കല്പറ്റ: മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ബന്ധുവീട്ടില്‍ വിരുന്നിന് പോയ പാലക്കാട് സ്വദേശിയായ യുവാവും ഉള്‍പ്പെട്ടതായി സംശയം. ദുരന്തം നടന്ന സമയത്ത് സംഭവ സ്ഥലത്തുണ്ടായിരുന്ന പോത്തുണ്ടി സ്വദേശി സെബാസ്റ്റ്യന്റെ മകന്‍ 26 കാരന്‍ ജസ്റ്റിന്‍ തോമസിനെ ആണ് വെച്ച് കാണാതായത്.

കഴിഞ്ഞ ദിവസം മുണ്ടക്കൈയിലുള്ള ബന്ധുവിന്റെ വീട്ടില്‍ വിരുന്ന് പോയതാണ് ജസ്റ്റിന്‍. കോയമ്പത്തൂരില്‍ മെക്കാനിക്കല്‍ വിദ്യാര്‍ത്ഥിയാണ് ജസ്റ്റിന്‍. ബാംഗ്ലൂരില്‍ നിന്ന് കോയമ്പത്തൂരില്‍ എത്തിയ ബന്ധുവിനൊപ്പമാണ് ജസ്റ്റിന്‍ വയനാട്ടിലേക്ക് പോയത്. തിങ്കളാഴ്ച രാത്രി 12 മണി വരെ അമ്മ ജസ്റ്റിനുമായി സംസാരിച്ചിരുന്നു. ദുരന്ത വിവരമറിഞ്ഞ് ജസ്റ്റിനെ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ കഴിഞ്ഞില്ലെന്ന് വീട്ടുകാര്‍ പറയുന്നു. മുണ്ടക്കൈ എല്‍ പി സ്‌കൂളിന് സമീപത്താണ് ബന്ധുവിന്റെ വീട്. ബന്ധുക്കള്‍ വയനാട്ടിലേക്ക് തിരിച്ചിട്ടുണ്ട്.

അതേസമയം, മുണ്ടക്കൈ മേപ്പാടിയില്‍ രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കി സൈന്യം. ചൂരല്‍മലയില്‍ നിന്നും മേപ്പാടിയിലേക്ക് താല്‍ക്കാലിക പാലം നിര്‍മ്മിച്ചു, രാത്രിയായതോടെ മഴയും മൂടല്‍മഞ്ഞും പ്രദേശത്ത് രക്ഷാപ്രവര്‍ത്തനത്തിന് വലിയ വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. നാളെ അതിരാവിലെ മുതല്‍ തിരുവനന്തപുരത്ത് നിന്നുള്ള രണ്ട് കോളം സൈനിക സംഘം സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടങ്ങും. കര്‍ണാടക-കേരള സബ് ഏരിയ കമാന്റര്‍ മേജര്‍ ജനറല്‍ വി.ടി മാത്യു വയനാട്ടിലേക്ക് നാളെരാവിലെ തിരിക്കും.

ഉന്നത സൈനികോദ്യോഗസ്ഥര്‍ വയനാട്ടിലെ കണ്‍ട്രോള്‍ റൂമിന്റെ ചുമതല നേരിട്ടേറ്റെടുക്കും.നാളെ മദ്രാസ്-മറാത്ത റെജിമെന്റിലെ 140 പേര്‍ ദുരന്തഭൂമിയിലെത്തും. 330 അടി ഉയരമുള്ള താല്‍ക്കാലിക പാലം നാളെ നിര്‍മ്മിക്കും. ബംഗളൂരുവില്‍ നിന്ന് ഇതിന്റെ ഭാഗങ്ങള്‍ പുലര്‍ച്ചെ എത്തിക്കും. ആര്‍മി എഞ്ചിനീയറിംഗ് ഗ്രൂപ്പിലെ 70 വിദഗ്ദ്ധര്‍ ഇതിനായി എത്തും. ഡല്‍ഹിയില്‍ നിന്ന് മൂന്ന് സ്നിഫര്‍ ഡോഗുകളെ എത്തിക്കും. മൃതദേഹങ്ങള്‍ കണ്ടെത്താന്‍ വൈഭവമുള്ളവയാണ് ഇവ.