പാരീസ്: പാരീസില്‍ പൊക്കിള്‍കൊടി പോലും മുറിച്ച് മാറ്റാതെ ബാല്‍ക്കണയില്‍ നിന്ന് നവജാത ശിശുവിനെ എറിഞ്ഞ് കൊന്ന് 18കാരി. അമേരിക്കയില്‍ നിന്ന് സ്‌കൂള്‍ ട്രിപ്പിന് എത്തിയ സംഘത്തില്‍ ഉണ്ടായിരുന്ന പതിനെട്ടുകാരിയാണ് പാരീസിലെ ഹോട്ടല്‍ മുറിയില്‍ പ്രസവിച്ചത്. ഫ്രഞ്ച് അന്വേഷണ ഉദ്യേഗസ്ഥരുടെ റിപ്പോര്‍ട്ട് പ്രകാരം പാരീസിലെ ഐബിസ് സ്റ്റൈല്‍സ് ഹോട്ടലിന്റെ രണ്ടം നിലയിലായിരുന്നു സംഭവം. പെണ്‍കുട്ടിയെ പോലീസ് അറസ്റ്റ് ചെയ്തു.

താന്‍ ഗര്‍ഭിണിയാണെന്ന് മനസ്സിലാക്കാന്‍ സാധിക്കാത്ത അവസ്ഥയായ പ്രഗ്നന്‍സി ഡിനയല്‍ എന്ന് രോഗം പെണ്‍കുട്ടിക്ക് ഉണ്ടായിരുന്നതായി അന്വേഷണ സംഘം പറയുന്നു. ഹോട്ടല്‍ മുറിയില്‍ അപ്രതീക്ഷിതമായി പ്രസവം നടന്നതായും തുടര്‍ന്ന് കുഞ്ഞിനെ കൊന്നതാണെന്നും പെണ്‍കുട്ടി മൊഴി നല്‍കിയതായി അന്വേഷണ സംഘം പറഞ്ഞു. 20ആം അറോണ്ടിസ്‌മെന്റിലെ തെരുവിലായിരുന്നു കുഞ്ഞിനെ കണ്ടെത്തിയത്. ശിശുവിനെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുഞ്ഞിന്റെ പരുക്കുകള്‍ അതീവ ഗുരുതരമായിരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

പ്രസവത്തിനു പിന്നാലെ തന്റെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് അവിടെ വെച്ചുതന്നെ പൊലീസ് അറസ്റ്റുചെയ്യുകയായിരുന്നു. പ്രതിയായ പെണ്‍കുട്ടി ഇപ്പോള്‍ '15 വയസ്സില്‍ താഴെയുള്ള കുട്ടിയെ കൊന്ന കേസില്‍' കുറ്റാരോപിതയായാണ് ഫ്രഞ്ച് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. രാവിലെ ആറ് മണിയോടെയാണ് സംഭവം നടന്നതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. കുഞ്ഞിനെ കൊലപ്പെടുത്തുന്നതിന് മുന്‍പ് ഒരു സ്ത്രീയുടെ നിലവിളി കേട്ടതായും ചിലര്‍ മൊഴി നല്‍കിയിട്ടുണ്ട്. തുടര്‍ന്ന് സംഭവ സ്ഥലത്ത് പോലീസ് ബാരിക്കേഡ് സ്ഥാപിച്ച് അഞ്ച് മണിക്കൂറിലധികം പരിശോധന നടത്തുകയുണ്ടായി.

അതേസമയം, പാരീസിലെ സംഭവവുമായി ബന്ധപ്പെട്ട് കൃത്യമായ വിശദാംശങ്ങള്‍ ഇപ്പോഴും പുറത്തുവന്നിട്ടില്ല. പ്രതിക്ക് മനോവിഷമം ഉണ്ടോ എന്നതിലും, കുട്ടി ശര്‍ഭിണിയായിരുന്നോ എന്ന കാര്യത്തിലും വ്യക്ത ആവശ്യമാണ്. ഗര്‍ഭകാലത്തെ അവഗണിച്ചതിന്റെ ഫലമാണോ ഈ ക്രൂരത ചെയ്തത് എന്നും അന്വേഷിക്കേണ്ടതുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം ഉണ്ടാകുമെന്നും പോലീസ് വ്യക്തമാക്കി. എന്നാല്‍ ഹോട്ടല്‍ ഉടമസ്ഥരായ അക്കോര്‍ ഗ്രൂപ്പ് ഈ സംഭവത്തില്‍ ഇതുവരെ ഔദ്യോഗിക പ്രതികരണം ഒന്നും നല്‍കിയിട്ടില്ല.

ഇതുപോലൊരു സംഭവം കഴിഞ്ഞ വര്‍ഷവും ജര്‍മ്മനിയില്‍ നടന്നിരുന്നു. പോര്‍ഷെ കമ്പനിയുടെ നിയമ വിഭാഗത്തില്‍ എക്സിക്യൂട്ടീവ് ആയി ജോലി ചെയ്തിരുന്ന 23-കാരിയായ കതറീന ജോവാനോവിച്ച്, കരിയര്‍ നശിക്കുമെന്ന ഭയത്താല്‍ സ്വന്തം കുഞ്ഞിനെ ഫ്‌ലാറ്റിന്റെ ജനലിലൂടെ എറിഞ്ഞ് കൊന്നിരുന്നു. ജര്‍മ്മന്‍ കോടതിയില്‍ മാന്‍സ്ലോട്ടറിന് ശിക്ഷിക്കപ്പെട്ട പ്രതിക്ക് 7.5 വര്‍ഷം തടവുശിക്ഷ ലഭിച്ചിരുന്നു.