കൊച്ചി: മുന്‍ ആണ്‍സുഹൃത്തിന്റെ ക്രൂര മര്‍ദ്ദനമേറ്റ് മരണമടഞ്ഞ 19 കാരിയായ പെണ്‍കുട്ടിയുടെ മരണകാരണമായത് തലയ്‌ക്കേറ്റ പരിക്കുകള്‍. ആറ് ദിവസമായി വെന്റിലേറ്ററില്‍ കഴിഞ്ഞ പെണ്‍കുട്ടിയാണ് ഇന്ന് മരിച്ചത്. കളമശേരി മെഡിക്കല്‍ കോളേജില്‍ നാളെ പോസ്റ്റ്‌മോര്‍ട്ടം നടത്തും. മുന്‍സുഹൃത്ത് തലയോലപ്പറമ്പ് വെട്ടിക്കാട്ടുമുക്ക് കുഴിപ്പുറത്ത് വീട്ടില്‍ അനൂപിനെതിരെ കൊലക്കുറ്റം ചുമത്തും. പോക്‌സോ കേസ് അതിജീവിതയാണ് 19കാരിയായ പെണ്‍കുട്ടി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയാണ് പെണ്‍കുട്ടിയുടെ മരണം സംഭവിച്ചത്.

യുവാവില്‍ നിന്ന് പെണ്‍കുട്ടി നേരിട്ടത് അതിക്രൂരമായ പീഡനങ്ങളാണ്. ലൈംഗിക ഉപദ്രവത്തിന് പിന്നാലെ ചുറ്റികകൊണ്ട് തലക്ക് അടിച്ചെന്നും ശ്വാസം മുട്ടിച്ചെന്നുമായിരുന്നു പ്രതി പൊലീസിന് നല്‍കിയ മൊഴി. പെണ്‍കുട്ടി കഴുത്തില്‍ കുരുക്കിട്ടപ്പോള്‍ 'പോയി ചത്തോ' എന്നും അനൂപ് ആക്രോശിച്ചു. തന്റെ സുഹൃത്തായിരുന്ന പെണ്‍കുട്ടി മറ്റ് സുഹൃത്തുക്കളോട് ഫോണില്‍ സംസാരിക്കുന്നത് പോലും അനൂപിന് ഇഷ്ടമല്ലായിരുന്നു. ശനിയാഴ്ച രാത്രി പെണ്‍കുട്ടിയെ ഫോണില്‍ വിളിച്ചു കിട്ടാതായതോടെയാണ് അനൂപ് പാതിരാത്രി പെണ്‍കുട്ടിയുടെ വീട്ടിലേക്ക് എത്തിയത്. പെണ്‍കുട്ടി വാതില്‍ തുറന്ന ഉടന്‍ ആരോടാണ് സംസാരിക്കുന്നതെന്ന് ചോദിച്ച് മര്‍ദ്ദിച്ചു. മുഖത്തടിച്ചു. പിടിച്ചു തള്ളി തെറിച്ചു വീണ പെണ്‍കുട്ടിയെ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചു. വിസമ്മതിച്ചതോടെ വീണ്ടും അടിച്ചു, കൈയില്‍ കിട്ടിയ ചുറ്റികകൊണ്ട് വീശിയെന്നും അനൂപ് പൊലീസിന് മൊഴി നല്‍കി.

പിന്നീട് പെണ്‍കുട്ടി ഷാളുപയോഗിച്ച് ഫാനില്‍ തൂങ്ങാന്‍ ശ്രമിച്ചിരുന്നു എന്നാണ് അനൂപ് നല്‍കിയ മൊഴി. എന്നാല്‍ തൂങ്ങിയ പെണ്‍കുട്ടി മരണവെപ്രാളത്തില്‍ പിടയുന്നത് കണ്ടപ്പോള്‍ അനൂപ് തന്നെയാണ് ഷാള്‍ മുറിച്ച് താഴെയിട്ടത്. ശബ്ദം പുറത്തുകേള്‍ക്കാതിരിക്കാന്‍ മുഖം അമര്‍ത്തിപിടിച്ചു. അബോധാവസ്ഥയിലായ പെണ്‍കുട്ടി മരിച്ചുവെന്ന് കരുതിയാണ് അനൂപ് അവിടെ നിന്നിറങ്ങിയത്. മണിക്കൂറുകളോളം കാത്തു നിന്നുവെങ്കിലും ബോധം തെളിയാത്തതോടെ യുവതി മരിച്ചെന്ന് കരുതി പ്രതി അനൂപ് രക്ഷപ്പെടുകയായിരുന്നു. പ്രതി യുവതിയെ മര്‍ദ്ദിക്കാന്‍ ഉപയോഗിച്ച ചുറ്റിക തെളിവെടുപ്പിനിടെ കണ്ടെത്തിയതായി ചോറ്റാനിക്കര സിഐ മനോജ് വ്യക്തമാക്കി. ദേഹമാസകലം ഈ ചുറ്റിക ഉപയോഗിച്ച് മര്‍ദ്ദിച്ചിരുന്നു. കഴുത്തില്‍ കുരുക്കിയ ഷാള്‍, പെണ്‍കുട്ടിയുടെ വസ്ത്രം എന്നിവയും കണ്ടെത്തിയിട്ടുണ്ട്.

മകളുടെ ആണ്‍സുഹൃത്തിന്റെ ആക്രമണം ഭയന്നാണ് വീട് മാറിയതെന്ന് അമ്മ നേരത്തെ പറഞ്ഞിരുന്നു. തന്നെ ഉപദ്രവിക്കും എന്ന പേടിയുണ്ടായിരുന്നു. ഒരു മാസമായി ഇവര്‍ മാറി താമസിക്കുകയാണ്. പെണ്‍കുട്ടി നേരത്തെ ആത്മഹത്യക്ക് ശ്രമിച്ചിരുന്നുവെന്ന് അയല്‍വാസികള്‍ പൊലീസിനോട് പറഞ്ഞു.

പ്രതിയായ യുവാവ് നേരത്തെയും ഈ വീട്ടില്‍ എത്തിയിരുന്നു. അന്ന് നാട്ടുകാരുമായി തര്‍ക്കം ഉണ്ടായതായും നാട്ടുകാരില്‍ 20 പേര്‍ ചേര്‍ന്ന് യുവാവിനെതിരെ പോലീസില്‍ പരാതി നല്‍കിയിരുന്നുവെന്നും അയല്‍ക്കാര്‍ പറയുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് പെണ്‍കുട്ടിയെ അര്‍ധനഗ്‌നയായി അവശനിലയില്‍ വീടിനുള്ളില്‍ കണ്ടെത്തിയത്. കഴുത്തില്‍ കയര്‍ മുറുകി പരിക്കേറ്റ നിലയിലായിരുന്നു പെണ്‍കുട്ടി. പെണ്‍കുട്ടിയുടെ കയ്യിലെ മുറിവില്‍ ഉറുമ്പരിച്ചിരുന്നു.