- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒറ്റ പാട്ടുപാടാന്‍ ഒരു കോടി; ഒറ്റപ്പടത്തിന്റെ സംഗീതത്തിന് 12 കോടി; മുംബൈയില്‍ 15 കോടിയുടെ വീടും, ആഡംബര കാറുകളുമായി 2000 കോടിയുടെ ആസ്തി; മുന്‍ ഭാര്യക്ക് എത്ര കോടി കൊടുക്കേണ്ടിവരും; റഹ്മാന്റേത് ഇന്ത്യന്‍ സിനിമാലോകത്തെ ഏറ്റവും ചെലവേറിയ വിവാഹമോചനമോ?
റഹ്മാന്റേത് ഇന്ത്യന്‍ സിനിമാലോകത്തെ ഏറ്റവും ചെലവേറിയ വിവാഹമോചനമോ?
ചെന്നൈ: ഇന്ത്യന്‍ സംഗീതലോകത്തെ ഏറ്റവും പ്രശസ്തന്‍ മാത്രമല്ല, ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സമ്പത്തുള്ള മ്യുസീഷന്‍ കൂടിയാണ് എ ആര്‍ റഹ്‌മാന്‍. വ്യക്തിജീവിതത്തിലും, പൊതുജീവിതത്തിലും പൊതുവെ ജെന്റില്‍മാന്‍ എന്ന് അറിയപ്പെടുന്ന എ ആര്‍ റഹ്‌മാന്‍, ഭാര്യ സൈറാ ബാനുവില്‍ നിന്ന് പിരിയുന്നുവെന്ന വാര്‍ത്ത ഞെട്ടലോടെയാണ് ഇന്ത്യന്‍ സിനിമാ ലോകം കേട്ടത്. പറയത്തക്ക ഒരു പ്രശ്നവും ഇവര്‍ തമ്മിലില്ലെന്നും, സ്വന്തമായി ബിസിനസ് ചെയ്ത് സാമ്പത്തികമായി ഇന്‍ഡിപെന്‍ഡന്റ് ആവാനുള്ള സൈറയുടെ നീക്കമാണ് ഇവര്‍ തമ്മിലുള്ള ഭിന്നത രൂക്ഷമാക്കിയത് എന്നാണ് ചില തമിഴക മാധ്യമങ്ങള്‍ പറയുന്നത്. ഇതോടെ രണ്ടായിരം കോടിയോളം ആസ്തിയുള്ള റഹ്‌മാന്‍ ഭാര്യക്ക് എത്ര കോടി കൊടുക്കേണ്ടിവരും എന്നതിനെകുറിച്ചാണ് ചര്‍ച്ചകള്‍ നടക്കുന്നത്.
അനിരുദ്ധ് രവിചന്ദ്രര്‍ കയറി വരുന്നതുവരെ ഇന്ത്യയിലെ ഏറ്റവും പ്രതിഫലം പറ്റുന്ന സംഗീത സംവിധായകനായിരുന്നു, ചെന്നൈ മൊസാര്‍ട്ട്. ഒരു സിനിമക്ക് 10 മുതല്‍ 12 കോടി രൂപ വരെയാണ് എ ആര്‍ റഹ്‌മാന്‍ വാങ്ങിക്കൊണ്ടിരുന്നത്. എന്നാല്‍ വേട്ടയ്യന്‍ സിനിമക്ക് 20 കോടി വാങ്ങിക്കൊണ്ട് അനിരുദ്ധ് ആ റെക്കോഡ് ഭേദിച്ചു. പക്ഷേ പ്രതിവര്‍ഷം 200 കോടിയോളം രൂപ ശമ്പള ഇനത്തില്‍ മാത്രം റഹ്‌മാന്‍ കൈപ്പറ്റുന്നുണ്ട്. ഈ രീതിയിലുള്ള വരുമാനം ഇന്ത്യയിലെ ഒരു മ്യസീഷ്യനുമില്ല. 2000 കോടി രൂപയിലേറെയാണ് എആര്‍ റഹ്‌മാന്റെ ആസ്തി. മറ്റ് സംഗീത സംവിധായകരുടെ പാട്ടുകളില്‍ പാടുന്നതിന് ഒരു കോടി രൂപയാണ് റഹ്‌മാന്‍ ഈടാക്കുന്നത്. ഇത് കൂടാതെ സ്റ്റേജ് ഷോ, പരസ്യം എന്നിവയില്‍ നിന്നെല്ലാം വലിയൊരു തുക തന്നെ റഹ്‌മാന്‍ പ്രതിവര്‍ഷം സ്വന്തമാക്കുന്നുണ്ട്.
മുംബൈയില്‍ ഒരു ആഡംബര വീട്ടിലാണ് എആര്‍ റഹ്‌മാന്‍ താമസിക്കുന്നത്. 2001-ലാണ് എആര്‍ റഹ്‌മാന്‍ ഈ ആഡംബര ഭവനം വാങ്ങിയത്. ഈ റിയല്‍ എസ്റ്റേറ്റ് പ്രോപ്പര്‍ട്ടിയുടെ ഏകദേശ മൂല്യം 15 കോടി രൂപയാണ്. ലോകത്തിലെ ഏറ്റവും മികച്ച ചില ആഡംബര കാറുകളും അദ്ദേഹത്തിന്റെ ഗാരേജിലുണ്ട്. ജാഗ്വാര്‍, മെഴ്‌സിഡസ്, വോള്‍വോ എന്നിവയാണ് അദ്ദേഹത്തിന്റെ കാറുകളിലെ പ്രധാനികള്‍ ഓരോ കാറിനും ഏകദേശം 1 കോടി മുതല്‍ 1.5 കോടി വരെ വില വരും എന്നാണ് കണക്ക്. സൈറയുമായുള്ള ബന്ധം വേര്‍പെടുത്തിയതോടെ ഇന്ത്യന്‍ സിനിമാലോകത്തെ ഏറ്റവും ചെലവേറിയ വിവാഹമോചനങ്ങളിലൊന്നായി ഇത് മാറുമോ എന്നാണ് ചര്‍ച്ച.
എ.ആര്‍. റഹ്‌മാനും ഭാര്യ സൈറയും തമ്മില്‍ വേര്‍പിരിയുന്നതിനെക്കുറിച്ച് സൈറയുടെ അഭിഭാഷക വന്ദന ഷാ ആണ് പ്രസ്താവനയില്‍ അറിയിച്ചത്. വര്‍ഷങ്ങളായുള്ള വിവാഹ ജീവിതത്തിനൊടുവില്‍ എ.ആര്‍. റഹ്‌മാനുമൊത്തുള്ള വിവാഹമോചനം എന്ന ഏറെ പ്രയാസകരമായ തീരുമാനത്തില്‍ സൈറ എത്തിയിരിക്കുകയാണ്. ഇരുവര്‍ക്കുമിടയിലുള്ള വൈകാരിക ബന്ധത്തിലുണ്ടായ പ്രശ്നങ്ങള്‍ക്കൊടുവിലാണ് ഇത്തരത്തില്‍ ഒരു തീരുമാനം ഉണ്ടായിരിക്കുന്നതെന്ന് പ്രസ്താവനയില്‍ അഭിഭാഷക അറിയിച്ചു.
29 വര്‍ഷത്തെ ദാമ്പത്യമാണ് ഇപ്പോള്‍ അവസാനിപ്പിക്കുന്നതായി സൈറ ബാനു വാര്‍ത്താ കുറിപ്പില്‍ അറിയിച്ചത്. ഇരുവരും തമ്മിലുള്ള വൈകാരിക സംഘര്‍ഷങ്ങള്‍ പരിഹരിക്കാന്‍ സാധിക്കുന്നില്ല. പരസ്പര സ്നേഹം നിലനില്‍ക്കുമ്പോഴും അടുക്കാനാകാത്ത വിധം അകന്നു പോയി എന്നാണ് സൈറ വാര്‍ത്താ കുറിപ്പില്‍ പറയുന്നത്. 1995 -ലാണ് എ.ആര്‍. റഹ്‌മാനും ഭാര്യ സൈറയും വിവാഹിതരാകുന്നത്. വിവാഹത്തിന്റെ 30-ാം വാര്‍ഷികം ആഘോഷിക്കാന്‍ പദ്ധതിയിട്ടിരുന്നു എന്നും എന്നാല്‍ അപ്രതീക്ഷിതമായി കാര്യങ്ങള്‍ മാറി മറിഞ്ഞു എന്നുമാണ് റഹ്‌മാന്‍ വിവാഹമോചനം സ്ഥിരീകരിച്ചിട്ടുണ്ട് അഭിപ്രായപ്പെട്ടത്. മൂന്ന് കുട്ടികളാണ് ഇരുവര്‍ക്കുമുള്ളത്.