കൊല്ലം: 'എല്ലാം അയ്യപ്പന്‍ നോക്കിക്കോളു'മെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍. കൊല്ലം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കി മടങ്ങുമ്പോഴാണ് മാധ്യമങ്ങളോട് പത്മകുമാറിന്റെ പ്രതികരണം. ദൈവതുല്യന്‍ ആരാണെന്ന ചോദ്യത്തിന് 'വേട്ടനായ്ക്കള്‍ അല്ലെ'ന്ന് പത്മകുമാര്‍ പറഞ്ഞു. കടകംപള്ളി സുരേന്ദ്രന്‍ ആണോ ദൈവതുല്യന്‍ എന്ന് മാധ്യമങ്ങള്‍ ആവര്‍ത്തിച്ചു ചോദിച്ചപ്പോള്‍, 'ഏതായാലും ശവംതീനികള്‍ അല്ല' എന്നായിരുന്നു മറുപടി.

കേസില്‍ പത്മകുമാറിന്റെ റിമാന്‍ഡ് കാലാവധി 14 ദിവസം കൂടി നീട്ടിയിട്ടുണ്ട്. ഇതോടെ പത്മകുമാര്‍ ജയിലില്‍ തുടരും. എല്ലാം ചെയ്തിരുന്നത് പത്മകുമാറാണെന്ന് അറസ്റ്റിലായവര്‍ മൊഴി നല്‍കിയ കാര്യം ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു, എല്ലാം അയ്യപ്പന്‍ നോക്കിക്കോളുമെന്ന് പത്മകുമാര്‍ പറഞ്ഞത്. ദൈവതുല്യരായി കണ്ട പലരും അങ്ങനെയല്ല പ്രവര്‍ത്തിച്ചതെന്ന് പത്മകുമാര്‍ നേരത്തെ പറഞ്ഞിരുന്നു.

റിമാന്‍ഡ് കാലാവധി അവസാനിച്ചതിനെത്തുടര്‍ന്നാണ് പത്മകുമാറിനെ കോടതിയില്‍ ഹാജരാക്കിയത്. അതിനിടെ, കേസിലെ പ്രതികളായ ഉണ്ണികൃഷ്ണന്‍ പോറ്റി, പങ്കജ് ഭണ്ഡാരി, ഗോവര്‍ധന്‍ എന്നിവരെ കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ട് എസ്ഐടി കോടതിയില്‍ അപേക്ഷ നല്‍കി.

അതിനിടെ ശബരിമല സ്വര്‍ണക്കൊള്ള യുമായി ബന്ധപ്പെട്ട് എസ്ഐടി സംഘം മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മൊഴിയെടുത്തു. കഴിഞ്ഞ ശനിയാഴ്ചയാണ് കടകംപള്ളി സുരേന്ദ്രനെ നേരിട്ടുകണ്ട് എസ്ഐടി മൊഴി രേഖപ്പെടുത്തിയതെന്നാണ് വിവരം. കടകംപള്ളിക്ക് പുറമേ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്. പ്രശാന്തില്‍നിന്നും എസ്ഐടി മൊഴിയെടുത്തിട്ടുണ്ട്.

സ്വര്‍ണക്കൊള്ളക്കേസില്‍ അറസ്റ്റിലായ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാറിന്റെ മൊഴിയനുസരിച്ചാണ് അന്വേഷണസംഘം കടകംപള്ളിയുടെയും മൊഴി രേഖപ്പെടുത്തിയതെന്നാണ് വിവരങ്ങള്‍. അതേസമയം, തദ്ദേശ തിരഞ്ഞെടുപ്പ് കാരണമാണ് കടകംപള്ളിയുടെ മൊഴിയെടുക്കല്‍ ഇത്രയും വൈകിയതെന്നും ആക്ഷേപമുണ്ട്.

സ്വര്‍ണക്കൊള്ളയിലെ പ്രധാനപ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയെ കടകംപള്ളിക്ക് പരിചയമുണ്ടായിരുന്നതായാണ് പത്മകുമാര്‍ നേരത്തേ നല്‍കിയ മൊഴിയെന്നാണ് സൂചന. ഇരുവരും തമ്മില്‍ സൗഹൃദമുണ്ടായിരുന്നതായും പത്മകുമാര്‍ മൊഴി നല്‍കിയതായും വിവരമുണ്ട്. ഈ മൊഴികളുടെ അടിസ്ഥാനത്തിലാണ് എസ്ഐടി കടകംപള്ളിയെ നേരിട്ടുകണ്ട് മൊഴിയെടുത്തതെന്നും പറയുന്നു.

ശബരിമല സ്വര്‍ണക്കൊള്ളയില്‍ നേരത്തേ പ്രതിപക്ഷം ഉള്‍പ്പെടെ കടകംപള്ളി സുരേന്ദ്രനെതിരേ ആരോപണമുന്നയിച്ചിരുന്നു. സ്വര്‍ണക്കൊള്ളയില്‍ മുന്‍ ദേവസ്വം മന്ത്രിക്കും പങ്കുണ്ടെന്നായിരുന്നു പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം.