ഇസ്ലാമബാദ്: കോവിഡ് കാലം കഴിഞ്ഞിട്ടും, ലോക്ഡൗണിന് സമാനമായ സാഹചര്യങ്ങളിലുടെ നീങ്ങുകയാണ്, പാക്കിസ്ഥാന്‍. പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍, ഇന്ധന പ്രതിസന്ധി രൂക്ഷമായതോടെയാണ്, പുണ്യമാസമായ റമദാന്‍ പാക്കിസ്ഥാന് പട്ടിണിക്കാലമായത്. സ്‌കൂളുകള്‍ മാര്‍ച്ച് 16 മുതല്‍ രണ്ട് ആഴ്ചത്തേക്ക് അടച്ചിടും. കോളേജുകളും സര്‍വ്വകലാശാലകളും ഇക്കാലയളവില്‍ ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക് മാറാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ ഓഫീസുകള്‍ ആഴ്ചയില്‍ നാല് ദിവസം മാത്രമേ പ്രവര്‍ത്തിക്കുകയുള്ളൂ. കൂടാതെ, 50 ശതമാനം ജീവനക്കാര്‍ക്ക് 'വര്‍ക്ക് ഫ്രം ഹോം' സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ധന ഉപഭോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ വാഹനങ്ങളുടെ ഇന്ധന ക്വാട്ട 50 ശതമാനമായി കുറച്ചു. ഔദ്യോഗിക വിരുന്നുകള്‍ക്കും ഇഫ്താര്‍ സംഗമങ്ങള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

നിലവിലെ അന്താരാഷ്ട്ര സാഹചര്യങ്ങള്‍ കാരണം ആഗോളതലത്തില്‍ ക്രൂഡ് ഓയില്‍ വില ഉയര്‍ന്നതും ഇന്ധന ലഭ്യത കുറഞ്ഞതുമാണ് ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് പാകിസ്ഥാനെ നയിച്ചത്. അടുത്ത രണ്ട് മാസത്തിനുള്ളില്‍ സര്‍ക്കാര്‍ വകുപ്പുകള്‍ക്കുള്ള എണ്ണ അലവന്‍സുകള്‍ 50 ശതമാനം വെട്ടിക്കുറയ്ക്കാനും ജീവനക്കാരുടെ ശമ്പളം കുറയ്ക്കാനും തീരുമാനിച്ചതായി പാക്ക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് അറിയിച്ചിട്ടുണ്ട്.

പട്ടിണിയുടെ റംസാന്‍

ക്രൂഡ് ഓയില്‍ വില ബാരലിന് 100 ഡോളറിന് മുകളില്‍ എത്തിയതോടെ പാകിസ്ഥാനില്‍ പെട്രോള്‍, ഡീസല്‍ വിലയില്‍ ലിറ്ററിന് ഏകദേശം 55 രൂപയുടെ വര്‍ദ്ധനവാണ് ഉണ്ടായത്. നിലവില്‍പെട്രോള്‍ ലിറ്ററിന് 321.17 പാകിസ്ഥാന്‍ രൂപയും ഡീസല്‍ ലിറ്ററിന് 335.86 പാകിസ്ഥാന്‍ രൂപയും കൊടുക്കണം. പാകിസ്ഥാനിലെ ഇന്ധനവില വര്‍ദ്ധനവിന് പിന്നില്‍ പ്രധാനമായും ആഗോള രാഷ്ട്രീയ സാഹചര്യങ്ങളും സാമ്പത്തിക പ്രതിസന്ധികളുമാണുള്ളത്. ഇറാന്‍, ഇസ്രായേല്‍, അമേരിക്ക എന്നിവര്‍ ഉള്‍പ്പെട്ട പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുതിച്ചുയര്‍ന്നു. ക്രൂഡ് ഓയില്‍ ബാരലിന് 110 ഡോളറിന് മുകളില്‍ എത്തിയത് പാകിസ്ഥാനെ നേരിട്ട് ബാധിച്ചു. ലോകത്തിലെ എണ്ണക്കടത്തിന്റെ പ്രധാന പാതയായ ഹോര്‍മുസ് കടലിടുക്കിലുണ്ടായ തടസ്സങ്ങള്‍ പാകിസ്ഥാനിലേക്കുള്ള എണ്ണ ഇറക്കുമതിയെ പ്രതികൂലമായി ബാധിച്ചു. പാകിസ്ഥാന്‍ തങ്ങളുടെ ആവശ്യത്തിനുള്ള എണ്ണയുടെ 80 ശതമാനത്തിലധികം ഇറക്കുമതിയെയാണ് ആശ്രയിക്കുന്നത്.

പാകിസ്ഥാന്‍ രൂപയുടെ മൂല്യം ഇടിയുന്നതും വിദേശനാണ്യ ശേഖരത്തിലെ കുറവും ഇറക്കുമതി ചിലവ് വര്‍ദ്ധിപ്പിച്ചു. ഐഎംഎഫില്‍നിന്നുള്ള വായ്പ ലഭിക്കുന്നതിനായി സബ്‌സിഡികള്‍ കുറയ്ക്കാനും പെട്രോളിയം ലെവി വര്‍ദ്ധിപ്പിക്കാനുമുള്ള തീരുമാനവും വിലക്കയറ്റത്തിന് കാരണമായി. ഇന്ധനവിലയിലുണ്ടായ 55 രൂപയുടെ വര്‍ദ്ധനവ് പാകിസ്ഥാനില്‍ 'ഇന്‍ഫ്ലേഷന്‍ ബോംബ്'പോലെയാണ് പ്രവര്‍ത്തിക്കുന്നത്. പച്ചക്കറി മുതല്‍ മാംസം വരെയുള്ള എല്ലാ നിത്യോപയോഗ സാധനങ്ങളുടെയും വില കുതിച്ചുയരുകയാണ്.

സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കിനേക്കാള്‍ വളരെ ഉയര്‍ന്ന വിലയ്ക്കാണ് പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും വിപണിയില്‍ വില്‍ക്കുന്നത്. ഉദാഹരണത്തിന്, ഒരു ഡസന്‍ ഏത്തപ്പഴത്തിന് സര്‍ക്കാര്‍ വില 240 രൂപയാണെങ്കിലും വിപണിയില്‍ ഇത് 300 രൂപയ്ക്ക് മുകളിലാണ്. തക്കാളി, ഉള്ളി തുടങ്ങിയവയുടെ വിലയിലും വലിയ വര്‍ധനയുണ്ടായിട്ടുണ്ട്. ചിക്കന്‍ വിലയില്‍ ആഴ്ചകള്‍ക്കുള്ളില്‍ 10.46 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി.

ബീഫ് കിലോക്ക് 1,800 രൂപ വരെയായും, പാല്‍ ലിറ്ററിന് 300 രൂപ വരെയായും ചിലയിടങ്ങളില്‍ ഉയര്‍ന്നിട്ടുണ്ട്. ഗോതമ്പ് പൊടിയുടെ വിലയില്‍ ഏകദേശം 26 ശതമാനം മുതല്‍ 35 ശതമാനം വരെ വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് സാധാരണക്കാരുടെ പ്രധാന ആഹാരമായ റൊട്ടിയുടെ വില വര്‍ദ്ധിക്കാനും കാരണമായി. പാചകവാതകത്തിന്റെ വില കിലോയ്ക്ക് 350 മുതല്‍ 450 രൂപ വരെയായി ഉയര്‍ന്നിട്ടുണ്ട്. വിശുദ്ധ മാസമായ റംസാന്‍ അവസാന ഘട്ടത്തിലും ഈദ് ആഘോഷങ്ങള്‍ക്കായുള്ള ഒരുക്കങ്ങള്‍ക്കിടയിലുമാണ് ഈ പ്രതിസന്ധി ഉണ്ടായത്. ഇത് കുടുംബങ്ങളുടെ ബജറ്റിനെ തകിടം മറിക്കയാണെന്ന് ദ ഡോണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്.

പുഴ്ത്തിവെപ്പും കരിഞ്ചന്തയും

ഇന്ധന ലഭ്യത കുറഞ്ഞതോടെ ചരക്ക് നീക്കം സാവധാനത്തിലാവുകയും വിപണിയില്‍ സാധനങ്ങള്‍ക്ക് ക്ഷാമം അനുഭവപ്പെടുന്നുണ്ട്.നേരത്തെ, പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ അട്ടാരി ചെക്ക്പോസ്റ്റ് അടക്കുകയും, യുദ്ധ ഭീതിയില്‍ പ്രതിരോധ ബജറ്റ് വര്‍ധിപ്പിച്ചതുമെല്ലാം പാക്കിസ്ഥാനില്‍ വിലക്കയറ്റത്തിന് ഇടയാക്കിയിരുന്നു. ആട്ട, പഞ്ചസാര, ചെറുനാരങ്ങ, നെയ്യ്, തേന്‍ എന്നിവയുള്‍പ്പെടെയുള്ള നിത്യോപയോഗ സാധനങ്ങളുടെ വിലയും കുതിച്ചുയരുകയാണ്. ഇന്ത്യയില്‍ ഒരുകാലത്ത് പ്രചാരത്തിലുണ്ടായിരുന്ന പാകിസ്ഥാന്‍ സ്യൂട്ടുകളുടെ വിപണിയെയും ബാധിച്ചിട്ടുണ്ട്. പഹല്‍ഗാം ആക്രമണത്തെത്തുടര്‍ന്ന്, ഈ വസ്ത്രങ്ങള്‍ക്കുള്ള ആവശ്യം വളരെ കുറഞ്ഞരിക്കയാണെന്ന് ഡോണ്‍ പത്രം പറയുന്നു. നിത്യോപയോഗ സാധനങ്ങള്‍, പാല്‍, പെട്രോള്‍ പോലുള്ള നിലവില്‍ സാധാരണക്കാര്‍ക്ക് അപ്രാപ്യമായി കഴിഞ്ഞെന്ന് ആഗോള മാധ്യമങ്ങള്‍ വരെ റിപ്പോര്‍ട്ട് ചെയ്തു കഴിഞ്ഞു.

എല്ലാ വീടുകളിലും ഒരു പ്രധാന ഇനമായ പഞ്ചസാരയ്ക്ക് പാക്കിസ്ഥാനില്‍ നാടകീയമായ വില വര്‍ധനവ് ഉണ്ടായിട്ടുണ്ട്. പാക്കിസ്ഥാനികള്‍ പഞ്ചസാര കിലോഗ്രാമിന് 180 രൂപ വരെ നല്‍കുന്നു. കറാച്ചിയില്‍ വില കിലോഗ്രാമിന് 200 രൂപയിലെത്തിയതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അതേസമയം ക്വറ്റപോലുള്ള ഉള്‍പ്രദേശങ്ങളില്‍ പഞ്ചസാര കിട്ടാനേയില്ല. അവിടെ കരിഞ്ചന്തയില്‍ ഒരു കിലോ പഞ്ചസാരക്ക് 650 രൂപ കൊടുക്കണം. ഒരുകാലത്ത് പഞ്ചസാരയുടെ ലോക തലസ്ഥാനമായിരുന്നു പാക്കിസ്ഥാനെന്ന് ഓര്‍ക്കണം.

ഒരു കിലോ ആട്ടക്ക് 400രൂപയാണ്. ചായപ്പൊടിയില്ലാതെ ജനം ചായകുടി നിര്‍ത്തി. 9 മണിക്കുശേഷം കറന്റില്ല. ഇതാണ് പാക്കിസ്ഥാനിലെ അവസ്ഥ. ഇപ്പോള്‍ ചെറുനാരങ്ങയും വിലകൂടിയ ഒരു വസ്തുവായി മാറിയിരിക്കുന്നു. മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം, 250 ഗ്രാം ചെറുനാരങ്ങ ഇപ്പോള്‍ 234 പാകിസ്ഥാന്‍ രൂപയ്ക്ക് വില്‍ക്കുന്നു. അതേസമയം, തേനിന്റെ വിലയും കുതിച്ചുയര്‍ന്നു. 500 ഗ്രാമിന് 550 മുതല്‍ 770 രൂപ വരെ വില. വിലക്കയറ്റം താഴ്ന്ന വരുമാനക്കാരായ കുടുംബങ്ങളുടെ നട്ടെല്ല് ഒടിച്ചിരിക്കയാണ് എന്നാണ് പാക് പത്രങ്ങള്‍ പറയുന്നത്. പാകിസ്ഥാനിലെ അടുക്കളകളിലെ മറ്റൊരു അവശ്യ ഘടകമായ നെയ്യ് നിലവില്‍ കിലോഗ്രാമിന് 2,895 രൂപയ്ക്ക് വില്‍ക്കുന്നുണ്ടെന്ന് മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു. നെയ്യ് അട്ടാരി ചെക്ക്പോസ്റ്റ് വഴിയാണ് പാക്കിസ്ഥാനിലേക്ക് പോയിക്കൊണ്ടിരുന്നത്. മരുന്നുകളുടെയും വളങ്ങളുടെയും ക്ഷാമം സാമ്പത്തിക ബുദ്ധിമുട്ട് വര്‍ദ്ധിപ്പിക്കുന്നു. ഇതുപോലെ ഒരു റംസാന്‍ മാസത്തിലുടെ തങ്ങള്‍ കടന്നുപോയിട്ടില്ലെന്നാണ് പാക് ജനത പറയുന്നത്.

ഇന്ത്യ പിടിച്ചുനില്‍ക്കുന്നു

എന്നാല്‍, പശ്ചിമേഷ്യന്‍ യുദ്ധസാഹചര്യത്തില്‍ പാകിസ്ഥാന്‍ വലിയ ഇന്ധന പ്രതിസന്ധി നേരിടുമ്പോഴും ഇന്ത്യ പിടിച്ചു നില്‍ക്കയാണ്. ഇതിന് പ്രധാന കാരണം ഇറക്കുമതിയിലെ വൈവിധ്യമാണ്. പാകിസ്ഥാന്‍ തങ്ങളുടെ എണ്ണയുടെ ഭൂരിഭാഗവും പശ്ചിമേഷ്യന്‍ രാജ്യങ്ങളെയും ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള പാതയെയും ആണ് ആശ്രയിക്കുന്നത്. എന്നാല്‍ ഇന്ത്യ റഷ്യയില്‍ നിന്നും മറ്റ് മേഖലകളില്‍ നിന്നും വന്‍തോതില്‍ എണ്ണ ഇറക്കുമതി ചെയ്യുന്നുണ്ട്. ഹോര്‍മുസ് കടലിടുക്ക് ഒഴിവാക്കിയുള്ള ഇതര പാതകള്‍ വഴി എണ്ണ എത്തിക്കാനുള്ള സൗകര്യം ഇന്ത്യക്കുണ്ട്.

അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ ഇന്ത്യക്ക് ഏകദേശം 6 മുതല്‍ 8 ആഴ്ച വരെ നീണ്ടുനില്‍ക്കുന്ന എണ്ണ ശേഖരമുണ്ട്. കൂടാതെ ശുദ്ധീകരിച്ച ഇന്ധനത്തിന്റെ വലിയൊരു കയറ്റുമതി രാജ്യം കൂടിയാണ് ഇന്ത്യ. ആവശ്യമെങ്കില്‍ ഈ കയറ്റുമതി കുറച്ച് ആഭ്യന്തര വിപണിയിലേക്ക് ഇന്ധനം തിരിച്ചുവിടാന്‍ ഇന്ത്യക്ക് സാധിക്കും.പാശ്ചാത്യ ഉപരോധങ്ങള്‍ക്കിടയിലും കുറഞ്ഞ നിരക്കില്‍ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങാന്‍ ഇന്ത്യക്ക് സാധിക്കുന്നുണ്ട്. അടുത്തിടെ യുദ്ധസാഹചര്യത്തില്‍ അമേരിക്ക ഇതിനായി ഇന്ത്യക്ക് പ്രത്യേക ഇളവുകള്‍ അനുവദിച്ചിട്ടുള്ളതായും റിപ്പോര്‍ട്ടുകളുണ്ട്. ഇത് ആഗോള വിപണിയിലെ വിലക്കയറ്റം ഇന്ത്യയിലെ പൗരന്മാരെ നേരിട്ട് ബാധിക്കാതെ കാക്കുന്നു.പാകിസ്ഥാന്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും ഐ.എം.എഫ് നിബന്ധനകളിലുമാണ്. അതിനാല്‍ അന്താരാഷ്ട്ര വിപണിയില്‍ വില കൂടുമ്പോള്‍ അവര്‍ക്ക് ജനങ്ങള്‍ക്ക് സബ്‌സിഡി നല്‍കാന്‍ കഴിയില്ല.

എന്നാല്‍ ഇന്ത്യയിലെ പൊതുമേഖലാ എണ്ണക്കമ്പനികള്‍ക്ക് മുന്‍പത്തെ ലാഭം ഉപയോഗിച്ച് വിലക്കയറ്റത്തിന്റെ ആഘാതം കുറച്ചുനാള്‍ പിടിച്ചുനിര്‍ത്താന്‍ സാധിക്കും. കൃത്യമായ മുന്‍കരുതലുകളും നയതന്ത്ര ഇടപെടലുകളുമാണ് ഇന്ത്യയെ ഈ പ്രതിസന്ധിയില്‍ നിന്ന് സംരക്ഷിക്കുന്നത് എന്നത് വ്യക്തമാണ്. ഇന്ത്യയില്‍ മുസ്ലീങ്ങള്‍ സന്തോഷത്തോടെയും സമാധാനത്തോടെയും റംസാന്‍ ആഘോഷിക്കുമ്പോള്‍ പാക്ക് മുസ്ലീങ്ങള്‍ അന്നത്തിനായി പെടാപ്പാട് പെടുകയാണ്.