- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
തമ്മനത്തെ ഭീമന് വാട്ടര്‍ ടാങ്ക് തകര്‍ന്നു; പുറത്തേക്ക് ഒഴുകിയത് 80 ലക്ഷം ലിറ്റര്‍ വെള്ളം; കുത്തൊഴുക്കില്‍ ജല സംഭരണിയുടെ ഭിത്തികൾ വിണ്ടു കീറി; വീടുകളിലും, ഹെല്‍ത്ത് സെന്ററിലും വെള്ളം കയറി; വാഹനങ്ങള്‍ക്കും കേടുപാടുകൾ; അപകടത്തിന് കാരണമായത് അറ്റകുറ്റപ്പണികള്ക്കുണ്ടായ കാലതാമസം
കൊച്ചി: തമ്മനത്തെ വാട്ടര്‍ അതോറിറ്റിയുടെ ഭീമന് വാട്ടര്‍ ടാങ്ക് തകര്‍ന്ന് വീണത് കാലപ്പഴക്കം മൂലമെന്ന് നിഗമനം. 40 വര്‍ഷം മാത്രം പഴക്കം മാത്രമുള്ള കൂറ്റന്‍ ടാങ്കിന്റെ ഭിത്തികളെല്ലാം വിണ്ടു കീറിയ നിലയിലാണ്. കുറഞ്ഞത് 50 വര്‍ഷമെങ്കിലും കേടുപാട് പറ്റാതെ നിലനില്‍ക്കുമെന്നും മികച്ച രീതിയില്‍ അറ്റകുറ്റപ്പണി നടത്തിയിരുന്നെങ്കില്‍ 20 വര്‍ഷം കൂടി ടാങ്ക് നിലനില്‍ക്കുമായിരുന്നെന്നും വിദഗ്ദ്ധര്‍ പറഞ്ഞു.
തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടര മണിയോടെയാണ് തമ്മനം-പൊന്നുരുന്നി റോഡില്‍ സ്ഥിതിചെയ്യുന്ന 1.10 കോടി ലീറ്റര്‍ വെള്ളമുണ്ടായിരുന്ന വാട്ടര്‍ ടാങ്കിന്റെ ഒരു ഭാഗം പൊട്ടിയൊഴുകിയത്. പഴക്കംചെന്ന ഭിത്തി വെള്ളത്തിന്റെ സമ്മര്‍ദ്ദം താങ്ങാനാവാതെ വിണ്ടു കീറുകയായിരുന്നു. വിണ്ടു കീറിയ ഭാഗത്ത് കൂടി 80 ലക്ഷം ലിറ്റര്‍ വെള്ളം പുറത്തേക്ക് പാഞ്ഞൊഴുകി. വെള്ളത്തിന്റെ കുത്തൊഴുക്കില്‍ ജല സംഭരണിയുടെ കൂടുതല്‍ ഭിത്തികള്‍ വിണ്ടു കീറി. വാട്ടര്‍ അഥോറിറ്റിയുടെയും സമീപത്തെയും മതിലുകള്‍ തകര്‍ന്നു. വീടുകളിലേക്ക് വെള്ളം ഇരച്ചു കയറി. വാഹനങ്ങള്‍ക്കും കേട് പാടുകള്‍ സംഭവിച്ചു.
ആളുകള്‍ക്ക് അപകടമൊന്നും സംഭവിച്ചിട്ടില്ല. എല്ലാവരും ഉറങ്ങുന്ന സമയമായിരുന്നു. പതിനഞ്ചോളം വീടുകളില്‍ വെള്ളം കയറി. ഇപ്പോള്‍ അവിടെ നിന്നു ചെളിയൊക്കെ നീക്കിക്കൊണ്ടിരിക്കുകയാണ്. കുറച്ച് ഓട്ടോറിക്ഷകള്‍, ബൈക്കുകള്‍, കാറുകള്‍ തുടങ്ങിയവയ്ക്ക് കേടുപാട് സംഭവിച്ചിട്ടുണ്ട്. ഹെല്‍ത്ത് സെന്ററിന്റെ ഉള്ളിലും വെള്ളം കയറി. ഇവിടെയുണ്ടായിരുന്ന മരുന്നുകളെല്ലാം നഷ്ടപ്പെട്ടു. റോഡുള്ള ഭാഗത്തേക്കായിരുന്നു ടാങ്ക് പൊട്ടിയിരുന്നത് എങ്കില്‍ വലിയ നാശനഷ്ടമുണ്ടാകുമായിരുന്നു. ഇപ്പോള്‍ പൊട്ടിയ ഭാഗത്തുള്ളത് 10-15 വീടുകള്‍ മാത്രമാണ് ഉള്ളത്. അതുകൊണ്ടാണ് അപകടത്തിന്റെ വ്യാപ്തി കുറഞ്ഞത്.
അറ്റകുറ്റപ്പണികള്‍ കൃത്യമായി നടത്താത്തതാണ് അപകടത്തിന്റെ കാരണം എന്നാണ് പ്രഥമിക നിഗമനം. അറ്റകുറ്റപ്പണികള്‍ നടത്താന്‍ പമ്പിങ് നിര്‍ത്തി വയ്ക്കണം. പമ്പിങ് നിര്‍ത്തിയാലുടന്‍ ഉപഭോക്താക്കള്‍ മന്ത്രിയെ ഉള്‍പ്പെടെ വിളിച്ച് പരാതി പറയും. ഈ സാഹചര്യത്തില്‍ അറ്റകുറ്റപ്പണി നടത്താനാകാതെ പമ്പിങ് വീണ്ടും പുനരാരംഭിക്കേണ്ടി വരും. ഇതാണ് അറ്റകുറ്റപ്പണി നടത്താതിരിക്കുന്നതിന്റെ യാഥാര്‍ത്ഥ്യം.
നിലവില്‍ കാഴപ്പഴക്കം ചെന്ന ഈ ജല സംഭരണി പൊളിച്ചുമാറ്റി പുതിയ ടാങ്ക് നിര്‍മ്മിക്കാന്‍ എഡിബിയുമായി ധാരണയിലെത്തിയിരിക്കുയായിരുന്നു. നവംബര്‍ ഒന്നിന് എഡിബി ഏറ്റെടുക്കുമെന്നായിരുന്നു അറിയിച്ചത്. എന്നാല്‍ അത് വൈകി. ഇതിനിടയിലാണ് അപകടം നടന്നത്. അപകടം നടക്കുമ്പോള്‍ രണ്ട് പമ്പ് ഓപ്പറേറ്റര്‍മാരും രണ്ട് സഹായികളുമായിരുന്നു ഉണ്ടായിരുന്നത്. ടാങ്ക് പൊട്ടി എന്ന് അറിഞ്ഞപ്പോള്‍ തന്നെ ടാങ്കിലെ വെള്ളം പരമാവധി പുറത്തേക്കുള്ള പൈപ്പുകള്‍ വഴി പമ്പ് ചെയ്തു.
ഈ സമയം കൊണ്ട് ഒരു ഭാഗത്തെ കമ്പാര്‍ട്ട്മെന്റിലെ വാല്‍വ് അടയ്ക്കാനും കഴിഞ്ഞു. ഇതാണ് കൂടുതല്‍ വെള്ളം പുറത്തേക്ക് പോകാതിരുന്നത്. തൃപ്പൂണിത്തുറ ഭാഗത്തേക്കുള്ള കുടിവെള്ള വിതരണം ഉടന്‍ പുനരാരംഭിക്കാനുള്ള ശ്രമമാണ് വാട്ടര്‍ അഥോറിറ്റി നിലവില്‍ നടത്തുന്നത്. ടാങ്കിലെ ഒരു ഭാഗത്തെ കമ്പാര്‍ട്ട്മെന്റില്‍ വെള്ളം സംഭരിച്ച് ജല വിതരണം പുനരാരംഭിക്കാനാണ് തീരുമാനം.




