കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവരാന്‍ വൈകിയതിന് കാരണം മലയാള സിനിമയിലെ 15 അംഗ പവര്‍ ഗ്രൂപ്പാണെന്ന് സംവിധായകന്‍ വിനയന്‍. പുതുമുഖങ്ങള്‍ക്ക് സിനിമയിലേക്ക് വരാന്‍ ആശങ്കയുണ്ട്. മന്ത്രിമാര്‍ വരെ ഈ വിഷയത്തെ ലഘൂകരിക്കുകയാണ്. ഇനിയും ഉറക്കം നടിക്കരുത്.

സിനിമാ മാഫിയയുടെ വലിയ പീഡനങ്ങള്‍ ഏറ്റുവാങ്ങിയവനാണ് താന്‍. പത്തൊമ്പതാം നൂറ്റാണ്ടിന് ശേഷം ഒരു പടം ചെയ്യാന്‍ തന്നെ സമ്മതിച്ചിട്ടില്ല. മുമ്പ് തന്നെ ഒതുക്കാന്‍ ശ്രമിച്ചവര്‍ തന്നെയാണ് ഇന്നും പവര്‍ ഗ്രൂപ്പായി നില്‍ക്കുന്നുവെന്നത് ഖേദരമാണ്. ഈ ഗ്രൂപ്പില്‍ ആരൊക്കെയാണ് ഉള്ളതെന്ന് തനിക്കറിയാം. സര്‍ക്കാര്‍ കോണ്‍ക്ലേവ് നടത്തുമ്പോള്‍ അതിന് മുന്നില്‍ ഈ പവര്‍ ഗ്രൂപ്പാണ് മുമ്പിലെങ്കില്‍ വലിയ പ്രതിഷേധമുണ്ടാകും. മാക്ടയെ തകര്‍ത്തത് ഇവരാണ്. അതില്‍ നിലവിലെ ഒരു സംസ്ഥാന മന്ത്രിയും ഉള്‍പ്പെടുന്നു.

മലയാള സിനിമയില്‍ ഈ റിപ്പോര്‍ട്ട് കൊണ്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ല. അതിക്രമങ്ങള്‍ കാണിക്കുന്നവരുടെ ബലം കുറയുമെന്ന് മാത്രം. മലയാള സിനിമയിലെ സംഘടനകള്‍ ശക്തമായ നിലപാടെടുത്താല്‍ മാറ്റങ്ങള്‍ ഉണ്ടാകുമെന്നും വിനയന്‍ പറഞ്ഞു. സിനിമയിലേക്ക് വരുന്ന പുതിയ തലമുറയെ ആശങ്കപ്പെടുത്തുന്ന റിപ്പോര്‍ട്ടാണ്. 'ഇത് ഇത്രയല്ലേ ഉള്ളൂ, ഇതിനെക്കാള്‍ വലുത് കണ്ടിട്ടുണ്ട്' എന്ന രീതിയില്‍ മന്ത്രിമാര്‍വരെ സംസാരിക്കുന്നത് കണ്ടതായി വിനയന്‍ മാധ്യമങ്ങളോട് പറഞ്ഞു. സിനിമാക്കാരും ഈ രീതിയില്‍ സംസാരിക്കുന്നത് കണ്ടു. ഇനിയും ഉറക്കം നടിക്കരുതെന്നാണ് അവരോട് തനിക്ക് പറയാനുള്ളത്. അത് സിനിമാ മേഖലയെ കൂടുതല്‍ കുഴപ്പത്തിലേക്ക് കൊണ്ടുപോകും. ഹേമ കമ്മിറ്റി നിര്‍ദേശങ്ങള്‍ ശക്തമായി നടപ്പിലാക്കണമെന്നും വിനയന്‍ പറഞ്ഞു.

" സിനിമാരംഗത്ത് മാഫിയ ഗ്രൂപ്പിന്റെ പീഡനം ലൈംഗികമായി മാത്രമല്ല. മറ്റ് തരത്തിലുള്ള പീഡനം ഏറ്റുവാങ്ങിയ ആളാണ് ഞാന്‍. ഈ പോക്ക് മലയാള സിനിമയ്ക്ക് ശരിയല്ലെന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞാന്‍ പറഞ്ഞതാണ്. സിനിമയിലെ താഴേത്തട്ടിലുള്ളവര്‍ക്കായി എന്റെ നേതൃത്വത്തില്‍ യൂണിയനുണ്ടാക്കി. 'മാക്ട' സംഘടന തകര്‍ത്തതിന് മുന്നില്‍നിന്നത് ഒരു നടനാണെന്ന് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ കൃത്യമായി പറഞ്ഞിട്ടുണ്ട്. സംഘടനാ പ്രശ്‌നങ്ങളില്‍ ഇടപെട്ടതിന്റെ ഭാഗമായാണ് ഞാന്‍ 12 വര്‍ഷത്തോളം സിനിമയ്ക്കു പുറത്തു നിന്നത്. ഈ റിപ്പോര്‍ട്ട് ചരിത്ര പ്രാധാന്യമുള്ളതാണ്" വിനയന്‍ പറഞ്ഞു.