- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അടിയന്തര ലാന്റിങ്ങിന് അനുമതി തേടി; താഴ്ന്ന് പറന്ന് നിലപതിച്ചിട്ടും അപകടം; തുടര്‍ന്ന് അഗ്നിഗോളമായി മാറി; 67 യാത്രക്കാരുമായി പോയ വിമാനത്തിലെ 38 പേരും മരിച്ചു; 29 പേരെ പരിക്കുകളോടെ രക്ഷപ്പെടുത്തി: അപകടത്തിന്റെ ഞെട്ടലില്‍ കസാഖിസ്ഥാന്‍
അസര്‍ബൈജാന്‍: ലാന്റിങ്ങിനിടെ വിമാനം തകര്‍ന്ന് വീണുണ്ടായ തീപിടിത്തത്തില്‍ മരിച്ചത് 38 പേര്‍. 29 പേരെ പരിക്കുകളോടെ രക്ഷപ്പെടുത്തിയെന്നും റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ ഇന്റര്‍ഫാക് റിപ്പോര്‍ട്ട് ചെയ്തു. അടിയന്തര ലാന്റിങ് നടത്തുന്നതിനിടെയാണ് അപകടം. ലാന്റ് ചെയ്യാന്‍ വിമാനം നിലത്ത് മുട്ടിയെങ്കിലും നിയന്ത്രണം നഷ്ടപ്പെട്ട് വിമാനം തകരുകയും പിന്നീട് തീ പിടിക്കുകയുമായിരുന്നു. 67 യാത്രക്കാരും അഞ്ച് ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. റഷ്യയിലേക്ക് പറക്കുന്നതിനിടെയാണ് അപകടം നടന്നത്. എംബ്രയര്‍ 190 എന്ന വിമാനം അസര്‍ബൈജാനിലെ ബാക്കുവില്‍ നിന്ന് റഷ്യന്‍ നഗരമായ ഗ്രോസ്നിയിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം.
അതേസമയം അപകട കാരണം എന്തെന്ന് കൃത്യമായി കണ്ടെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല. കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്നും, പക്ഷി ഇടച്ചതിനെ തുടര്‍ന്നും വിമാനം അക്തുവിലേക്ക് വഴിതിരിച്ച് വിട്ടതെന്ന് രണ്ട് രീതിയില്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്. അക്തു നഗരത്തില്‍ നിന്ന് 3 കിലോ മീറ്റര്‍ അകലെ അടിയന്തര ലാന്‍ഡിംഗിന് ശ്രമിച്ചതിന് പിന്നാലെയാണ് വിമാനം തകര്‍ന്ന് വീണത്. എന്നാല്‍, മോശം കാലാവസ്ഥയെ തുടര്‍ന്നാണ് വിമാനത്തിന്റെ ഗതി മാറ്റിയതെന്നും അപകടത്തിന്റെ കാരണം വിശദമായി അന്വേഷിക്കേണ്ടതുണ്ടെന്നും അസര്‍ബൈജാന്‍ പ്രസിഡന്റ് ഇല്‍ഹാം അലിയേവ് പറഞ്ഞു.
അഗ്നിഗോളമായി വിമാനം നിലത്തേക്ക് പതിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. താഴ്ന്ന് പറന്ന വിമാനം നിലത്തു തട്ടിയ ശേഷമാണ് തീപിടിച്ചത്. ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചതായി കസാഖ് എമര്‍ജന്‍സി മന്ത്രാലയം അറിയിച്ചു. അഗ്നിശമന സേന സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കിയെന്നും പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയതായും അധികൃതര്‍ അറിയിച്ചു.
അസര്‍ബൈജാനിലെ ബാകു വിമാനത്താവളത്തില്‍ നിന്ന് റഷ്യയിലേക്കുള്ള യാത്രയ്ക്കിടെ വിമാനം അടിയന്തിര ലാന്റിങിന് അനുമതി തേടുകയായിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്. മൂടല്‍ മഞ്ഞ് കാരണം വിമാനം ഇവിടേക്ക് വഴിതിരിച്ചുവിടുകയായിരുന്നു എന്നും പറയപ്പെടുന്നു. വിമാനം ലാന്റ് ചെയ്യുന്നതിന്റെയും കത്തിയമരുന്നതിന്റെയും വിദൂര വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.