാനത്ത് ശാശ്വത സമാധാനത്തിനായി കേന്ദ്ര സര്‍ക്കാര്‍ ഇരുവിഭാഗങ്ങളുമായി ചര്‍ച്ചയിലാണെന്നും അമിത് ഷാ വ്യക്തമാക്കി. വഖഫ് ബില്‍, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് തുടങ്ങിയ സുപ്രധാന വിഷങ്ങളിലും അമിത് ഷാ പ്രതികരിച്ചു.

വഖഫ് ബില്ലില്‍ നിന്ന് പിന്നോട്ടില്ലെന്നും വൈകാതെ ഇത് പാസാക്കുമെന്നും അമിത് ഷാ അറിയിച്ചു. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ഈ സര്‍ക്കാരിന്റെ കാലഘട്ടത്തില്‍ തന്നെ നടപ്പാക്കുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി വ്യക്തമാക്കി.