ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍ തലസ്ഥാനമായ ഇസ്ലാമാബാദിനെ നടുക്കി ഇമാംബര്‍ഗയിലുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ 15 മരണം. ഷെഹ്സാദ് ടൗണ്‍ മേഖലയിലെ തര്‍ലായ് ഇമാംബര്‍ഗയില്‍ വെള്ളിയാഴ്ച ഉച്ചയോടെയാണ് ആക്രമണം നടന്നത്. സ്‌ഫോടനത്തില്‍ 80-ഓളം പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍.

പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് വിശ്വാസികള്‍ ഒത്തുകൂടിയ സമയത്താണ് ഷിയാ ആരാധനാലയമായ ഇമാംബര്‍ഗയുടെ പ്രധാന കവാടത്തില്‍ ചാവേര്‍ പൊട്ടിത്തെറിച്ചത്. ആരാധനാലയത്തിനുള്ളിലെ പ്രധാന ഹാളിലേക്ക് കടക്കാന്‍ ശ്രമിച്ച ചാവേറിനെ കവാടത്തില്‍ വെച്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞതായാണ് വിവരം. ഇത് വലിയൊരു ദുരന്തം ഒഴിവാക്കിയെങ്കിലും കവാടത്തിന് സമീപം വെച്ച് ചാവേര്‍ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു.

സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ ഇമാംബര്‍ഗയുടെ കവാടം തകരുകയും സമീപത്തെ കെട്ടിടങ്ങളുടെ ജനല്‍ചില്ലകള്‍ തകരുകയും ചെയ്തു. മൃതദേഹങ്ങള്‍ ചിതറിത്തെറിച്ച നിലയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

രക്ഷാപ്രവര്‍ത്തനവും അടിയന്തരാവസ്ഥയും

സ്‌ഫോടനത്തെത്തുടര്‍ന്ന് ഇസ്ലാമാബാദ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് നഗരത്തില്‍ ഉടനീളം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.പരിക്കേറ്റവരെ പാക്കിസ്ഥാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (PIMS), പോളിക്ലിനിക്ക് ആശുപത്രി എന്നിവിടങ്ങളിലേക്ക് മാറ്റി. PIMS-ല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. പോലീസും അര്‍ദ്ധസൈനിക വിഭാഗവും പ്രദേശം വളയുകയും തിരച്ചില്‍ ആരംഭിക്കുകയും ചെയ്തു.

തുടര്‍ച്ചയാകുന്ന ഭീകരാക്രമണങ്ങള്‍

ആറ് മാസത്തിനിടെ ഇസ്ലാമാബാദില്‍ നടക്കുന്ന രണ്ടാമത്തെ വലിയ സ്‌ഫോടനമാണിത്. ഇസ്ലാമാബാദ് കോടതി സമുച്ചയത്തിന് സമീപമുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടിരുന്നു.

ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മിയും പാക് സൈന്യവും തമ്മില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ഏറ്റുമുട്ടലില്‍ ഇരുഭാഗത്തും വലിയ നാശനഷ്ടങ്ങള്‍ സംഭവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തലസ്ഥാനത്ത് സ്‌ഫോടനം നടന്നിരിക്കുന്നത്.

'രാജ്യം ഒരു യുദ്ധാവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്,' എന്ന് കഴിഞ്ഞ നവംബറിലെ ആക്രമണത്തിന് ശേഷം പ്രതിരോധ മന്ത്രി ഖവാജ ആസിഫ് പ്രസ്താവിച്ചിരുന്നു. നിലവിലെ സാഹചര്യം പാകിസ്ഥാന്റെ ആഭ്യന്തര സുരക്ഷാ ക്രമീകരണങ്ങളെ വീണ്ടും ചോദ്യചിഹ്നത്തിലാക്കുന്നു.