ഭോപ്പാല്‍: യുവതിയുടെ പരാതിയില്‍ ബലാത്സംഗക്കുറ്റം ചുമത്തി അറസ്റ്റുചെയ്ത മുന്‍ വാര്‍ഡ് കൗണ്‍സിലറെ നാല് വര്‍ഷങ്ങള്‍ക്ക് ശേഷം കുറ്റവാളിയല്ലെന്ന് കോടതി കണ്ടെത്തിയപ്പോള്‍ സര്‍വതും നഷ്ടപ്പെട്ട അവസ്ഥ. മധ്യപ്രദേശിലെ രാജ്ഘട്ട് ജില്ലയിലാണ് സംഭവം. രാജ് ഘട്ടില്‍ വാര്‍ഡ് മെമ്പറായിരുന്നു 58-കാരനായ ഷഫീഖ് അന്‍സാരി. അദ്ദേഹത്തിനെതിരേ യുവതി ബലാത്സംഗപ്പരാതി നല്‍കുകയായിരുന്നു. ബലാത്സംഗക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തതിന് പിന്നാലെ കുറ്റാരോപിതന്റെ വീട് ഭരണകൂടം ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തിരുന്നു. ഈ നടപടിയോടെ കയറിത്താമസിക്കാന്‍ വീടില്ലാത്ത അവസ്ഥയിലാണ് ഷഫീഖ് അന്‍സരി.

ബുള്‍ഡോസര്‍ രാജ് അരങ്ങുവാഴുന്ന സമയത്തായിരുന്നു. ഷഫീഖിന്റെ വീടും തകര്‍ത്തത്. 2021 മാര്‍ച്ച് 13-നായിരുന്നു അന്‍സാരിയുടെ വീട് ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തത്. 2021 ഫെബ്രുവരി 4ന് മകന്റെ വിവാഹത്തിന് സഹായിക്കാം എന്ന് പറഞ്ഞ് വീട്ടില്‍ വിളിച്ചു വരുത്തി ഷഫീഖ് അന്‍സാരി ബലാത്സംഗം ചെയ്തുവെന്നായിരുന്നു യുവതി നല്‍കിയ പരാതി. 2021 മാര്‍ച്ച് 4നായിരുന്നു പരാതി നല്‍കിയത്. തുടര്‍ന്ന് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. ഇതിനിടെ മാര്‍ച്ച് 13-ന് ബുള്‍ഡോസര്‍ ഉപയോഗിച്ച് അന്‍സാരിയുടെ വീട് ഇടിച്ചു തകര്‍ക്കുകയായിരുന്നു.

ഇപ്പല്‍ കുറ്റവിമുക്തനാക്കപ്പെടുമ്പോള്‍ തനിക്ക് വീടില്ലാത്ത അവസ്ഥയാണെന്ന് അന്‍സാരി പറയുന്നു. കഠിനാധ്വാനത്തിലൂടെ ഉണ്ടാക്കിയെടുത്ത വീടായിരുന്നു അത്. 4000 ചതുരശ്ര അടി ഉണ്ടായിരുന്നു. എന്റെ വീട് ഉണ്ടായിരുന്ന ആ ഇടത്ത് ഇപ്പോള്‍ വെറും തരിശായ നിലം മാത്രമാണ്. ഇപ്പോള്‍ ഞങ്ങള്‍ താമസിക്കുന്നത് സഹോദരന്റെ വീട്ടിലാണ് - അന്‍സാരി പറഞ്ഞു.

അനധികൃത കെട്ടിടമല്ലായിരുന്നു അത്. എല്ലാ രേഖകളും ഞങ്ങളുടെ കൈയില്‍ ഉണ്ടായിരുന്നു. എന്നാല്‍ അനുമതിയില്ലാതെയാണ് കെട്ടിടം പണിതതെന്നായിരുന്നു ആരോപിക്കപ്പെട്ടത്. രേഖകള്‍ കാണിക്കാനുള്ള അവസരം പോലും അവര്‍ നല്‍കിയില്ല, അതിനകം തന്നെ എല്ലാം തകര്‍ത്ത് തരിപ്പണമാക്കി. ഏഴംഗ കുടുംബമാണ് എന്റേത്. എല്ലാവരും ഒരുപാട് അനുഭവിച്ചു. മൂന്ന് മാസത്തോളം ഞാന്‍ ജയിലില്‍ കഴിഞ്ഞു. ബുള്‍ഡോസറുമായി ഭരണകൂട ഉദ്യോഗസ്ഥര്‍ രാവിലെ 7 മണിക്കായിരുന്നു എത്തിയത്. എന്താണ് സംഭവിക്കുന്നതെന്നറിയും മുമ്പേ എന്റെ വീട് തകര്‍ന്നിരുന്നു. ആ സമയത്ത് ഞാന്‍ ഒളിവിലായിരുന്നു, അടുത്ത ദിവസം തന്നെ ഞാന്‍ കീഴടങ്ങി - അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ ഫെബ്രുവരി 14-നായിരുന്നു കേസില്‍ വിധി വന്നത്. രാജ്ഗഢ് ജില്ലയിലെ ഒന്നാം അഡീഷണല്‍ സെഷന്‍സ് ജഡ്ജി ചിത്രേന്ദ്ര സിംഗ് സോളങ്കിയാണ് അന്‍സാരി കുറ്റക്കാരനല്ലെന്ന് വിധിച്ചത്. പരാതിക്കാരിയായ സ്ത്രീയുടേയും ഭര്‍ത്താവിന്റെയും മൊഴികളില്‍ പൊരുത്തക്കേടുണ്ടെന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്. പരാതിക്കാരിയുടെ സാമ്പിളുകളില്‍ മനുഷ്യ ബീജം കണ്ടെത്തിയിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ശാസ്ത്രീയ തെളിവുകള്‍പ്രകാരം ബലാത്സംഗം സ്ഥിരീകരിക്കാന്‍ സാധിച്ചിട്ടില്ലെന്നും ഉത്തരവില്‍ പറയുന്നു. തന്റെ വീട് പൊളിച്ചു മാറ്റിയ നടപടിക്കെതിരേ അന്‍സാരി കോടതിയെ സമീപിക്കാനൊരുങ്ങുകയാണെന്ന്.