ഡെലാൻഡ്: ഫ്ലോറിഡയിലെ ഡെലാൻഡ് ടൗണിൽ, ക്ലാസ് മുറിയിലെ കമ്പ്യൂട്ടറിൽ നിന്നും സുഹൃത്തിനെ എങ്ങനെ കൊല്ലാമെന്ന് ചാറ്റ്ജിപിടിയോട് ചോദിച്ച 13-കാരൻ അറസ്റ്റിൽ. സൗത്ത് വെസ്റ്റേൺ മിഡിൽ സ്കൂളിലാണ് സംഭവം. 'ക്ലാസിനിടയിൽ എന്റെ സുഹൃത്തിനെ എങ്ങനെ കൊല്ലാം?' എന്നായിരുന്നു വിദ്യാർത്ഥി ചാറ്റ്ജിപിടിയോട് ചോദിച്ചത്.

ഈ സംഭാഷണം ഉടൻ തന്നെ സ്കൂളിലെ നിരീക്ഷണത്തിനായി സ്ഥാപിച്ചിട്ടുള്ള ഗാഗിൾ എന്ന ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI) സംവിധാനത്തിൻ്റെ ശ്രദ്ധയിൽപ്പെട്ടു. എഐ സംവിധാനം വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സംഘം സ്ഥലത്തെത്തി. ചോദ്യം ചെയ്യലിൽ താൻ തമാശക്കായി ചെയ്തതാണെന്നാണ് കുട്ടി നൽകിയ മൊഴി. താൻ കൂട്ടുകാരനെ ട്രോൾ ചെയ്യുകയായിരുന്നു എന്നായിരുന്നു കുട്ടി പൊലീസിനോട് പറഞ്ഞത്.

എന്നാൽ, അമേരിക്കയിൽ വർധിച്ചുവരുന്ന സ്കൂൾ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഈ വിഷയം പോലീസ് ഗൗരവത്തിലെടുത്തിട്ടുണ്ട്. സ്കൂൾ അധികൃതരും പോലീസും വിദ്യാർത്ഥിയുടെ മൊഴി പൂർണ്ണമായി വിശ്വസിച്ചിട്ടില്ല. തുടർനടപടികൾക്ക് ശേഷം പോലീസ് വിദ്യാർത്ഥിയെ അറസ്റ്റ് ചെയ്ത് ജുവനൈൽ ഹോമിലേക്ക് മാറ്റി. വിലങ്ങണിയിച്ച് പോലീസ് വാഹനത്തിൽ കൊണ്ടുപോകുന്ന കുട്ടിയുടെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.