തിരുവനന്തപുരം: പാഠപുസ്തകങ്ങള്‍ തയ്യാറാക്കുമ്പോള്‍ തെറ്റുകള്‍ സംഭവിച്ച വാര്‍ത്തകള്‍ പലതവണ പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ സംസ്ഥാന സിലബസില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ മംഗ്ലീഷും പഠിക്കേണ്ട അവസ്ഥ ഉണ്ടെന്നതാണ് മറ്റൊരു കാര്യം. മലയാള കവിത പാഠപുസ്തകത്തില്‍ മംഗ്‌ളീഷിലാക്കി അച്ചടിച്ച സംഭവമാണ് വിചിത്രമായിരിക്കുന്നത്.

നാലാംക്ലാസിലെ എന്‍വിറോണ്‍മെന്റ് സമയന്‍സ് പാഠപുസ്തകത്തിലെ പാഠ്യഭാഗങ്ങളാണ് മംഗ്ലീഷിലായത്. മലയാളം മീഡിയത്തിലെ പരിസര പഠനം പാഠപുസ്തകത്തിന്റെ ഇംഗ്ലീഷ് മീഡിയം പതിപ്പിലാണ് വിദ്യാര്‍ഥികള്‍ മംഗ്ലീഷ് പഠിക്കേണ്ട അവസ്ഥയിലായത്. പുസ്തകത്തില്‍ മഴയെ പറ്റിയുള്ള പാഠഭാഗത്തിലെ ചിന്നി ചിന്നി ചിങ്ങമഴ... മിന്നി മിനുങ്ങും കന്നിമഴ... എന്നു തുടങ്ങിയ കവിതയാണ് ഇംഗ്ലീഷില്‍ അച്ചടിച്ചത്. മലയാളം കവിത ഇംഗ്ലീഷ് മീഡിയം പാഠപുസ്തകത്തില്‍ എത്തിയപ്പോള്‍ മംഗ്ലീഷായി.

അതുപോലെ തന്നെ മാര്‍വെല്‍സ് ഓഫ് സ്‌കൈ എന്ന അധ്യായത്തിലും കടലിനപ്പുറമെങ്ങോ പോയി... എന്ന പദ്യഭാഗവും അച്ചടിച്ചത് മംഗ്ലീഷിലായിരുന്നു. ഈ പാഠഭാഗം ചൂണ്ടി സംസ്ഥാന സര്‍ക്കാറിനെതിരെ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. മലയാള കവിത മംഗ്‌ളീഷില്‍ എഴുതി ഭാഷ പരിപോഷിപ്പിച്ച ഈ സര്‍ക്കാറാണോ ഭാഷാ സംരക്ഷകര്‍ എന്നാണ് ഉയരുന്ന ചോദ്യം.





അതേസമയം അധ്യായന വര്‍ഷത്തിന്റെ തുടക്കത്തില്‍ നാലാം ക്ലാസിലെ പാഠപുസ്തകത്തിന്റെ കൈപ്പുസ്തകവും വിവാദത്തിലായിരുന്നു. പാഠ്യപദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് നാലാം ക്ലാസിലെ പരിഷ്‌കരിച്ച പരിസര പഠനം ടീച്ചര്‍ ടെക്സ്റ്റിന്റെ കരടില്‍ നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ വിവരണത്തില്‍ ചരിത്രപരമായ പിശകുകള്‍ സംഭവിച്ചിരുന്നു.

സുഭാഷ് ചന്ദ്രബോസ് ബ്രട്ടീഷുകാരെ ഭയന്നാണ് രാജ്യം വിട്ടതെന്നായിരുന്നു എസ്.സി.ഇ.ആര്‍.ടി കരട് കൈപ്പുസ്തകത്തിലെ പരാമര്‍ശം. പിഴവ് ശ്രദ്ധയില്‍പ്പെട്ടതോടെ രണ്ടുതവണ തിരുത്തി വീണ്ടും കൈപ്പുസ്തകം പ്രസിദ്ധീകരിക്കുകയായിരുന്നു.