ന്യൂയോര്‍ക്ക്: കോള്‍ഡ്‌പ്ലേയിലെ സംഗീത പരിപാടിയില്‍ സഹപ്രവര്‍ത്തക ക്രിസ്റ്റിന്‍ കാബോട്ടിനൊട് അടുത്തിടപഴകുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്ന സാഹചര്യത്തില്‍ പ്രമുഖ ഐ.ടി സ്ഥാപനമായ അസ്ട്രോണമറുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ആന്‍ഡി ബൈറണിന്റെ പേരില്‍ നടപടിയെടുത്ത് സ്ഥാപനം. അദ്ദേഹത്തെ അവധിയില്‍ അയച്ചതായും സഹസ്ഥാപകനും ചീഫ് പ്രൊഡക്റ്റ് ഓഫീസറുമായ പീറ്റ് ഡിജോയിയെ താല്‍ക്കാലികമായി തല്‍സ്ഥാനത്തേക്ക് നിയമിച്ചതായും കമ്പനി പ്രഖ്യാപിച്ചു.

ബൈറണും കാബോട്ടും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഡയറക്ടര്‍ ബോര്‍ഡ് ഔപചാരിക അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പങ്കുവെക്കുമെന്നും ടെക് കമ്പനി അറിയിച്ചു. കൂടുതല്‍ വിശദാംശങ്ങള്‍ പിന്നീട് അറിയിക്കുമെന്നും അസ്ട്രോണമര്‍ അധികൃതര്‍ വ്യക്തമാക്കി. സ്ഥാപനം ആരംഭിച്ച കാലം മുതല്‍ തങ്ങളെ നയിച്ച മൂല്യങ്ങളോടും സംസ്‌കാരത്തോടും പ്രതിജ്ഞാബദ്ധരാണെന്നും ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആസ്ട്രോണമറിന്റെ ഉന്നത വൃത്തങ്ങള്‍ വ്യക്തമാക്കി.

സ്ഥാപന മേധാവികള്‍ പെരുമാറ്റത്തിലും ഉത്തരവാദിത്തത്തിലും കൂടുതല്‍ ശ്രദ്ധിക്കണമെന്നും അവര്‍ നിര്‍ദ്ദേശിച്ചു. ബൈറണ്‍ ആകട്ടെ ഇക്കാര്യത്തില്‍ ഇനിയും നിലപാട് വ്യക്തമാക്കിയിട്ടില്ല. ബോസ്റ്റണിലെ ഒരു കോള്‍ഡ്‌പ്ലേ സംഗീത പരിപാടിയിലാണ് കാബോട്ടിനെ ബൈറണ്‍ ആലിംഗനം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നത്. ഇരുവരും വിവാഹിതിരാണ്. എന്നാല്‍ കുറേ നാളുകളായി ഇരുവരും പങ്കാളികളുമായി

വേര്‍പെട്ട് ജീവിക്കുകയാണെന്നും പറയപ്പെടുന്നു.

ദൃശ്യങ്ങള്‍ പുറത്തു വന്നതിന് പിന്നാലെ ഇരുവരും തമ്മില്‍ അവിഹിത ബന്ധം ഉണ്ടെന്ന വാര്‍ത്തകളും പുറത്തു വന്ന സാഹചര്യത്തിലാണ് കമ്പനി നടപടി സ്വീകരിച്ചത്. വേദിക്ക് ചുറ്റുമുള്ള കൂറ്റന്‍ സ്‌ക്രീനുകളില്‍ അവര്‍ തങ്ങളെ കണ്ടപ്പോള്‍, ആലിംഗനത്തില്‍ നിന്ന്

പെട്ടെന്ന് ഒഴിഞ്ഞു മാറുകയായിരുന്നു. അതിനിടെയാണ് പരിപാടിയുടെ അവതാരകനായ ക്രിസ് മാര്‍ട്ടിന്‍ ഇവര്‍ തമ്മില്‍ എന്തോ ബന്ധമുണ്ടെന്ന് തോന്നുന്നതായും ഇവര്‍ ശരിക്കും ലജ്ജയുള്ളവരാണ് എന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് അബദ്ധവശാല്‍ അവരെ വിളിച്ചതില്‍ മാര്‍ട്ടിന്‍ ഖേദം പ്രകടിപ്പിച്ചു. എന്നാല്‍ ഈ വീഡിയോ ദശലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്.

സംഭവം ആന്‍ഡി ബൈറന്റെ കുടുംബത്തില്‍ ഇത് വലിയ പ്രതിസന്ധി ഉണ്ടാക്കുമെന്നാണ് കരുതപ്പെടുന്നത്. ഇദ്ദേഹത്തിന്റെ ഭാര്യ വിവാഹ മോചനം ആവശ്യപ്പെട്ടാല്‍ ബൈറണ് ഏതാണ്ട് അറുപത് മില്യണ്‍ പൗണ്ട് അവര്‍ക്ക് നഷ്ടപരിഹാരമായി നല്‍കേണ്ടി വരും. അതിനിടെ ബൈറന്റെ ഭാര്യ മേഗന്‍ കെറിഗന്‍ ഇന്നലെ തന്നെ അവരുടെ പേരിനോടൊപ്പമുള്ള ഭര്‍ത്താവിന്റെ പേര് ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്തു. സോഷ്യല്‍ മീഡിയയില്‍, നിരവധി പേരാണ് അവര്‍ക്ക് പിന്തുണ അറിയിച്ച് കൊണ്ട് എത്തിയത്. എന്തായാലും ആന്‍ഡി ബൈറണിന്‍രെ വിവാഹമോചനത്തിന് ചെലവേറുമെന്നാണ സോഷ്യല്‍ മീഡിയയില്‍ ചിലര്‍ പറയുന്നത്.

തുടര്‍ന്ന് മേഗന്‍ കെറിഗന്‍ ഫേസ്ബുക്ക് അക്കൗണ്ടും ഇന്‍സ്റ്റാഗ്രാം പേജും ഡിലീറ്റ് ചെയ്തു. ക്രിസ്റ്റീന്‍ കാബോട്ടിന്റെ കുടുംബത്തിലും ഇത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും എന്നാണ് കരുതപ്പെടുന്നത്. ഇപ്പോള്‍ പലരും കരുതുന്നത് ബൈറനും കാബോട്ടും തമ്മില്‍ രഹസ്യമായി സൗഹൃദം നേരത്തേ മുതല്‍ തന്നെ തുടര്‍ന്നിരുന്നു എന്നാണ്. സമൂഹ മാധ്യമങ്ങളില്‍ പലരും മേഗനോട് എത്രയും വേഗം ബൈറണില്‍ നിന്ന് വിവാഹമോചിതയാകണം എന്നാണ് ആവശ്യപ്പെടുന്നത്.