മണ്ടി ബഹാവുദ്ദീൻ: ഓൺലൈൻ ഗെയിമിംഗ് പ്ലാറ്റ്‌ഫോമായ റോബ്ലോക്‌സിലൂടെ പരിചയപ്പെട്ട പാക്കിസ്ഥാൻ യുവാവിനെ വിവാഹം കഴിക്കാൻ പറന്നെത്തി ജർമ്മൻ ഡോക്ടറായ സെൽമ. 26 വയസ്സുകാരിയായ സെൽമ, പാക്കിസ്ഥാനിലെ മണ്ടി ബഹാവുദ്ദീൻ ജില്ലയിൽ നിന്നുള്ള 22 വയസ്സുകാരനായ മുഹമ്മദ് അക്മലിനെയാണ് വിവാഹം ചെയ്തത്. ഇരു കുടുംബങ്ങളുടെയും പൂർണ്ണ സമ്മതത്തോടെയും പിന്തുണയോടെയുമായിരുന്നു വിവാഹം.

ഓൺലൈൻ കളിക്കിടയിലാണ് ഇരുവരും ആദ്യം പരിചയപ്പെട്ടതെന്നും പിന്നീട് സമൂഹ മാധ്യമങ്ങൾ വഴി സ്ഥിരമായി സന്ദേശങ്ങൾ കൈമാറാറുണ്ടായിരുന്നെന്നും മുഹമ്മദ് അക്മൽ പറഞ്ഞു. ആദ്യമൊക്കെ കാഷ്വൽ ചാറ്റുകളായിരുന്നെങ്കിലും, ഏകദേശം അഞ്ച് മാസത്തെ സംഭാഷണങ്ങളിലൂടെ ഇരുവരും വൈകാരികമായി അടുത്തു. താൻ വളരെ നേരത്തെ തന്നെ സെൽമയോട് വിവാഹാഭ്യർത്ഥന നടത്തിയിരുന്നുവെന്നും, കുറച്ചുകാലത്തിന് ശേഷം അവർ അതിന് സമ്മതിക്കുകയും വിവാഹത്തിനായി പാകിസ്ഥാനിലേക്ക് വരികയായിരുന്നെന്നും അക്മൽ മൈ ന്യൂസ് ടിവിക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

ജർമ്മൻ, ബോസ്നിയൻ ഇരട്ട പൗരത്വമുള്ള സെൽമ ഒരു ഡോക്ടറാണ്. അക്മലിന് ഇംഗ്ലീഷ് നന്നായി സംസാരിക്കാൻ അറിയാത്തതുകൊണ്ട് ആദ്യമൊക്കെ ഒറ്റവാക്കിലുള്ള മറുപടികളായിരുന്നു നൽകിയിരുന്നത്. എന്നിട്ടും ആ സംഭാഷണങ്ങൾ തങ്ങളെ കൂടുതൽ അടുപ്പിച്ചുവെന്ന് സെൽമ കൂട്ടിച്ചേർത്തു.

പാക്കിസ്ഥാനിലെ ഗ്രാമീണ ജീവിതവും വീട്ടിലെ ദൈനംദിന കാര്യങ്ങളും തന്നെ അത്ഭുതപ്പെടുത്തിയെന്ന് സെൽമ പറഞ്ഞു. കൈകൊണ്ട് വസ്ത്രങ്ങളും പാത്രങ്ങളും കഴുകുക, റൊട്ടി ഉണ്ടാക്കുക തുടങ്ങിയ ജോലികൾ തനിക്ക് തീർത്തും പുതിയ അനുഭവമായിരുന്നുവെന്നും അവർ വെളിപ്പെടുത്തി. സെൽമയുടെ യാത്രാ ചെലവുകളും വിവാഹ ചടങ്ങുകളും ഉൾപ്പെടെ ആകെ 4.5 മില്യൺ പാകിസ്ഥാൻ രൂപയാണ് (ഏകദേശം 14 ലക്ഷം ഇന്ത്യൻ രൂപ) വിവാഹത്തിന് ചെലവായത്. അക്മലിനൊപ്പം പാകിസ്ഥാനിൽ സ്ഥിരതാമസമാക്കാനാണ് സെൽമ ആഗ്രഹിക്കുന്നത്.