ന്യൂഡല്‍ഹി: ഹരിയാനയില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുമാസം മാത്രം അവശേഷിക്കെ, രാഷ്ട്രീയ പാര്‍ട്ടികളെല്ലാം തകൃതിയായ തയ്യാറെടുപ്പിലാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്തെ സഖ്യം കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും തുടരുമോ എന്നതാണ് രാഷ്ട്രീയവൃത്തങ്ങളില്‍ ഉയരുന്ന ചോദ്യം.

ഇരുപാര്‍ട്ടികളും തമ്മില്‍ ചര്‍ച്ച നടന്നിട്ടില്ലെന്നാണ് ഒരാഴ്ച മുമ്പ് മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിങ് ഹൂഡ പറഞ്ഞത്. ദേശീയതലത്തിലായിരുന്നു സഖ്യമെന്നും സംസ്ഥാനത്ത് ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് പോരാട്ടമെന്നും അദ്ദേഹം പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഹരിയാനയില്‍ കോണ്‍ഗ്രസ് 5 സീറ്റില്‍ ജയിച്ചിരുന്നു. 2019 നെ അപേക്ഷിച്ച് വലിയ മുന്നേറ്റം. എന്നാല്‍ എഎപിക്ക് സംസ്ഥാനത്ത് സീറ്റൊന്നും കിട്ടിയില്ല.

ഇന്നലെ നടന്ന കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തില്‍, ഹരിയാനയില്‍ എഎപിയുമായി സഖ്യത്തില്‍ ഏര്‍പ്പെടുന്നതിനെ കുറിച്ച് രാഹുല്‍ ഗാന്ധി സംസ്ഥാന നേതാക്കളുടെ അഭിപ്രായം ആരാഞ്ഞിരുന്നു. 90 അംഗസഭയിലേക്ക് എഎപി സ്ഥാനാര്‍ഥികള്‍ക്കായി 3.-4 സീറ്റുകള്‍ മാറ്റി വയ്ക്കാമെന്നാണ് ഭൂപീന്ദര്‍ ഹൂഡ പറഞ്ഞത്. 30 സ്ഥാനാര്‍ഥികളുടെ പട്ടിക കോണ്‍ഗ്രസ് അന്തിമമാക്കിയിട്ടുണ്ടെന്നും നാളെ പ്രഖ്യാപിക്കുമെന്നും സൂചനയുണ്ട്.

എഎപിയുമായുള്ള സഖ്യത്തെ കുറിച്ച് കോണ്‍ഗ്രസ് ഔദ്യോഗികമായി ഒന്നും പറഞ്ഞില്ലെങ്കിലും തങ്ങളുമായി സഖ്യമുണ്ടാക്കാന്‍ രാഹുല്‍ ഗാന്ധി ആഗ്രഹിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളെ എഎപി സ്വാഗതം ചെയ്തു. ബിജെപിയെ പരാജയപ്പെടുത്തുകയാണ് പ്രാഥമിക ലക്ഷ്യമെന്ന് എഎപി എം.പി സഞ്ജയ് സിങ് പറഞ്ഞു.

'രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയെ സ്വാഗതം ചെയ്യുന്നു. ബിജെപിയെ പരാജയപ്പെടുത്തുക എന്നതാണ് ഞങ്ങളുടെ മുന്‍ഗണന"- സഞ്ജയ് സിങ് പറഞ്ഞു. എന്നാല്‍ സഖ്യം സംബന്ധിച്ച ഔദ്യോഗിക തീരുമാനം എടുക്കുക എഎപി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്രിവാളായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആം ആദ്മി പാര്‍ട്ടിയുടെ ഹരിയാന ചുമതലയുള്ള സന്ദീപ് പഥക്, എഎപി ഹരിയാന പ്രസിഡന്റ് സുശീല്‍ ഗുപ്ത എന്നിവര്‍ നല്‍കുന്ന വിവരങ്ങള്‍ അടിസ്ഥാനമാക്കിയായിരിക്കും സഖ്യം സംബന്ധിച്ച തീരുമാനം ഉണ്ടാകുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹരിയാനയില്‍ ഇന്ത്യ സഖ്യത്തിന്റെ വന്‍വിജയം സാധ്യമായാല്‍, അത് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടാതിരുന്ന ബിജെപിക്ക് മറ്റൊരു തിരിച്ചടിയാകും. ഇന്ത്യ സഖ്യത്തിലെ വല്യേട്ടനായി പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രസ് പാര്‍ലമെന്റിന് അകത്തും പുറത്തും ബിജെപിക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ലക്ഷ്യമിടുന്നു. ഹരിയാനയിലെ ജയത്തിന് വോട്ടുകള്‍ ഭിന്നിച്ചുപോകാതിരിക്കേണ്ടത് അത്യാവശ്യമാണ്. സംസ്ഥാന നേതൃത്വം വഴങ്ങിയാല്‍ സഖ്യം സാധ്യമാകുമെന്ന് അര്‍ഥം.

ഹരിയാനയിലെ 90 സീറ്റിലും എഎപി മത്സരിക്കുമെന്നാണ് നേരത്തെ കെജ്രിവാള്‍ പറഞ്ഞത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍, ഹരിയാന-ഛണ്ഡിഗഡ് 10 സീറ്റില്‍ കോണ്‍ഗ്രസ് -എഎപി സഖ്യം ഉണ്ടായിരുന്നു. കോണ്‍ഗ്രസ് ഹരിയാനയില്‍ അഞ്ചിലും ഛണ്ഡിഗഡ് സീറ്റിലും ജയിച്ചു. എഎപിക്ക് സഖ്യത്തില്‍ നിന്ന് നേട്ടമൊന്നും ഉണ്ടായതുമില്ല ഹരിയാനയിലെ കുരുക്ഷേത്രയില്‍ സ്ഥാനാര്‍ഥിയായിരുന്ന സുശീല്‍ ഗുപ്തയുടെ പരാജയത്തിന് എഎപി നേതാക്കള്‍ കോണ്‍ഗ്രസിനെ പഴിക്കുകയും ചെയ്തു. അതുകൊണ്ട് തന്നെ സഖ്യം യാഥാര്‍ഥ്യമായാലും ഇരുപക്ഷവും വലിയ വിലപേശല്‍ നടത്തുമെന്ന് ഉറപ്പ്.